വിധി മുതലെടുത്തത് പാമോയില്‍ ലോബി
കൊച്ചി : കെടുതിയിലായ കേര കര്‍ഷകര്‍ക്ക് ആശ്വാസം കിട്ടാന്‍ പാമോയില്‍ ഇറക്കുമതി നിരോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചതോടെ കേര വിപണി ഒന്നാശ്വസിച്ചതാണ്. എന്നാല്‍ കേരള ഹൈക്കോടതി നിരോധനം സ്റ്റേ ചെയ്തതോടെ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജസ്റ്റിസ് സിരിജഗന്‍ പാമോയില്‍ ഇറക്കുമതിയുടെ സ്റ്റേ പിന്‍വലിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കൊയ്തുവാരിയത് വന്‍വ്യവസായ ലോബിയാണ്.
ഒക്ടോബര്‍ 16നാണ് കൊച്ചി തുറമുഖത്തില്‍ പാമോയില്‍ ഇറക്കുമതി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്. കേര കര്‍ഷകരുടെ ദീര്‍ഘനാളത്തെ ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ ആശ്വാസവും പ്രതീക്ഷയും വെളിച്ചെണ്ണ വിപണിയില്‍ ദൃശ്യമായി.
ഒക്ടോബര്‍ 23നാണ് ഇറക്കുമതി നിരോധനം പിന്‍വലിക്കണമെന്ന ഹര്‍ജി കേരള ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. ഹര്‍ജിയുമായെത്തിയത് കോഴിക്കോട്ടെ പാരിസണ്‍സ് ഫുഡും മുംബെയിലെ ലിബര്‍ട്ടി കമ്പനിയും. ഇവരുടെ ആവശ്യം അംഗീകരിച്ച് ഒക്ടോബര്‍ 25ന് ജസ്റ്റിസ് സിരിജഗന്‍ ഉത്തരവും നല്‍കി.
നിരോധനം സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് 8000 ടണ്‍ പാമോയിലുമായി എര്‍ത്ത് സോംഗ് എന്ന കപ്പല്‍ മലേഷ്യയില്‍ നിന്നും കൊച്ചിയിലെത്തി. 2000 ടണ്‍ കൊച്ചിയിലും 6000 ടണ്‍ ബേപ്പൂരും ഇറക്കി. സ്റ്റേ നീക്കാനുളള സര്‍ക്കാരിന്റെ അപേക്ഷയും സാങ്കേതിക കാരണം പറഞ്ഞ് ജസ്റ്റിസ് സിരിജഗന്‍ തളളി. ഇതിനിടെ 7000 ടണ്‍ പാമോയിലുമായി ഓയില്‍ അംബാസിഡര്‍ എന്ന കപ്പലും കൊച്ചിയിലെത്തി.
ക്രിസ്തുമസ് അടക്കമുളള ഉത്സവ വിപണി കയ്യടക്കാനാവശ്യമായ അളവില്‍ പാമോയില്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഇനി ഇറക്കുമതി നിരോധനത്തിന്മേലുളള സ്റ്റേ പിന്‍വലിച്ചാലും വെളിച്ചണ്ണ വിപണിക്കോ കേര കര്‍ഷകര്‍ക്കോ ഗുണമൊന്നുമുണ്ടാകില്ലെന്നു് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാമോയില്‍ ഇറക്കുമതി നിരോധനത്തെ തുടര്‍ന്ന് പച്ചപിടിച്ച വിപണി വീണ്ടും പഴയ പടിയായി. ഇക്കാര്യമെല്ലാം മനസില്‍ വെച്ചു കൊണ്ടാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ജസ്റ്റിസ് സിരിജഗനെ രൂക്ഷമായി വിമര്‍ശിച്ചത്. നിയമം വ്യാഖ്യാനിക്കുമ്പോള്‍ സാമൂഹിക പ്രത്യാഘാതവും പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇക്കാലത്ത് ഏറെ പ്രസക്തവുമാണ്.
യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്ത ജഡ്ജിമാരുടെ തികച്ചും യാന്ത്രികമായ നിയമവ്യാഖ്യാനങ്ങള്‍ കോടതിയില്‍ പൊതുസമൂഹത്തിനുളള വിശ്വാസ്യത നശിപ്പിക്കാന്‍ മാത്രമേ ഉതകൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോടതിയലക്ഷ്യമെന്ന ഓലപ്പാമ്പു കാട്ടി വിമര്‍ശനങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്ന ഒരുവിഭാഗം ജഡ്ജിമാര്‍ തന്നെയാണ് കോടതിയുടെ വില കളയുന്നത്.
![]()
![]()












Click it and Unblock the Notifications