കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നല്‍കിയത് അബോധാവസ്ഥയില്‍: ഫാദര്‍ ജോസ്‌ കോട്ടയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: രോഗബാധിതനായസമയത്ത്‌ അബോധാവസ്ഥയിലായിരുന്നപ്പോഴാണ് മത്തായി ചാക്കോയ്ക്ക്‌ അന്ത്യകൂദാശ നല്‍കിയതെന്നു വ്യക്തമായി.

എറണാകുളം ലേക്ഷോര്‍ ആസ്പത്രിയിലെത്തി അന്ത്യകൂദാശ നല്‍കിയ ഫാദര്‍ ജോസ്‌ കോട്ടയില്‍തന്നെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചു എന്നുപറയുന്നവരെ നികൃഷ്ടജീവിയായി കണക്കാക്കണമെന്ന പിണറായി വിജയന്റെ പ്രസംഗത്തെത്തുടര്‍ന്നാണ്‌ ഫാദര്‍ ജോസിന്റെ വെളിപ്പെടുത്തല്‍.

സുബോധത്തോടെയാണ്‌ അന്ത്യകൂദാശ സ്വീകരിച്ചതെന്ന്‌ താമരശ്ശേരി ബിഷപ്പ്‌ പോള്‍ ചിറ്റിലപ്പള്ളി പ്രസംഗിച്ചതായും പിണറായി സൂചന നല്‍കിയിരുന്നു. തുടര്‍ന്ന്‌ കടുത്തഭാഷയില്‍ ബിഷപ്പിനെ പിണറായി വിമര്‍ശിച്ചത്‌ വിവാദമായിരിക്കുകയാണ്‌.

മത്തായി ചാക്കോ മരിക്കുന്നതിന്‌ മൂന്നാഴ്ചമുമ്പ്‌ ആസ്പത്രിയിലെത്തിയാണ്‌ അന്ത്യകൂദാശ നല്‍കിയതെന്നും തീയതി ഓര്‍ക്കുന്നില്ലെന്നും ഫാ. ജോസ്‌ കോട്ടയില്‍ വിശദീകരിച്ചു. ഐസിയുവില്‍ കഴിഞ്ഞിരുന്ന മത്തായി ചാക്കോയ്ക്ക്‌ ഡ്യൂട്ടിഡോക്ടറുടെയും നഴ്‌സിന്റെയും സാന്നിധ്യത്തിലാണ്‌ കൂദാശ നല്‍കിയത്‌.

ഈസമയം മുറിക്കുപുറത്ത്‌ മത്തായി ചാക്കോയുടെ ഭാര്യയും ഭാര്യാസഹോദരന്മാരുമടക്കം ഇരുപത്തിയഞ്ചോളംപേര്‍ ഉണ്ടായിരുന്നു. ആരും തന്നെ തടസപ്പെടുത്തിയില്ലെന്നും സൗഹാര്‍ദപൂര്‍വം പെരുമാറിയെന്നും ഫാ. ജോസ്‌ പറഞ്ഞു. കൂദാശ നല്‍കിയപ്പോള്‍ മത്തായി ചാക്കോ പൂര്‍ണമായും അബോധാവസ്ഥയിലായിരുന്നു.

അബോധാവസ്ഥയിലുള്ളവര്‍ക്ക്‌ അന്ത്യകൂദാശ നല്‍കുന്നത്‌ സഭാനിയമപ്രകാരം തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ്‌ പോള്‍ ചിറ്റിലപ്പള്ളി ആവശ്യപ്പെട്ടപ്രകാരമാണ്‌ അന്ത്യകൂദാശ നല്‍കാന്‍പോയത്‌.

രാത്രിയില്‍ വിളിച്ച്‌ അന്ത്യകൂദാശ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനം വിട്ടുതരാമെന്ന്‌ മത്തായി ചാക്കോയുടെ ഭാര്യാസഹോദരന്മാര്‍ പറഞ്ഞെങ്കിലും സ്വന്തം വാഹനത്തിലാണ്‌ പോയതെന്നും ഫാദര്‍ ജോസ്‌ പറഞ്ഞു.

സഭാകാര്യാലയമായ പിഒസിയില്‍ ഫാമിലി കമ്മീഷന്റെയും അല്‍മായ കമ്മീഷന്റെയും സെക്രട്ടറിയായി ഫാ. ജോസ്‌ സേവനമനുഷ്ഠിക്കുകയാണ്‌. ഈ കമ്മീഷനുകളുടെ ചെയര്‍മാന്‍ ബിഷപ്പ്‌ ചിറ്റിലപ്പള്ളിയാണ്‌. ഈ അടുപ്പംമൂലമാണ്‌ തന്നോട്‌ അന്ത്യകൂദാശ നല്‍കാന്‍ നിര്‍ദേശിച്ചതെന്നും ഫാദര്‍ ജോസ്‌ പറഞ്ഞു.

മരിക്കുന്നതിന്‌ ഏതാനും ആഴ്ചമുമ്പ്‌ മത്തായി ചാക്കോയെ ബിഷപ്പ്‌ ചിറ്റിലപ്പള്ളി സന്ദര്‍ശിച്ചിരുന്നു. അന്ന്‌ അദ്ദേഹത്തിന്റെ അനുമതിയോടെ സൗഖ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചതായും ജപമാല നല്‍കിയതായും കെ.സി.ബി.സി. വക്താവ്‌ ഫാ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X