ഡോക്ടര്‍ ചമഞ്ഞ് സ്‌ത്രീകളെ പരിശോധിച്ച ഇന്‍സ്‌പെക്ടര്‍ പിടിയില്‍
ബത്തേരി(വയാട്): മുത്തങ്ങയ്‌ക്കടുത്ത് തകരപ്പാടിയിലെ ആദിവാസി കോളനിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ ആള്‍ അതിരുവിട്ട രീതിയില്‍ പരിശോധിച്ചെന്ന സ്‌ത്രീകളുടെ പരാതിയില്‍ ഇന്‍സ്‌പെക്ടറെ അറസ്റ്റുചെയ്‌തു.
ആദിവാസി സ്‌ത്രീകളുടെ പരാതി പ്രാഥമികാന്വേഷണത്തില്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതായി എസ്‌പി. കെ വിജയശങ്കര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് അസിസ്‌റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ എം.എസ് സജീവ് കുമാറിനെ ഞായറാഴ്‌ച അറസ്റ്റുചെയ്‌തു.
ആള്‍മാറാട്ടം, വീട്ടില്‍ കയറി കയ്യേറ്റം, സ്‌ത്രീകള്‍ക്ക് മാനഹാനി വരുത്തല്‍ എന്നീ കേസുകളാണ് ഓഫീസര്‍ക്കെതിരെ ചുമത്തുക. പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ എസ് സി-എസ്‌ടി ആക്ട് പ്രകാരവും കേസെടുക്കുമെന്ന് എസ്.പി പറഞ്ഞു.
ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്നുവില്‍പ്പനയും മറ്റു നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് സജീവ് കുമാര്‍ മുത്തങ്ങയിലെത്തിയത്. എന്നാല്‍ പിന്നീടിയാള്‍ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്‌ത്രീകള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തില്‍ പരിശോധനകള്‍ നടത്തുകയായിരുന്നുവെന്ന് എസ്‌പി പറഞ്ഞു.
കോളനിയില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ കയറി പരിശോധന നടത്തിയെന്ന് പറയുന്ന മൂന്നു വീടുകളിലും പോയി തെളിവെടുപ്പു നടത്തിയതായി അന്വേഷണച്ചുമതലയുള്ള എസ്‌എംഎസ് ഡിവൈഎസ്‌പി വി.കെ ജോസ് പറഞ്ഞു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും മുലപ്പാലില്‍ ചേര്‍ത്ത ചില മരുന്നുകള്‍ നല്‍കിയതായുള്ള പരാതിയും അന്വേഷിച്ചു വരുകയാണ്.












Click it and Unblock the Notifications