Get Updates
Get notified of breaking news, exclusive insights, and must-see stories!

വനംമന്ത്രിയുടെ കഴുത്തില്‍ അടുത്ത കുരുക്ക്

തിരുവനന്തപുരം : വിവാദമായ മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ മുഖം നഷ്ടപ്പെട്ട വനംമന്ത്രി ബിനോയ് വിശ്വം അടുത്ത ആരോപണക്കുരുക്കില്‍.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനും സര്‍ക്കാരുമായുളള കേസില്‍ സര്‍ക്കാരിന് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വനം റവന്യൂ വകുപ്പുകള്‍ തയ്യാറാകാതിരുന്നതും സര്‍ക്കാരിനു വേണ്ടി കേസില്‍ ഹാജരായിക്കൊണ്ടിരുന്ന വക്കീലിനെ മാറ്റി പകരം സിപിഐക്കാരനായ അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചതുമാണ് പുതിയ വിവാദം. സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാല്‍ കേസില്‍ സര്‍ക്കാരിന് എതിരായി കോടതിവിധിയുണ്ടായി.

ഹാരിസണ്‍ പ്ലാന്റേഷന്‍സിന് അനുകൂലമായി കോടതിവിധി വരുന്നതിന് വനം റവന്യൂ വകുപ്പുകള്‍ ഒത്തുകളിക്കുകയും സര്‍ക്കാരിന് നഷ്ടം വരുത്തിവെയ്ക്കുകയും ചെയ്തുവെന്ന പുതിയ ആരോപണം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തിയിട്ടുണ്ട്.

കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മെയില്‍ അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് വനം റവന്യൂ മന്ത്രിമാര്‍ക്ക് നേരിട്ട് കത്തെഴുതിയിട്ടും സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. വനം റവന്യൂ വകുപ്പു സെക്രട്ടറിമാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ഒട്ടേറെ തവണ കത്തയച്ചിട്ടും നടപടിയുണ്ടാകാത്തതിനാല്‍ അഡ്വക്കേറ്റ് ജനറല്‍ മന്ത്രിമാര്‍ക്ക് നേരിട്ട് കത്തെഴുതുകയായിരുന്നു.

എന്നിട്ടും മറുപടിയുണ്ടാവാത്തത് ഈ കേസില്‍ മനപ്പൂര്‍വം തോറ്റുകൊടുക്കാന്‍ രാഷ്ട്രീയതീരുമാനമുണ്ടായിരുന്നതിലാണ് എന്ന് സ്പഷ്ടം. ജനയുഗം ഫണ്ടിലേയ്ക്ക് ഹാരിസണ്‍ എത്ര കോടി നല്‍കിയെന്നാണ് ഇനിയറിയേണ്ടത്.

സംസ്ഥാനത്തെ 22 എസ്റ്റേറ്റുകളില്‍ നിന്നും മരം മുറിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹാരിസണ്‍ പ്ലാന്റേഷന്‍സിലെ ഇരുപത്തി അയ്യായിരം ഏക്കര്‍ തോട്ടങ്ങളില്‍ നിന്നും മരം മുറിച്ചു വില്‍ക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലും ഉടമകള്‍ക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞു.

ഈ ഇടക്കാല ഉത്തരവിനെതിരെ ഹാരിസണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് വനം വകുപ്പ് ഒത്തുകളിച്ചത്. കോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഈ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. ആറു തവണയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ കേസ് മാറ്റിവച്ചത്.

സത്യവാങ്മൂലം സമര്‍പ്പിക്കാത്തത് കേസ് മനപ്പൂര്‍വം തോറ്റുകൊടുക്കാനാണെന്ന് ആരോപിച്ച് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയവര്‍ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും ഒരു നടപടിയുമെടുത്തില്ല.

ഇതിനിടെയാണ് ഈ കേസ് വാദിച്ചുകൊണ്ടിരുന്ന അഭിഭാഷകനെ മാറ്റി, പകരം സിപിഐക്കാരനെ കേസ് വാദിക്കാന്‍ നിയോഗിച്ചത്.

റവന്യൂ വനം വകുപ്പുകള്‍ തമ്മിലുളള ആശയ വ്യക്തതയില്ലായ്മ മൂലമാണ് സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്നതെന്ന് വനംമന്ത്രി വാദിക്കുന്നു. ഒരു കാര്യത്തിലും ആശയവ്യക്തതയില്ലാത്ത വനം മന്ത്രിയെ കേരളം എന്തിനു ചുമക്കുന്നു എന്ന് പൊതുജനം ചോദിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

കേസിന്റെ തുടക്കവും ആരോപണത്തിന്റെ കഴമ്പും

ഹാരിസണ്‍ പ്ലാന്റേഷന്‍സിന്റെ കീഴിലുളള മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കരുതെന്നും പാട്ടക്കരാര്‍ ലംഘിച്ചു എന്ന ആരോപണത്തിന്മേല്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഇഞ്ചക്കുണ്ട് സ്വദേശി കെ വി ജോണി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു.

ഈ ഹര്‍ജിയില്‍ തോട്ടമുടമകള്‍ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് 2007 മാര്‍ച്ച് 16ന് വിധി പ്രസ്താവിച്ചു. പാട്ടഭൂമിയില്‍ നിന്നും മരം മുറിച്ച് വില്‍ക്കാന്‍ പാട്ടക്കാര്‍ക്ക് അവകാശമില്ല എന്നായിരുന്നു വിധിയുടെ സാരാംശം.

ഈ ഉത്തരവിനെതിരെ ഹാരിസണ്‍ പ്ലാന്റേഷന്‍സ് ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കി. പ്രസ്തുത അപ്പീലിന്മേല്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ വനം റവന്യൂ സെക്രട്ടറിമാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കി.

അഡ്വക്കേറ്റ് ജനറലിന്റെ കത്തിനോട് സെക്രട്ടറിമാര്‍ പ്രതികരിച്ചില്ല.

തുടര്‍ന്ന് അഡ്വക്കേറ്റ് ജനറല്‍ വനം മന്ത്രി ബിനോയ് വിശ്വത്തിനും റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും നേരിട്ട് കത്തെഴുതി.

എന്നിട്ടും ഫലമുണ്ടായില്ല.

ഇതിനിടെ സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതിനാല്‍ ആറുപ്രാവശ്യം കേസ് മാറ്റിവച്ചു. സര്‍ക്കാരിനെതിരെ മോശമായ പരാമര്‍ശങ്ങള്‍ കോടതി നടത്തുമെന്ന അഡ്വക്കേറ്റ് ജനറലിന്റെ മുന്നറിയിപ്പും മന്ത്രിമാര്‍ അവഗണിച്ചു.

ഇതിനിടെ ആദ്യം പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ കെ വി ജോണി, സത്യവാങ്മൂലം വൈകുന്നത് ഹാരിസണ്‍ പ്ലാന്റേഷനെ സഹായിക്കാനാണെന്ന് കാണിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വനം മന്ത്രി ബിനോയ് വിശ്വത്തിനും പരാതി നല്‍കി. ഫലമുണ്ടായില്ല.

ഹൈക്കോടതിയില്‍ കേസ് വാദിക്കുകയും സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്ത അഡ്വക്കേറ്റ് അനില്‍കുമാറിനെ പിന്‍വലിക്കുകയും സിപിഐക്കാരനായ മറ്റൊരു വക്കീലിനെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.

ഒടുവില്‍ സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കാത്തതിനാല്‍ കേസ് ഹാരിസണിന് അനുകൂലമായി കോടതി വിധി വന്നു.

ഇപ്പോള്‍ വനം മന്ത്രി പറയുന്നു, അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന്. ഒരു മരവും മുറിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് ആണയിടുന്നു. വിവാദമെല്ലാം യുഡിഎഫിന്റെ രാഷ്ട്രീയമാണെന്ന് സ്ഥിരം പല്ലവി പാടുന്നു. അരിയെത്ര എന്ന് വി ഡി സതീശന്‍ നിയമസഭയില്‍ ചോദിച്ചു, സാമ്പാറില്‍ വഴുതണങ്ങ നല്ലതാണെന്ന് മന്ത്രി മറുപടിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+