കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്രയാണ് പിണറായിയുടെ മകന്റെ മിടുക്ക് !

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഡിഗ്രി പാസായത് മൂന്നാം ക്ലാസില്‍. രണ്ടാം വര്‍ഷത്തില്‍ അക്കൗണ്ടന്‍സിക്ക് 100ല്‍ കിട്ടിയത് 17 മാര്‍ക്ക്. ഇംപ്രൂവ്മെന്റ് എഴുതിയപ്പോള്‍ ആറു മാര്‍ക്കു കൂടി 23 ആയി.

സഹകരണ മന്ത്രി ജി സുധാകരനും സാഹിത്യനായകന്‍ ടി പത്മനാഭനും മിടുക്കനെന്ന് വാഴ്ത്തിയ പിണറായി വിജയന്റെ മകന്‍ വിവേക് പിണറായിയ്ക്ക് കിട്ടിയ മാര്‍ക്കുകളാണ് ഇത്.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രി പഠിച്ചത്. ജയിച്ചത് രണ്ടാം ക്ലാസില്‍. ഇതേ കോളെജില്‍ തന്നെയാണ് വിവേക് ഡിഗ്രിയ്ക്കും പഠിച്ചത്. ഡിഗ്രി ജയിച്ചത് മൂന്നാം ക്ലാസില്‍.

പ്രീഡിഗ്രിയ്ക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്. ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ് സി എം എസ് (സ്ക്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളെജിലാണ്. ജിപിസി നായരുടെ ഉടമസ്ഥയിലുളളതാണ് ഈ കോളെജ്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഈ കോളെജ് പ്രവേശനം നേടിയത്.

ബിരുദത്തില്‍ രണ്ടാം ക്ലാസെങ്കിലും നേടിയവര്‍ക്കു മാത്രമേ ഈ കോളെജില്‍ പ്രവേശനം അനുവദിക്കുകയുളളൂവെന്നാണ് ചട്ടം. ഇവര്‍ കാറ്റ്, മാറ്റ് ( CAT - Common Aptitude Test, MAT - Management Aptitude Test) എന്നിവയിലേതെങ്കിലും ഒരു പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടെതെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ വിവേക് പിണറായിയുടെ കാര്യത്തില്‍ ഈ ചട്ടം പാലിക്കപ്പെട്ടില്ല.

ബികോമിന് വെറും മൂന്നാം ക്ലാസുളള വിവേക് പിണറായി ജിപിസി നായരുടെ കോളെജില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം അഭ്യസിച്ചു. പ്രവേശന പരീക്ഷ വേണ്ട, യോഗ്യതയുടെ കാര്യത്തില്‍ മാനേജ്മെന്റ് ദയാപുരസരം ഒരിളവും അനുവദിച്ചു.

എസ് ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നും നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളെജില്‍ പഠിച്ചത്. വായ്പയുടെ ജാമ്യക്കാര്‍ പിണറായി വിജയനും ഭാര്യ കമലാ വിജയനുമായിരുന്നു. 2003ല്‍ സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.

2004ല്‍ വിവേക് സ്വന്തം ബിസിനസ് നടത്താന്‍ സിംഗപ്പൂരിലേയ്ക്ക് പോയി. കാര്യമായ നേട്ടമൊന്നുമില്ലാത്തതിനാല്‍ രണ്ടു മാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയില്‍ പോയി. അവിടെയും ശരിപ്പെടാത്തതിനാല്‍ 2005 സെപ്തംബറില്‍ വീണ്ടും നാട്ടിലെത്തി.

പിന്നീടാണ് ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍ വിവേക് തീരുമാനിച്ചത്. 20 ലക്ഷം രൂപയാണ് ഈ കോഴ്സിനുളള ഫീസ്. ഈ തുക വായ്പയെടുക്കാന്‍ വീണ്ടും കലൂരിലെ എസ് ബി ടി ശാഖയെ സമീപിച്ചു. ഏഴു ലക്ഷം രൂപയ്ക്കു മേലുളള തുക വായ്പ നല്‍കാന്‍ ബാങ്ക് കൊച്ചി ദേശാഭിമാനിയെയാണ് ഈടായി ആവശ്യപ്പെട്ടത്. ദേശാഭിമാനിയിലുളള ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടക്കാതെ പോയി.

എന്നാല്‍ പിന്നീട് ഈ തുക സംഘടിപ്പിച്ച് വിവേക് ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ പഠനത്തിന് ചേര്‍ന്നു. ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവ കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് അരക്കോടിക്ക് മേലുളള തുകയാവും ഈ കോഴ്സ് കഴിയുമ്പോള്‍ ആകെ ചെലവ്.

ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് ലഭിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല. അധിനിവേശ പ്രതിരോധ സമിതിയുടെ ഒരു യോഗത്തില്‍ ഈ ചോദ്യം ചോദിച്ച എഴുത്തുകാരി സാറാ ജോസഫിനെ സഹകരണ മന്ത്രി സുധാകരന്‍ രൂക്ഷമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് വിമര്‍ശിച്ചിരുന്നു.

മിടുക്കരായ കുട്ടികള്‍ സ്കോളര്‍ഷിപ്പ് നേടി വിദേശത്തു പഠിക്കുന്നതില്‍ ആരും അസൂയപ്പെടേണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും പറയുന്നു. മാര്‍ക്ക് ലിസ്റ്റില്‍ വെളിപ്പെടാത്ത മറ്റെന്ത് മിടുക്കാണ് വിവേകിനുളളതെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല.

കത്തോലിക്കാ സഭയ്ക്കെതിരെ ചന്ദ്രഹാസം മുഴക്കുന്ന പിണറായി വിജയന്റെ മകന്‍ മാര്‍ ഇവാനിയോസ് കോളെജിലെ മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രിഡിഗ്രിക്കും ഡിഗ്രിക്കും പ്രവേശനം നേടിയതെന്ന അറിവും സഖാക്കള്‍ക്ക് പുതിയതാണ്.

ഒന്നുകില്‍ കോഴ അല്ലെങ്കില്‍ സ്വാധീനം, രണ്ടിലേത് ഉപയോഗിച്ചാണ് സ്വന്തം മകനെ പിണറായി വിജയന്‍ പഠിപ്പിച്ചതെന്ന ചോദ്യത്തിന് എം സ്വരാജോ ജി സുധാകരനോ മറുപടി പറയുമെന്ന് തോന്നുന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X