ഒടുവില്‍ പാമോയില്‍ ഇറക്കുമതിക്ക് സ്റ്റേ
കൊച്ചി : കൊച്ചി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ശക്തമായ വിമര്‍ശനം ലക്ഷ്യം കണ്ടുവെന്ന് വേണം കരുതാന്‍, കൊച്ചി തുറമുഖം വഴിയുളള പാമോയില്‍ ഇറക്കുമതി കേരള ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
കൊച്ചി തുറമുഖം വഴിയുളള പാമോയില്‍ ഇറക്കുമതി താല്‍ക്കാലികമായി തടഞ്ഞ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരുത്തരവുണ്ടാകുന്നതു വരെ കൊച്ചി തുറമുഖത്ത് പാമോയില്‍ ഇറക്കുമതി ചെയ്യരുതെന്ന് വിധി വിലക്കുന്നു. ഇപ്പോള്‍ പാമോയിലിറക്കുന്ന കപ്പലിനെ അതിറക്കി മടങ്ങാനും കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ വിശദമായ വാദം അടുത്ത ദിവസം(നവംബര്‍ 21) കേള്‍ക്കുമെന്നും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് കേസ് കേള്‍ക്കാനിരുന്ന ജസ്റ്റിസ് സിരിജഗന്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ഒഴിവായിരുന്നു.
കൊച്ചി തുറമുഖം വഴിയുളള പാമോയില്‍ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനെതിരെ കോഴിക്കോട്ടെ പാരിസണ്‍സ് ഫുഡ് ഉടമയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സിരിജഗന്‍ പാമോയില്‍ ഇറക്കുമതി നിരോധനം സ്റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 80 ലക്ഷം ലിറ്റര്‍ പാമോയില്‍ കൊച്ചിയില്‍ ഇറക്കിയിരുന്നു.
സംസ്ഥാനത്തെ 35 ലക്ഷം കേര കര്‍ഷകരുടെ രോദനം കേള്‍ക്കാതെയാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജഡ്ജിയുടെ തലയില്‍ കാര്യങ്ങള്‍ കയറിയിട്ടില്ലെന്നും അദ്ദേഹത്തിന് ഈ നാടിന്റെ ഗുണമാണോ മലേഷ്യയുടെ ഗുണമാണോ വലുത് എന്നും വിഎസ് ആരാഞ്ഞിരുന്നു.
വിഎസിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം ജസ്റ്റിസ് സിരിജഗന്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ഒഴിയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ കോടതിയലക്ഷ്യ ഭീഷണിയും ജസ്റ്റിസ് മുഴക്കിയിരുന്നു.












Click it and Unblock the Notifications