കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ പറഞ്ഞത് ചിലര്‍ കേട്ടില്ല : കാരാട്ട്

  • By Super
Google Oneindia Malayalam News

ദില്ലി : കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിന്നും വ്യതിചലിച്ച് ചിലയിടങ്ങളില്‍ സിപിഎം സമ്മേളനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

എന്നാല്‍ ഭൂരിപക്ഷം സമ്മേളനങ്ങളും മാര്‍ഗരേഖയനുസരിച്ചു തന്നെയാണ് നടന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മാര്‍ഗരേഖ പൊതുവില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നാണ് പിബിയുടെ വിലയിരുത്തലെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടി പൊളിറ്റ് ബ്യൂറോ കേരളത്തിലെ സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതുവരെ പൂര്‍ത്തിയായ സമ്മേളനങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിബിയില്‍ അവതരിപ്പിച്ചു. യോഗം തുടങ്ങുന്നതിനു മുമ്പ് പിണറായി വിജയനും വിഎസ് അച്യുതാനന്ദനും പ്രകാശ് കാരാട്ടിനെ വെവ്വേറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടിക്ക് വിധേയരാക്കപ്പെട്ട ഡിവൈഎഫ്ഐ മുന്‍സംസ്ഥാന സെക്രട്ടറി ടി ശശിധരന്‍, മുന്‍ എംഎല്‍എ സിബിസി വാര്യര്‍ എന്നിവരുടെ കാര്യത്തില്‍ പൊളിറ്റ് ബ്യൂറോ തീരുമാനമൊന്നുമെടുത്തിട്ടില്ല. വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി തന്നെ ഇവരുടെ കാര്യത്തില്‍ പരസ്പര വിരുദ്ധമായ നിലപാടാണ് കൈക്കൊണ്ടത്.

സമിതി അധ്യക്ഷന്‍ പി കെ ഗുരുദാസന്‍ ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റ് അംഗങ്ങളായ വൈക്കം വിശ്വനും എം വി ഗോവിന്ദനും ഇവരെ തിരിച്ചെടുക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിന്മേല്‍ പിബി തീരുമാനമെടുക്കുമെന്നായിരുന്നു സൂചന.

എന്നാല്‍ ഇവരെ തിരിച്ചെടുക്കുമെന്നോ ഇല്ലെന്നോ പറയാന്‍ പ്രകാശ് കാരാട്ട് തയ്യാറായില്ല. അനന്തര നടപടികള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്.

സമ്മേളനങ്ങളെക്കുറിച്ച് പിബിയ്ക്ക് ലഭിച്ച പരാതികളിന്മേലും സംസ്ഥാന ഘടകമായിരിക്കും തീരുമാനമെടുക്കുക എന്ന് പിബി അംഗം എസ് രാമചന്ദ്രന്‍ പിളളയും വ്യക്തമാക്കി. മുമ്പ് ലഭിച്ച പരാതികളും സംസ്ഥാനത്താണ് തീര്‍പ്പാക്കിയത്. അതിനാല്‍ ഇപ്പോള്‍ ലഭിച്ച പരാതികളും അപ്രകാരമാകും കൈകാര്യം ചെയ്യുക എന്ന് അദ്ദേഹം വ്യക്തമാക്കി.

സമ്മേളന നടത്തിപ്പില്‍ സംസ്ഥാനക്കമ്മിറ്റിക്കൊപ്പമാണ് പൊളിറ്റ് ബ്യൂറോ എന്ന സന്ദേശമാണ് ഇരു നേതാക്കളും നല്‍കുന്നത്. കടുത്ത വിഎസ് പക്ഷക്കാരായ ടി ശശിധരന്റെയും സിബിസി വാര്യരുടെയും ഭാവി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് വ്യക്തമാക്കുക വഴി പിബി വിഎസ് പക്ഷത്തിന് വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. പിണറായി വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുളള സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അല്‍ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ആ സൂചന.

കോട്ടയത്ത് സംസ്ഥാന സമ്മേളനം കഴിയുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ കരുത്തുറ്റതാകുമെന്ന് പിണറായി പറയുന്നതിനര്‍ത്ഥം എതിര്‍പക്ഷത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യുമെന്ന് തന്നെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X