കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊളിറ്റ് ബ്യൂറോയെ പൊളിച്ചടുക്കുന്ന സഖാക്കള്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : പാര്‍ട്ടി നേതൃത്വത്തിന്റെ ശാസനകളെയും നിര്‍ദ്ദേശങ്ങളെയും കാറ്റില്‍ പറത്തി, മുമ്പെങ്ങും കാണാത്ത ആവേശത്തോടും നശീകരണ വാസനയോടും കൂടി സിപിഎം സമ്മേളനങ്ങളില്‍ ഗ്രൂപ്പിസം അരങ്ങു തകര്‍ക്കുന്നു.

തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍, പണമില്ലാത്തവര്‍ക്ക് വായ്പ, എന്നിട്ടും വഴങ്ങാത്തവര്‍ക്ക് ഭീഷണി, പിന്നെ തട്ടിക്കൊണ്ടു പോകല്‍ മുതല്‍ മദ്യം നല്‍കി മയക്കിക്കിടത്തുന്ന പാര്‍ട്ടി മുറകള്‍ വേറെ. സിപിഎമ്മിന്റെ ബ്രാഞ്ചു സമ്മേളനങ്ങള്‍ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് വഴിമാറുമ്പോള്‍ കേള്‍ക്കുന്നത് വിപ്ലവഗന്ധമുളള ഗ്രൂപ്പുകഥകള്‍.

ആളെപ്പിടിക്കാനും നിലനിര്‍ത്താനും സിപിഎമ്മിലെ ഇരുഗ്രൂപ്പും കളത്തിലിറക്കുന്ന കരുക്കള്‍ക്ക് കാലഘട്ടത്തിന്റെ പുതുമയുണ്ടെന്ന് പറയാതെ വയ്യ. കാലത്തിനനുസരിച്ച് എല്ലാം മാറുമെന്ന ആപ്തവാക്യം ഗ്രൂപ്പുകളിയുടെ തന്ത്രങ്ങള്‍ക്കും ബാധകം.

ഭാര്യയ്കോ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സഹകരണസ്ഥാപനങ്ങളില്‍ ജോലി, കേസുണ്ടില്‍ നിന്നും നിരുപാധികം ഒഴിവാകല്‍ അങ്ങനെ എന്തെല്ലാം മോഹനസുന്ദര വാഗ്ദാനങ്ങള്‍. ഗ്രൂപ്പില്‍ നിന്നും മറുകണ്ടം ചാടിക്കാനും കൂടെ നിര്‍ത്താനും അപ്പുറത്തു പോകാതിരിക്കാനുമൊക്കെ തരാതരം പോലെ വാഗ്ദാനങ്ങളുടെ പെരുമഴയുണ്ട്.

തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഏറ്റവും സമര്‍ത്ഥമായി ജാതിക്കാര്‍ഡിറക്കി കളിക്കാന്‍ സിപിഎമ്മിനറിയാം. ഗ്രൂപ്പു പോരിന് എരിവു കൂട്ടാനും ജാതിക്കാര്‍ഡിനെത്തന്നെ ഇരുപക്ഷവും ആശ്രയിക്കുന്നുണ്ട്.

അടുത്ത കാലത്ത് ബ്രാഞ്ച് സമ്മേളന പ്രതിനിധിയെ തട്ടിക്കൊണ്ടു പോയതും നിര്‍ബന്ധിത ഒളിവു ജീവിതം വിധിച്ചതും വാര്‍ത്തയായിരുന്നു. സമ്മേളനം അലമ്പില്ലാതെ നടത്തിയെടുക്കാന്‍ പൊളിറ്റ് ബ്യൂറോ നല്‍കിയ നിര്‍ദ്ദേശങ്ങളൊക്കെ സഖാക്കള്‍ പൊളിച്ചടുക്കി. പലേടത്തും കയ്യാങ്കളിയെ തുടര്‍ന്ന് സമ്മേളനങ്ങള്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നു.

സമ്മേളനങ്ങളില്‍ എതിര്‍വിഭാഗത്തെ വെട്ടി നിരത്താന്‍ സാമുദായിക പ്രമാണിമാരെ കൂട്ടുപിടിക്കുക എന്ന അത്യാധുനിക വിപ്ലവമുറയും അരങ്ങേറുന്നുണ്ട്. ഈഴവര്‍ക്കു മുന്നോക്കമുളള മേഖലകളില്‍ എസ്എന്‍ഡിപി നേതാക്കളെ ഇറക്കിയാണ് ഗ്രൂപ്പു പാനലിനു വേണ്ടി വോട്ടുപിടിക്കുന്നത്. സഭയുമായി പാര്‍ട്ടി അല്‍പം ഉടക്കിലാണെങ്കിലും ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ സമുദായ പ്രമാണിമാരുടെ പിന്തുണ വേണ്ടപ്പെട്ടവര്‍ക്ക് ഉറപ്പുവരുത്താന്‍ രഹസ്യമായ ശ്രമമുണ്ട്.

മലപ്പുറത്ത് സമ്മേളനം നടത്തിയത് മുസ്ലിം വിഭാഗത്തെ ആകര്‍ഷിക്കാനാണെന്നും കോട്ടയത്തെത്തുമ്പോള്‍ ക്രൈസ്തവ വിഭാഗത്തെ ലാക്കാക്കി പ്രവര്‍ത്തിക്കണമെന്നുമാണ് ഔദ്യോഗിക പക്ഷനിലപാട്. സാമുദായിക സംഘടനകളിലെ പുരോഗമന പക്ഷത്തെ പിന്തുണയ്ക്കണമെന്ന പാര്‍ട്ടി കത്തുകളും ഈ വിഭാഗം തങ്ങളുടെ വാദം സാധൂകരിക്കാന്‍ ഉപയോഗിക്കുന്നു.

യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും പാര്‍ശ്വവര്‍ത്തികളെ തിരുകിക്കയറ്റുന്നതിനെതിരെ കൊണ്ടുപിടിച്ച സമരം നടത്തിയവരാണ് സഖാക്കള്‍. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പു വളര്‍ത്തലിന്റെ ഭാഗമായി അരങ്ങേറുന്ന സ്വജനപക്ഷപാതത്തിനെതിരെ ആര്‍ക്കും മിണ്ടാട്ടമില്ല.

കടുത്ത ഗ്രൂപ്പു ചുവപ്പണിഞ്ഞ പുത്തന്‍കൂറ്റുകാര്‍ സ്ഥിരജോലിയും വരുമാനവും കൈക്കലാക്കി പുതുതലമുറ നേതാക്കളായി വിലസുന്നതു കാണുമ്പോള്‍ അമ്പരക്കുന്നത് പാര്‍ട്ടിക്കു വേണ്ടി എല്ലാം ത്യജിച്ച ഒരു തലമുറയാണ്. പാര്‍ട്ടിയിലൂടെ വെട്ടിപ്പിടിക്കേണ്ട സ്ഥാനമാനങ്ങള്‍ക്കു വേണ്ടി പുതിയ സഖാക്കള്‍ അരിഞ്ഞു തളളുന്നതും ഈ പഴയ തലമുറയെത്തന്നെയാണ്.

ബിവറേജസ് കോര്‍പറേഷനിലും സിവില്‍ സപ്ലൈസ് സഹകരണ നീതീസ്റ്റോറുകളിലുമൊക്കെ നിയമനങ്ങള്‍ക്ക് ഗ്രൂപ്പാണ് മാനദണ്ഡം. പാര്‍ട്ടിക്കാര്‍ക്ക് ജോലി നല്‍കാന്‍ വേണ്ടിയാണ് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നീതിസ്റ്റോറുകള്‍ക്ക് രൂപം നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും പൊതുഖജനാവില്‍ നിന്നും ശംബളം നല്‍കുന്ന ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് പൊതുരൂപമായിട്ടില്ല. അതാതു കാലത്തെ ഭരണക്കാരുടെ സ്വന്തക്കാര്‍ക്കും അനുയായികള്‍ക്കും ജോലി തരപ്പെടുത്താനുളള മാര്‍ഗമായാണ് ഈ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്.

മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കാനാണ് സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത്. കാലികമായ വിഷയങ്ങളില്‍ ആശയവ്യക്തത വരുത്താനും പ്രവര്‍ത്തകര്‍ തമ്മിലുളള ബന്ധം ശക്തിപ്പെടുത്താനും നേതൃപദവിയിലിരിക്കുന്നവരെ നിശിതമായി വിലയിരുത്താനും സമ്മേളനങ്ങള്‍ ഉപകരിക്കും. എന്നാല്‍ കാലം മാറിയതോടെ വിപ്ലവരാഷ്ട്രീയത്തിന്റെ ലക്ഷ്യവും മാറി.

എല്ലാം നഷ്ടപ്പെടുത്തി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ പഴയ തലമുറയല്ല പുതിയവരുടെ മാതൃക. കഷ്ടപ്പെടുന്നവരുടെ സ്വര്‍ഗരാജ്യം നിലവില്‍വരുമെന്ന സ്വപ്നവും ഇന്നാരും വില്‍ക്കുന്നുമില്ല. പുതിയ പദവികള്‍ വെട്ടിപ്പിടിക്കാനും നേടിയ പദവികള്‍ നിലനിര്‍ത്താനുമാണ് ഇന്നത്തെ പാര്‍ട്ടി സമ്മേളനങ്ങള്‍. അലകും പിടിയും മാറിപ്പോയ സിപിഎം സഖാക്കള്‍ക്ക് തങ്ങളുടെ കരിയര്‍ഗ്രാഫിലെ ഉയര്‍ച്ചയാണ് മുഖ്യം.

വ്യക്തമായ ലക്ഷ്യങ്ങളുളളവര്‍ തങ്ങളുടെ കുപ്പായങ്ങളില്‍ പിണറായി വി എസ് എന്നൊക്കെയുളള ബ്രാന്റുകള്‍ പതിക്കുന്നുവെന്നുമാത്രം. ശക്തിയും സ്വാധീനവും സമ്പത്തുമുളളവര്‍ക്കൊപ്പം കുട്ടിസഖാക്കളുണ്ടാകും. കാരണം തമ്മിലടിച്ചു സ്വയം നശിക്കുകയും കേരളത്തെ നശിപ്പിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് അവരുടെ മാതൃക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X