ഞങ്ങളുടെ വിവാഹം പള്ളിയില്‍ വെച്ച് നടത്തിയിട്ടില്ല മേഴ്സി ചാക്കോ
കൊച്ചി: തങ്ങളുടെ വിവാഹം മതാചാരപ്രകാരമായിരുന്നില്ല എന്ന് മത്തായി ചാക്കോയുടെ ഭാര്യ മേഴ്‌സി ചാക്കോ പ്രസ്താവനയില്‍ അറിയിച്ചു.
തമ്മനത്തെ സെന്റ് ജൂഡ്‌സ് പള്ളിയില്‍ ഫാദര്‍ സെബാസ്റ്റ്യന്‍ മാണിക്കോത്തിന്റെ കാര്‍മികത്വത്തില്‍ ഞങ്ങള്‍ വിവാഹിതരായി എന്ന താമരശ്ശേരി രൂപതയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ചാക്കോ പ്രസ്തുത പള്ളിയില്‍ ചെല്ലുകയോ വിവാഹരജിസ്റ്ററില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല.
തങ്ങളുടെ മൂത്തമകന്‍ രഞ്ജിത്തിന് നാലുമാസം പ്രായമുള്ളപ്പോള്‍ സെന്റ് ജൂഡ്‌സ് പള്ളി അധികൃതരുടെ കടുത്ത സമ്മര്‍ദം മൂലം വിശ്വാസിയായ തന്റെ മാതാവ് മാമോദീസ ചടങ്ങ് നടത്താനായി കുട്ടിയെ പള്ളിയില്‍ കൊണ്ടുപോയിരുന്നു എന്ന് മേഴ്‌സി പറഞ്ഞു. എന്നാല്‍ ഇത് ചാക്കോയുടെ അറിവും സമ്മതവും ഇല്ലാതെയാണ് നടന്നതെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹാനന്തരം താനും രണ്ടുകുട്ടികളും മതാചാരപ്രകാരമല്ല ജീവിച്ചത്. ചാക്കോയോ മക്കളോ ഞാനോ അന്ത്യകൂദാശ നല്‍കണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടില്ല.
അസുഖബാധിതനായപ്പോഴടക്കം ജീവിതത്തിലൊരിക്കലും മതവിശ്വാസം സ്വീകരിക്കാന്‍ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റായിരുന്നു മത്തായി ചാക്കോ. കമ്മ്യൂണിസ്റ്റ്‌കാരനാകുമ്പോള്‍ തന്നെ താന്‍ വിശ്വാസികൂടിയണെന്ന്' ചാക്കോ തന്നോട് പറഞ്ഞതായി മുന്‍ ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ചാക്കോയുടെ ഭാര്യ പറഞ്ഞു.
മരിച്ചുപോയ ആള്‍ക്ക് സത്യാവസ്ഥ പറയാന്‍ കഴിയില്ല എന്നിരിക്കെ ഇത്തരമൊരു പ്രസ്താവന അദ്ദേഹം പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നു.
കത്തോലിക്കാ സഭാ നേതൃത്വം വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തനിക്കും മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തികച്ചും വേദനാജനകമാണെങ്കിലും തെറ്റായ പ്രചാരണങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മേഴ്‌സി ചാക്കോ അഭ്യര്‍ത്ഥിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications