വനംവകുപ്പില്‍ ഇസ്മായിലിന്റെ കിനാവളളി
തിരുവനന്തപുരം : വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ നീക്കം ചെയ്ത് തന്റെ വിശ്വസ്തനെ പ്രതിഷ്ഠിച്ചതോടെ സിപിഐയില്‍ ഇസ്മായില്‍ വീണ്ടും കരുത്ത് തെളിയിച്ചു.
വനംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി എസ് ശശിധരന്‍ നായരെ നീക്കി പകരം എം ശിശുപാലനെ നിയോഗിക്കാന്‍ സിപിഐ നിര്‍ദ്ദേശം നല്‍കി. ഈ നീക്കത്തോടുളള വനംമന്ത്രിയുടെ എതിര്‍പ്പ് പാര്‍ട്ടി പരിഗണിച്ചില്ല. ശശിധരന്‍ നായരെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി വനംവകുപ്പില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് കെ ഇ ഇസ്മായിലിനെതിരെ ആരോപിക്കപ്പെട്ട പേര്യ മരം മുറിക്കേസില്‍ സ്വകാര്യ വ്യക്തിക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതിയ ഉദ്യോഗസ്ഥനാണ് ശിശുപാലന്‍. അന്ന് ശിശുപാലന്‍ ഇസ്മായിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
വനംമന്ത്രിയുടെ ഓഫീസില്‍ നിന്നും പാര്‍ട്ടിക്കും മന്ത്രിക്കും എതിരായ രേഖകള്‍ ചോരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശശിധരന്‍ നായരെ മാറ്റി ശിശുപാലനെ ആ സ്ഥാനത്ത് നിയോഗിക്കുന്നത്. എന്നാല്‍ വനംവകുപ്പ് കേന്ദ്രമാക്കി ഇസ്മായില്‍ നടത്തുന്ന അഴിമതികള്‍ക്ക് കുടപിടിക്കാനാണ് തന്റെ വിശ്വസ്തനെ ഇസ്മായില്‍ ബിനോയ് വിശ്വത്തിന്റെ തലയ്ക്കു മുകളില്‍ പ്രതിഷ്ഠിച്ചതെന്ന് പാര്‍ട്ടിക്കുളളില്‍ തന്നെ ആക്ഷേപം ഉയരുന്നു.
കഴിഞ്ഞ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് പി ജെ ജോസഫ് കഴിഞ്ഞാല്‍ ഏറ്റവും ആരോപണവിധേയനായ മന്ത്രിയാണ് കെ ഇ ഇസ്മായില്‍. ഒട്ടേറെ അഴിമതിക്കഥകളില്‍ നായകനായ ഇസ്മായില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അനഭിമതനായതോടെയാണ് പട്ടാമ്പിയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്.
ഇപ്പോഴത്തെ മന്ത്രിസഭയില്‍ റവന്യൂമന്ത്രിയാകാമെന്ന മോഹവും തകര്‍ന്നപ്പോഴാണ് സിപിഐ വകുപ്പുകളില്‍ പിന്‍സീറ്റ് ഡ്രൈവിംഗിന് ഇസ്മായില്‍ കരുക്കള്‍ നീക്കുന്നത്. സിപിഐയുടെ ഫണ്ടു പിരിവുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇസ്മായില്‍ ആയതിനാല്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗത്തിനാണ് ശക്തി. വെളിയം അടക്കമുളളവരുടെ നിശബ്ദ പിന്തുണയും ഇസ്മായിലിനാണ്.
മെര്‍ക്കിസ്റ്റണ്‍ ഇടപാടില്‍ വനം - തൊഴില്‍ മന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ മിനിട്ട്സ് തയ്യാറാക്കിയതില്‍ അപാകമുണ്ടെന്ന് ആരോപിച്ച് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുകുമാരനെ ആ സ്ഥാനത്തു നിന്നും പുറത്താക്കാനും സിപിഐ തീരുമാനിച്ചു. പ്രസ്തുത മിനിട്ട്സ് കാരണമാണ് മന്ത്രിക്ക് ഇടപാടില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതെന്ന് സിപിഐ നേതൃത്വം പറയുന്നു.
വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഇസ്മായില്‍ തന്റെ ഇംഗിതം നടപ്പാക്കിയത്. പേര്യാ മരംമുറിക്കേസില്‍ ഇസ്മായിലിന്റെ വലംകൈയായി പ്രവര്‍ത്തിച്ച ശിശുപാലനെ തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ ബിനോയ് വിശ്വത്തിന് തീരെ താല്‍പര്യമില്ലായിരുന്നു. പേര്യ കേസില്‍ സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിക്കാന്‍ സ്വകാര്യവ്യക്തിയെ അനുവദിച്ചെന്നാണ് ആരോപണമുയര്‍ന്നത്.
ഈ കേസില്‍ പ്രസ്തുത വ്യക്തിക്ക് അനുകൂലമായി ഇസ്മായിലിനെക്കൊണ്ട് കുറിപ്പ് തയ്യാറാക്കിയതിന് പിന്നില്‍ ശിശുപാലനായിരുന്നു. ഈ കേസിനെക്കുറിച്ച് അന്വേഷിച്ച ജിജി തോംസണ്‍ ഇസ്മായിലും ശിശുപാലനും കുറ്റക്കാരനാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പത്തുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും വിരമിച്ച ശിശുപാലനെ വീണ്ടും വനംവകുപ്പില്‍ എത്തിച്ചത് ഇസ്മായിലിന്റെ അജണ്ട നടപ്പാക്കാനാണെന്ന കാര്യം മറ്റാരെക്കാള്‍ നന്നായി ബിനോയ് വിശ്വത്തിനും അറിയാം.
ഭരണപരിചയമില്ലാത്ത സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇസ്മായിലിന്റെ വിളയാട്ടമാണ് നടക്കുന്നതെന്ന് പാര്‍ട്ടിയുടെ കഴിഞ്ഞ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന ഇസ്മായിലിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍ തന്നെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില നല്‍കി ഇസ്മായില്‍ തന്റെ അജണ്ടയുമായി മുന്നോട്ടു തന്നെയാണ് പോകുന്നത്.












Click it and Unblock the Notifications