കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിത അണയുമ്പോഴും കെടാത്ത വെളിച്ചം

  • By Staff
Google Oneindia Malayalam News

M N Vijayanഎം.എന്‍. വിജയന്‍ വിട വാങ്ങുമ്പോള്‍ അഞ്ച് ദശകത്തിലേറെ കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക മണ്ഡലത്തില്‍ പ്രഭ മിന്നിച്ച ഒരു ധൈഷണിക ജീവിതമാണ് അവസാനിക്കുന്നത്. വൈപരീത്യങ്ങള്‍ കൊണ്ടും വൈരുദ്ധ്യങ്ങള്‍ കൊണ്ടും കൗതുകവും വിസ്മയവും പകര്‍ന്നതായിരുന്നു ആ ധിഷണ.

സാഹിത്യ നിരൂപണത്തില്‍ അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയ രീതികള്‍ കൊണ്ടുവന്ന വിജയന്‍ പിന്നീട് സാഹിത്യരചനയില്‍ നിന്ന് അകന്ന് സാംസ്കാരിക, സാമൂഹിക വിമര്‍ശകനായി. തന്റെ ചുറ്റിലും നടക്കുന്ന സംഭവങ്ങളെ തന്റേതായ രീതിയില്‍ കാണുന്ന ഒരു കണ്ണട എന്നും അദ്ദേഹം സൂക്ഷിച്ചിരുന്നു.

1951ല്‍ വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകള്‍ എന്ന കവിതാ സമാഹാരത്തിനെഴുതിയ അവതാരികയിലൂടെയാണ് എം.എന്‍. വിജയന്‍ എന്ന സാഹിത്യ നിരൂപകന്‍ ശ്രദ്ധേയനാവുന്നത്. ഫ്രോയ്ഡിയന്‍ മനശാസ്ത്രത്തെ സാഹിത്യ നിരൂപണത്തിനുള്ള ഒരു ചിന്താപദ്ധതിയായി ഉപയോഗിക്കുന്നത് മലയാളത്തില്‍ ആദ്യമായിരുന്നു. വൈലോപ്പിള്ളി കവിതകള്‍ക്കെഴുതിയ അവതാരികയിലൂടെ വിമര്‍ശത്തിന് മനശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉപയോഗിക്കുക എന്ന പുതിയ രീതിയാണ് വിജയന് മലയാളത്തിന് പരിചയപ്പെടുത്തിയത്.

ചങ്ങമ്പുഴ കവിതകള്‍ക്കെഴുതിയ വിമര്‍ശനമായ ചിതയിലെ വെളിച്ചവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിമര്‍ശന ഗ്രന്ഥമാണ്. കവിതയും മനശാസ്ത്രവും, വര്‍ണങ്ങളുടെ സംഗീതവും എന്നീ പുസ്തകങ്ങളും സാഹിത്യ വിമര്‍ശനത്തിലെ വിജയനിസം എഴുന്നുനില്‍ക്കുന്ന വിമര്‍ശന ഗ്രന്ഥങ്ങളാണ്. കേരളത്തിലെ അക്കാദമിക് രംഗം കണ്ട ഏറ്റവും നല്ല മലയാളം അധ്യാപകരില്‍ ഒരാള്‍ കൂടിയായിരുന്നു വിജയന്‍ മാഷ്. അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ശിഷൃവൃന്ദം വളരെ വിപുലമായിരുന്നു.

തന്റെ യൗവനകാലത്തോ മധ്യവയസിന്റെ ആരംഭത്തിലോ ഒരിക്കലും രാഷ്ട്രീയചിന്തകളോടോ കക്ഷിരാഷ്ട്രീയത്തോടെ പരസ്യമായി ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ലാത്ത എം.എന്‍.വിജയന് അധ്യാപക ജീവിതത്തില്‍ നിന്നും വിരമിച്ചതിനു ശേഷമാണ് സാമൂഹിക വിമര്‍ശനത്തിലേക്ക് തിരിയുന്നതും സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്നതും. സാഹിത്യത്തിലെന്ന പോലെ സാമൂഹിക വിമര്‍ശനത്തിലും തന്റേതായൊരു ഭാഷയും വിശകലനരീതിയും വിജയനുണ്ടായിരുന്നു.

അടിയന്തിരാവസ്ഥക്കാലത്ത് പോലും മൗനം പാലിച്ച വിജയന്‍ മാഷ് പില്‍ക്കാലത്ത് സിപിഎമ്മുമായി പുലര്‍ത്തിയ അടുപ്പം പലരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ശക്തമായ സാമൂഹിക വിമര്‍ശനം നടത്തുമ്പോഴും കണ്ണൂര്‍ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളെയും പാനൂരില്‍ കുട്ടികളുടെ മുന്നില്‍ വച്ച് അധ്യാപകനും ബിജെപി നേതാവുമായ ജയകൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവത്തെയും ന്യായീകരിച്ചു സംസാരിച്ചത് വിരോധാഭാസമായി തോന്നിച്ചു.

ദേശാഭിമാനിയുടെ എഡിറ്റര്‍ എന്ന നിലയില്‍ വരെ പ്രവര്‍ത്തിച്ച വിജയന്‍ മാഷിന് പഴയ ശിഷ്യന്‍ കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തോടും കൂറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം പിണറായിയെയും ഔദ്യോഗിക പക്ഷത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് കണ്ടത്. വി.എസ് അച്യുതാനന്ദന്റെ നിലപാടുകള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വിജയന്‍ മാഷിന് പരസ്യമായി മറുപടി പറയാന്‍ തയ്യാറാവുന്നിടത്തോളമെത്തി ആ ഭിന്നത. അത് അദ്ദേഹത്തിന് ദേശാഭിമാനിയില്‍ നിന്നും പുകസയില്‍ നിന്നു പുറത്തേക്കുള്ള വഴി തുറയ്ക്കുകയും ചെയ്തു.

സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിനെതിരായ വിമര്‍ശനം തുടര്‍ന്ന അദ്ദേഹം പാഠം മാസികയെ അതിനുള്ള വേദിയാക്കി. പാഠം പ്രതികരണ വേദിയുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണു മരിച്ചത്.

വിജയന്‍ മാഷുടെ നിലപാടുകളോട് വിയോജിപ്പ് പുലര്‍ത്തിയിരുന്നവര്‍ പോലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചിരുന്നു. വിജയന്‍ മാഷ് വിടവാങ്ങുമ്പോഴും കേരളത്തിന്റെ സാംസ്കാരിക രംഗത്ത് അദ്ദേഹം പകര്‍ന്ന വെളിച്ചം കെടാതെ നില്‍ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X