കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ രജിസ്ട്രേഷന്‍ നിയമം നിര്‍ബ്ബന്ധമാക്കണമെന്ന് സുപ്രിം കോടതി

  • By Staff
Google Oneindia Malayalam News

ദില്ലി: എല്ലാ മതവിഭാഗങ്ങള്‍ക്കും വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം മൂന്നുമാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

ഈ നിര്‍ദേശം നടപ്പാക്കിയ റിപ്പോര്‍ട്ടും സത്യവാങ്ങ്‌മൂലവും സംസ്ഥാന സര്‍ക്കാറുകള്‍ മൂന്നുമാസം കഴിഞ്ഞ്‌ സമര്‍പ്പിക്കണമെന്ന്‌ ജസ്റ്റിസ് അരിജിത്‌ പസായത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ പറഞ്ഞു.

ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍ സുപ്രീംകോടതി കഴിഞ്ഞവര്‍ഷം ഫിബ്രവരിയില്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ ചില സംസ്ഥാനങ്ങള്‍ നിയമം പാസ്സാക്കിയെങ്കിലും അവ ഹിന്ദുക്കള്‍ക്ക്‌ മാത്രമായിരുന്നു ബാധകം.

കേസ്‌ വ്യാഴാഴ്ച വീണ്ടും പരിഗണിച്ചപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ച കോടതി എല്ലാമതവിഭാഗങ്ങളും വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ചൂണ്ടിക്കാട്ടി.

1954 ലെ സ്പെഷ്യല്‍ മാരേജ്‌ ആക്ടനുസരിച്ച്‌ വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കിലും മതപരമായ ചടങ്ങുകളുടെയും വിവിധ വ്യക്തിനിയമങ്ങളുടെയും പിന്‍ബലത്തില്‍ പലരും അത്‌ ചെയ്യാറില്ല.

വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ മുസ്ലിം മതവിഭാഗം പ്രതിഷേധിച്ചിട്ടുണ്ട്‌. എങ്കിലും അത്തരമൊരു നടപടി വനിതകളെയും പെണ്‍കുട്ടികളെയും സംബന്ധിച്ചിടത്തോളം സുപ്രധാനമായിരിക്കുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

1929 ലെ നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ചില സമുദായങ്ങളില്‍ ബാല്യവിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്‌. രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതോടെ പ്രായപൂര്‍ത്തിയാകാത്ത വിവാഹം സാധ്യമാവില്ല. രേഖാമൂലമുള്ള തെളിവ്‌ ലഭിക്കുമെന്നതിനാല്‍ ഒരാള്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതും തടയപ്പെടും.

ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വനിതകള്‍ക്ക്‌ കോടതിയില്‍ തെളിവായി ഉപയോഗിക്കാന്‍ സാധിക്കും. വിവാഹത്തിന്‌ തെളിവില്ലാത്തതിനാല്‍ വനിതകള്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ഥിതി വ്യാപകമാണ്‌. ഈ പശ്ചാത്തലത്തില്‍ ദേശീയ വനിതാ കമ്മീഷനാണ്‌ വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്‌.

വനിതാ ഉന്നമനവുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ കമ്മിറ്റി ഇക്കഴിഞ്ഞ ആഗസ്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന്‌ ശുപാര്‍ശ ചെയ്തിരുന്നു. വിദേശ ഇന്ത്യക്കാര്‍ വിവാഹത്തിനുശേഷം ഉപേക്ഷിച്ച സ്ത്രീകളുടെ ദയനീയസ്ഥിതിയുമായി ബന്ധപ്പെട്ടതായിരുന്നു ആ റിപ്പോര്‍ട്ട്.

വിദേശ ഇന്ത്യക്കാരുടെ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇരുവര്‍ക്കും പ്രത്യേകം നല്‍കണമെന്ന്‌ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഫോട്ടോ പാസ്‌പോര്‍ട്ടില്‍ പതിക്കണമെന്നും പാസ്‌പോര്‍ട്ട്‌ നിയമം ഭേദഗതി ചെയ്യണമെന്നും സമിതി അഭിപ്രായപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X