പുതിയ ഡാമിനുള്ള സാധ്യതകള്‍ പരിശോധിയ്ക്കാം; സുപ്രീം കോടതി
ദില്ലി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കത്തില്‍ പുതിയ ഡാമിന്റെ സാധ്യതകളടക്കം 13 വാദമുഖങ്ങള്‍ കൂടി സുപ്രീം കോടതി പരിശോധിയ്ക്കും.
മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ വാദം കേള്‍ക്കേണ്ട അടിസ്ഥാന വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കേരളവും തമിഴ്നാടും ധാരണയിലെത്തിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ പുതിയ തീരുമാനത്തോടെ കേസ് പുതിയ വഴിത്തിരവിലെത്തിരിക്കുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പ്രശ്നമല്ലെങ്കില്‍ ജലനിരപ്പ് 152 അടി വരെ ഉയര്‍ത്താമെന്ന് സുപ്രീം കോടതി 2006 ല്‍ വിധിച്ചിരുന്നു.
എന്നാല്‍ അണക്കെട്ടിന്റെ സുരക്ഷ ഭീഷണി കണക്കിലെടുത്ത് കേരള നിയമസഭ ഡാം സുരക്ഷ നിയമം പാസാക്കി.
ഇതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയെ സമീപിയ്ക്കുകയും നിയമം നടപ്പിലാക്കുന്നത് തടയണമെന്നാവശ്യപ്പെടുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കോടതി ഏതെല്ലാം വിഷയങ്ങളിലാണ് ചര്‍ച്ച വേണ്ടതെന്ന് എഴുതി നല്കാന്‍ ഇരു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച വിഷയങ്ങള്‍ പരിശോധിച്ച് തയാറാക്കിയ പട്ടികയ്ക്കാണ് കോടതി ഇപ്പോള്‍ അംഗീകാരം നല്കിയിട്ടുള്ളത്,
പെരിയാര്‍ സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും ഉന്നയിച്ച തര്‍ക്കങ്ങളിലും കോടതി വാദം കേള്‍ക്കുന്നുണ്ട്.
പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണെന്ന വാദത്തിനെതിരെ കേരളം രംഗത്ത് വന്നിരുന്നു, പെരിയാര്‍ പൂര്‍ണമായും കേരളത്തിലൂടെ ഒഴുകുന്ന നദിയാണെന്നാണ് കേരളത്തിന്റെ അവകാശവാദം.
ഇതു കൂടാതെ 2006ലെ കോടതി വിധി നിലനില്ക്കെ കേരളം പാസാക്കിയ നിയമത്തിന് സാധുതയോണ്ടോ എന്നാ കാര്യവും കോടതി തീരുമാനമെടുക്കും. തര്‍ക്ക വിഷയങ്ങള്‍ കോടതിയുടെ പരിശോധന പട്ടികയില്‍ ഇടം പിടിച്ചതോടെ കേസില്‍ കേരളത്തിന് ചെറിയൊരു മുന്‍തൂക്കമുണ്ടായിട്ടുണ്ട്.
കേരളത്തിന്റെ നിലപാടുകള്‍ കോടതിയുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ചുവട് വെയ്പാണെന്ന് ജലവിഭവ മന്ത്രി എം,കെ പ്രേമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications