മാര്‍ക്‌സിസ്‌റ്റുകാരുടെ ധിക്കാരം മാര്‍ക്‌സിന്റെ സംഭാവന എംജിഎസ്
കോഴിക്കോട്: സ്വഭാവത്തില്‍ വിനയത്തിന്റെ അഭാവം മാര്‍ക്‌സിസ്‌റ്റുകാര്‍ക്ക് കാള്‍ മാക്‌സില്‍നിന്നും പകര്‍ന്നുകിട്ടിയതാണെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍.
തന്റെ ചിന്തകള്‍ക്കപ്പുറം ഒന്നുമില്ലെന്നായിരുന്നു മാക്‌സിന്റെ വിശ്വാസം. വലിയ ധിഷണാശാലിയായിരുന്ന മാര്‍ക്‌സ് മഹാധിക്കാരിയുമായിരുന്നു- എംജിഎസ് പറഞ്ഞു.
മുതലാളിത്തത്തിന്റെ ചൂഷണത്തില്‍ നിന്നും ജനങ്ങളെ രക്ഷിയ്‌ക്കണമെന്ന് മാക്‌സ് ആഗ്രഹിച്ചു. അതിനായി അദ്ദേഹം കണ്ടെത്തിയവഴി ജനങ്ങളുടെ സമരമായിരുന്നു. ഇത് പിന്നീട് പാര്‍ട്ടി നയിക്കുന്ന വിപ്ലവമാക്കി മാറ്റിയത് ലെനിനാണ്.
തൊഴിലാളിയ്‌ക്ക് അധികാരം കിട്ടിയാല്‍ അവര്‍ ജനപക്ഷത്തുനിന്നുഭരിയ്‌ക്കുമെന്നായിരുന്നു മാക്‌സിന്റെ വിശ്വാസം. അത് തകര്‍ത്ത് ഉരുക്കുമനുഷ്യരാണ് വേണ്ടതെന്ന് സ്ഥാപിച്ച ലെനിനാണ് റഷ്യയില്‍ വിപ്ലവം നടത്തിയത്. സ്റ്റാലിനാണ് റഷ്യയെ തകര്‍ത്തതെന്ന വാദം തെറ്റാണ്. ലെനിന്‍ തന്നെയാണ് അത് ചെയ്‌തത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ വായിച്ചത് റഷ്യയില്‍ സ്റ്റാലിന്‍ എഡിറ്റ് ചെയ്‌ത മാര്‍ക്‌സിന്റെ കൃതികളാണ്. മാര്‍ക്‌സിന്റെ സമ്പൂര്‍ണ്ണകൃതികള്‍ ഇംഗ്ലണ്ടില്‍പ്പോലും പ്രചാരത്തില്‍ വന്നത് 1970കളിലാണ്. എഴുപതുകള്‍ക്ക് ശേഷം ഇന്ത്യയില്‍ ആരും കമ്യൂണിസം വായിച്ചിട്ടില്ല.
ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസമുള്ളവര്‍ അതില്ലാത്തവരേക്കാള്‍ ഭേദമാണ്. മതനിഷേധം നിലനിന്ന രാജ്യങ്ങളാണ് ഇറ്റലിയും ജര്‍മ്മനിയും സോവിയറ്റ് യൂണിയനും. ഇവമൂന്നും തര്‍ന്നടിഞ്ഞതാണ് ചരിത്രം- എംജിഎസ് പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച മതം, മനുഷ്യന്‍, മാര്‍ക്‌സിസം എന്ന സെമിനാര്‍ വെള്ളിയാഴ്‌ച കോഴിക്കോട്ട് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എംജിഎസ്.












Click it and Unblock the Notifications