ഭാര്യാസഹോദരിയെ പണയപ്പെടുത്തി ചൂതാട്ടം
ഭുവനേശ്വര്‍: ഭാര്യാസഹോദരിയെ പണയ വസ്‌തുവാക്കിക്കൊണ്ട് ചൂതാട്ടം. ജാദുപൂരിലുള്ള മരപ്പണിക്കാരനായ ഭാഗിരഥി മൊഹറാനയാണ് ചൂതാട്ടത്തില്‍ തന്നെ തോല്‍പ്പിക്കുന്നവര്‍ക്ക് ഭാര്യയുടെ സഹോദരിയെ നല്‍കാന്‍തയ്യാറായത്.
അവസാനം കളിയില്‍ തോറ്റ മൊഹറാനയ്‌ക്ക് ഭാര്യയുടെ സഹോദരിയെ ജയം നേടിയ ആള്‍ക്ക് നല്‍കേണ്ടിയും വന്നു. സെപ്‌റ്റംബര്‍ 18നായിരുന്നു പന്തയം വെച്ച് ചൂതാട്ടം നടത്തിയത്. പത്തൊന്‍പതിന് തന്നെ മൊഹറാന് കളിയില്‍ ജയിച്ച കൈലാസിന് തന്റെ ഭാര്യാസഹോദരിയായ ബിനോദിനിയെ വിവാഹം ചെയ്‌ത് കൊടുക്കേണ്ടി വന്നു.
ചൂതാട്ടത്തിന്റെ തലതൊട്ടപ്പനെന്നാണ് മൊഹറാന്‍ നാട്ടില്‍ അറിയപ്പെടുന്നത്. തോല്‍ക്കില്ലെന്ന വിശ്വാസത്തോടെയാണത്രേ മൊഹറാന്‍ കളികാണാനെത്തിയ നാട്ടുകാര്‍ക്കുമുന്നില്‍ ഭാര്യാസഹോദരിയെ പന്തയ വസ്‌തുവാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്. കളിയില്‍തോറ്റതോടെ വാക്കുപാലിയ്‌ക്കുകയല്ലാതെ മൊഹറാനയ്‌ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
സ്‌ത്രീധന രഹിതവും മതവേര്‍തിരിവുകളുമില്ലാതെ വിവാഹം നടത്തുന്ന എന്‍ജിഒ ആയ അഫോമിയുടെ സഹായത്തോടെയാണ് മൊഹറാന ഭാര്യാസഹോദരിയുടെ വിവാഹം നടത്തിയത്. ഇരുകൂട്ടരുടെയും കുടുംബാംഗങ്ങളും നാട്ടുകാരും വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്‌തു.
വിവാഹച്ചടങ്ങ് കഴിയുന്നതുവരെ ബിനോദിനി തന്നെ പന്തയവസ്‌തുവാക്കിയ കാര്യമൊന്നും അറിഞ്ഞിരുന്നില്ല. തിരക്കിട്ട് തന്റെ വിവാഹം നടത്തുന്നു എന്നുമാത്രമേ ബിനോദിനി അറിഞ്ഞിരുന്നുള്ളു. എന്നാല്‍ പിന്നീട് കാര്യമറിഞ്ഞപ്പോള്‍ ഒരു പന്തയവസ്‌തുവായിട്ടാണ് തന്നെ കൈലാസിന് നല്‍കുന്നതെന്നറിഞ്ഞാല്‍ താനൊരിക്കലും വിവാഹത്തിന് സമ്മതിയ്‌ക്കില്ലായിരുന്നുവെന്നാണ് ബിനോദിനി പറഞ്ഞത്.
ഈ സംഭവം ഒരിയ്‌ക്കലും അംഗീകരിയ്‌ക്കാന്‍ കഴിയില്ലെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നുമാണ് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ നമിത പാണ്ഡേ പറയുന്നത്.
ഈ സംഭവത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും വ്യക്തമായ പരാതി കിട്ടാതെ അന്വേഷിയ്‌ക്കാന്‍ കഴിയില്ലെന്നുമാണ് ഖണ്ഡഗിരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ പറയുന്നത്.












Click it and Unblock the Notifications