സിപിഐ വാങ്ങിയത് 25 ലക്ഷമെന്ന്
തിരുവനന്തപുരം : മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് പതിച്ചു നല്‍കാന്‍ നടപടിയെടുത്തതിന് പ്രതിഫലമായി സേവി മനോമാത്യു ജനയുഗം ഫണ്ടിലേയ്ക്ക് 25 ലക്ഷം രൂപ നല്‍കിയെന്ന് ആരോപണം.
കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി സി ജോര്‍ജാണ് സിപിഐയ്ക്കെതിരെ ഈ ആരോപണം ഉന്നയിച്ചത്. സേവി ജനയുഗം ഫണ്ടിന് നല്‍കിയ സംഭാവനയുടെ രസീതും മറ്റു വിവരങ്ങളും കഴിഞ്ഞ ദിവസം ഇന്ത്യാ വിഷന്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
സിപിഐയ്ക്കും വനം മന്ത്രി ബിനോയ് വിശ്വത്തിനും എതിരെ സിബിഐ അന്വേഷണം വേണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈലാ സി. ജോര്‍ജ് മാനേജരായ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ പേരൂര്‍ക്കട ശാഖയില്‍ സേവി വന്‍തുക നിക്ഷേപിച്ചെന്നും പി സി ജോര്‍ജ് ആരോപിച്ചു.
ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തത് ബിനോയ് വിശ്വമായിരുന്നു. ഉദ്ഘാടന ദിവസം തന്നെ ഈ ബാങ്കില്‍ സേവിയുടെ അഭിഭാഷകന്‍ വിമല്‍ റോയി ആറര ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. വിമലിന്റെ ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും പേരിലാണ് നിക്ഷേപം.
സേവിയും ബിനോയ് വിശ്വവും സുഹൃത്തുക്കളാണെന്ന് ഇത് തെളിയിക്കുന്നതായി ജോര്‍ജ് ആരോപിച്ചു.
ഇന്ത്യാ വിഷന്‍ പുറത്തു വിട്ട രസീതുകള്‍ പ്രകാരം സേവി ജനയുഗം ഫണ്ടിന് പണം നല്‍കിയത് 2007 മെയ് അഞ്ചിനാണ്. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഡീ നോട്ടിഫൈ ചെയ്യണമെന്നാവശ്യപ്പെട്ട് സേവി നല്‍കിയ അപേക്ഷ മന്ത്രിയുടെ പരിഗണനയിലിരിക്കെയാണ് ഈ പണം നല്‍കിയതെന്ന് വ്യക്തമാണ്. സേവിയെ ഷേഡി കാരക്ടര്‍ എന്ന് വിശേഷിപ്പിച്ച ബിനോയ് വിശ്വത്തിനാണ് ആ പേര് ചേരുന്നതെന്ന് ഇപ്പോള്‍ തെളിയിക്കപ്പെടുന്നു.












Click it and Unblock the Notifications