അരവണ കരിഞ്ചന്തയില്‍
കൊച്ചി : കൃത്രിമക്ഷാമം സൃഷ്ടിച്ച് അരവണ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അരവണ ക്ഷാമം മൂലമുണ്ടാകുന്ന ഭക്തജനകോപം സൃഷ്ടിച്ചേക്കാവുന്ന ക്രമസമാധാനപ്രശ്നങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അരവണ ക്ഷാമവും കരിഞ്ചന്തയും തുടര്‍ന്നാല്‍ ഭക്തജനങ്ങള്‍ അക്രമാസക്തമാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. നിയന്ത്രണാതീതമായിരിക്കും ഈ സാഹചര്യമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കരിഞ്ചന്ത തടയാനും സ്ഥിതിഗതികള്‍ നേരിടാനും കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് ബോര്‍ഡ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അരവണ വിതരണത്തിലെ ക്രമക്കേടുകള്‍ കാരണം ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഓരോ വര്‍ഷവും നടവരവും വരുമാനവും ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചത്. ഭക്തന്മാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടും വരവ് ഇടിഞ്ഞതിന് കാരണം അരവണ ക്ഷാമം തന്നെയാണ്.
ആദ്യപത്തു ദിവസങ്ങളില്‍ മാത്രം മൂന്നേകാല്‍ കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കാണിക്കയും അപ്പം വില്‍പനയും കൂടിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ആറേമുക്കാല്‍ കോടിയുടെ വരുമാനമുണ്ടായ സ്ഥാനത്ത് ഇപ്പോള്‍ വരവ് മുന്നേകാല്‍ കോടി മാത്രമാണ്.
ഓഡിറ്റ് ഫണ്ട് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി വിശദമായി പരിശോധിക്കും.












Click it and Unblock the Notifications