ഉപസമിതിയുടെ കാര്യവും മറക്കുന്നു

Subscribe to Oneindia Malayalam


കെഎസ് ടിപി പദ്ധതിയിലെ അഴിമതിയും ക്രമക്കേടും കണ്ടെത്താനും പരിഹരിക്കാനും നാല് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്ക്, നിയമമന്ത്രി എം വിജയകുമാര്‍, റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി ടി യു കുരുവിള എന്നിവരായിരുന്നു ഈ കമ്മിറ്റിയിലെ അംഗങ്ങള്‍.

പണം നല്‍കുന്നത് വൈകിയതിനെക്കുറിച്ചുളള അവകാശവാദങ്ങള്‍ കരാറുകാര്‍ ഉപേക്ഷിക്കുകയാണെങ്കില്‍ റോഡ് നിര്‍മ്മാണത്തിനുളള സമയം നീട്ടി നല്‍കാമെന്ന് മന്ത്രിസഭാ ഉപസമിതി 2006 ഡിസംബര്‍ 2ന് ചേര്‍ന്ന യോഗത്തില്‍ തന്നെ തീരുമാനിച്ചിരുന്നു.

പതിബെല്ലുമായി നേരത്തെയുണ്ടാക്കിയ കരാര്‍ പ്രകാരം 106 കോടിയുടെ പണികളാണ് അവശേഷിക്കുന്നത്. ഈ പണി ചെയ്യുന്നതിന് നിലവിലുളള പൊതുമരാമത്ത് കരാറനുസരിച്ച് 180 കോടി രൂപ നല്‍കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.

2002ല്‍ കണക്കാക്കിയ 106 കോടിയുടെ പണി 2007ലും അതേ നിരക്കില്‍ തന്നെ ചെയ്യാമെന്ന് ലോകത്ത് ഒരു കമ്പനിയും സമ്മതിക്കില്ല. കരാര്‍ ഒപ്പിട്ട കാലത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഇപ്പോള്‍ കമ്പനിയ്ക്ക നല്‍കാമെന്ന് സമ്മതിച്ച 180 കോടി രൂപ അധികമല്ലെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി.

പണി വീണ്ടും ടെന്‍ഡര്‍ ചെയ്തപ്പോള്‍ 95 ശതമാനം അധികം തുക വരെ ക്വോട്ട് ചെയ്തിരുന്നു. എന്നാല്‍ പതിബെല്ലിന് നല്‍കിയ വര്‍ദ്ധന 72.5 ശതമാനമാണ്. പൊതുമരാമത്ത് പണികളുടെ വര്‍ദ്ധിച്ച നിരക്കനുസരിച്ച് ഇത് അധികത്തുകയല്ല.

പണി പൂര്‍ത്തിയായെന്ന് പൊതുമരാമത്ത് വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗം സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ 14 ദിവസത്തിനകം ബില്ല് മാറി പണം നല്‍കാമെന്ന് ഇപ്പോഴത്തെ കരാറില്‍ വ്യവസ്ഥയുമുണ്ട്. 96 കോടി രൂപ അധികനഷ്ടപരിഹാരം ചോദിച്ചിരുന്ന കമ്പനി അത് 35 കോടിയായി കുറയ്ക്കാമെന്നും ആര്‍ബിട്രേഷന്‍ കേസുകള്‍ ഉപേക്ഷിക്കാമെന്നും സമ്മതിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാണ് ഇപ്പോള്‍ സിപിഐ മന്ത്രിമാര്‍ ധനമന്ത്രിയ്ക്കെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പടയ്ക്കിറങ്ങുന്നത്. ധനമന്ത്രിയും സെക്രട്ടറിയും ചേര്‍ന്ന ബില്ലുകള്‍ തടഞ്ഞുവെച്ചത് മാത്രമാണ് എംസി റോഡ് പുനര്‍നിര്‍മ്മാണത്തിലെ പ്രശ്നമെന്നാണ് പ്രചരിപ്പിക്കുന്നത്.

മുല്ലക്കര രത്നാകരന്റെ കിസാന്‍ശ്രി പദ്ധതിയുമായി ബന്ധപ്പെട്ട് ധനവകുപ്പുയര്‍ത്തിയ സംശയങ്ങളെ തുടര്‍ന്നുളള പകയാണ് സിപിഐ മന്ത്രിമാരെ ധനമന്ത്രിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.

പാര്‍ട്ടിയില്‍ തന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന തോമസ് ഐസക്കിനെ സമ്മേളനകാലത്ത് പരമാവധി ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ വിഎസ് അച്യുതാനന്ദനും സന്തോഷമേയുളളൂ.

ഭരണം എന്നാല്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതാണെന്ന കമ്മ്യൂണിസ്റ്റ് ധാരണയില്‍ നിന്ന് ഇതുവരെ പുറത്തുകടക്കാത്ത ഇടതുമന്ത്രിമാര്‍ ഈ പോക്കുപോവുകയാണെങ്കില്‍ കേരളത്തിന് വരുത്തിവെയ്ക്കുന്ന നഷ്ടം ചെറുതൊന്നുമായിരിക്കില്ല.

മുന്‍പേജില്‍..................

Please Wait while comments are loading...