കരുണാനിധിയുടെ ആരോപണത്തിനെതിരെ മലേഷ്യന്‍ മന്ത്രി
ചെന്നൈ: കരുണാനിധി തമിഴ്‌നാട്ടിലെ കാര്യം നോക്കിയാല്‍ മതിയെന്നും മലേഷ്യയുടെ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും മലേഷ്യയിലെ നീതിന്യായമന്ത്രി നസ്രി അസീസ്.
മലേഷ്യയില്‍ തമിഴ് വംശജര്‍ മോശമായാണ് പരിഗണിക്കപ്പെടുന്നതെന്നും ഇതിന് കാരണം മലേഷ്യയിലെ സര്‍ക്കാര്‍ നയങ്ങളാണെന്നുമുള്ള എം. കരുണാനിധിയുടെ ആരോപണത്തോട് പ്രതികരിയ്‌ക്കുകയായിരുന്നു മലേഷ്യന്‍ മന്ത്രി.
കരുണാനിധിയുടെ സ്ഥലം തമിഴ്‌നാടാണ്. അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കണം. മലേഷ്യയുടെ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല- മന്ത്രി പറഞ്ഞു
മലേഷ്യയില്‍ തമിഴ് വംശജര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കരുണാനിധി പരാതി നല്‍കിയിരുന്നു. തമിഴ് വംശജരുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി.
മലേഷ്യയിലെ ന്യൂനപക്ഷമായ തമിഴ് വംശജര്‍ കഴിഞ്ഞയാഴ്‌ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന് പിന്നാലെയാണ് കരുണാനിധി പ്രധാനമന്ത്രിയ്‌ക്ക് പരാതി നല്‍കിയത്. പ്രക്ഷോഭം നടത്തിയ തമിഴ് വംശജര്‍ക്കു നേരെ മലേഷ്യന്‍ പൊലീസ് ക്രൂരമായ മര്‍ദ്ദനം നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പതിനായിരത്തോളം പേര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പ്രകടനങ്ങള്‍ നടന്നിരുന്നു.
മലേഷ്യന്‍ മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കരുണാനിധി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. തമിഴര്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയേണ്ടത് തന്റെ ചുമതലയാണെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ് ഞാന്‍ ചെയ്‌തത്. ഇതിന് എന്ത് ശിക്ഷ ലഭിച്ചാലും അത് അനുഭവിക്കാന്‍ തയ്യാറാണ്. അവിടെ തമിഴര്‍ ആക്രമിക്കപ്പെടുന്നതിനെയാണ് അപലപിച്ചത്. അല്ലാതെ സര്‍ക്കാറിനെ വിമര്‍ശിച്ചതല്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications