പൊലീസ് സ്റ്റേഷനില്‍ യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചു
മലപ്പുറം: പൊലീസ് സ്റ്റേഷനില്‍ യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചതായി പരാതി. സ്റ്റേഷനില്‍ വെച്ച് എസ്.ഐ ആണത്രേ ആനക്കയം സ്വദേശിയായ ഹമീദിനെ തുണിയുരിച്ച് മര്‍ദ്ദിച്ചത്.
പരിക്കേറ്റ ഹമീദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ആനക്കയം അങ്ങാടിയില്‍ വച്ച് ഹമീദിനെ മലപ്പുറം എസ്.ഐ മനോഹരന്‍ കസ്റ്റഡിയില്‍ എടുത്തത്.
നോമ്പുകാലമായതിനാല്‍ വെളുപ്പിന് കഴിക്കാനുള്ള ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ തന്നെ ഒരു കാരണവുമില്ലാതെ എസ്.ഐ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് ഹമീദ് പറയുന്നു.
ജീപ്പില്‍ വച്ചും സ്റ്റേഷനില്‍ വച്ചും എസ്.ഐ ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നു. മറ്റ് പൊലീസുകാര്‍ വിലക്കിയിട്ടും മര്‍ദ്ദനം തുടര്‍ന്നു.
മണല്‍ മാഫിയയെ സഹായിക്കാനാണ് രാത്രി റോഡില്‍ ഇറങ്ങി നില്‍ക്കുന്നതെന്ന് പറഞ്ഞായിരുന്നു എസ്.ഐയുടെ മര്‍ദ്ദനം. നഗ്നനായി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും എസ്.ഐ മദ്യപിച്ചിരുന്നതായും ഹമീദ് പറയുന്നു.
സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ കണ്ടപ്പോള്‍ ചോദ്യം ചെയ്യാനായി കൊണ്ടു പോവുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മലപ്പുറം സി.ഐ ഷൌക്കത്തലി അറിയിച്ചു.












Click it and Unblock the Notifications