നാനോയ്‌ക്കും ബംഗാള്‍ സര്‍ക്കാരിനും അനുകൂല വിധി
കൊല്‍ക്കത്ത: വ്യവസായവത്ക്കരണവുമായി മുന്നോട്ടു പോകാനുള്ള ബംഗാള്‍ സര്‍ക്കാരിനും ടാറ്റയുടെ വിസ്‌മയമായ നാനോയ്‌ക്കും അനുകൂലമായി ഹൈക്കോടതി വിധി.
ബംഗാളിലെ ടാറ്റയുടെ കാര്‍ നിര്‍മാണശാലയായ സിങ്കൂരിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച 11 കേസുകള്‍ ഹൈക്കോടതി തള്ളി.
ടാറ്റ പുതിയ കാര്‍ പുറത്തിറക്കിയ സന്ദര്‍ഭത്തിലാണ് കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. കാര്‍ നിര്‍മാണ ശാലയ്‌ക്കായി സിങ്കൂരില്‍ 997.11 ഏക്കര്‍ ഭൂമിയാണ് ബംഗാള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമ വിധേയമല്ലായെന്ന് ചൂണ്ടിക്കാണിച്ച് 2006 ഫെബ്രുവരി 9ന് ജോയ്‌ദീപ് മുഖര്‍ജി എന്നയാളാണ് ആദ്യം കേസ് ഫയല്‍ ചെയ്‌തത്.
പിന്നീട് പത്തു പേര്‍ കൂടി ഇത്തരത്തില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 1894ലെ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമല്ല ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് എന്നായിരുന്നു കേസ്. കൂടാതെ കൃഷി ഭൂമി ഏറ്റെടുത്തത് നിയമ വിരുദ്ധമാണെന്നും ആരോപിച്ചിരുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എസ് നിജ്ജാര്‍, പി.സി ഘോഷ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് തള്ളുകയായിരുന്നു. ലോക ശ്രദ്ധയാകര്‍ഷിച്ച ടാറ്റയുടെ നാനോ കാര്‍ നിര്‍മാണം സിങ്കൂരിലെ ഫാക്ടറിയിലാണ് നടക്കുന്നത്.
ജനുവരി 10ന് നാനോയുടെ പ്രദര്‍ശന വേളയില്‍ ടാറ്റ ഗ്രൂപ്പ് തലവന്‍ രത്തന്‍ ടാറ്റ കാര്‍ ഫാക്ടറി നിര്‍മാണത്തിന് പിന്തുണ നല്‌കിയ പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിനെ നിര്‍ലോഭം പ്രശംസിച്ചിരുന്നു.












Click it and Unblock the Notifications