പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യയ്‌ക്കു ശ്രമിച്ചു
മലപ്പുറം: വൈലത്തൂര്‍ പെണ്‍വാണിഭക്കേസിലെ ഇര മഞ്ചേരി സബ്‌ജയിലില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്ന് പിതാവും മനുഷ്യാവകാശ പ്രവര്‍ത്തകരും. പീഡനക്കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും വെട്ടേറ്റ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ചേരി സബ്‌ജയിലില്‍ പോയ പി.എ പൗരനോടാണ് ഇക്കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയതത്രേ. കഴിഞ്ഞ ശനിയാഴ്‌ചയാണ് തിരൂര്‍ സെന്‍ട്രല്‍ തിയറ്ററില്‍ നിന്നും പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുവന്ന് തിരൂര്‍ സിഐ അനാശാസ്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തത്.
ഏറണാകുളത്തെ വ്‌സത്രക്കടയില്‍ ജോലിചെയ്യുകയായിരുന്ന പെണ്‍കുട്ടി തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടിയാണത്രേ നാട്ടിലെത്തിയത്. ഏറണാകുളത്തേയ്‌ക്ക് പോകാനുള്ള തീവണ്ടി വരുന്നതിന് മുമ്പായി തിയേറ്ററില്‍ കയറിയതായിരുന്നുവെന്നാണ് ജയിലില്‍ സന്ദര്‍ശിച്ചവരോട് പെണ്‍കുട്ടി പറഞ്ഞത്.
പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്‌തകാര്യം പൊലീസ് വീട്ടില്‍ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളില്‍ നിന്നാണ് വീട്ടുകാര്‍ കാര്യമറിഞ്ഞത്. വൈലത്തൂര്‍ പെണ്‍വാണിഭ-വധശ്രമ-തീവെപ്പ് കേസുകളിലെ മുഖ്യപ്രതിയെയും മറ്റു പ്രതികളെയും പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി കഴിഞ്ഞ ദിവസം മറ്റൊരു സാക്ഷിക്കുനേരെ വധഭീഷണി മുഴക്കിയിട്ടുണ്ട്.
പെണ്‍വാണിഭ സംഘത്തിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുത്തിയിരുന്നുവെന്നും ഇതിന് മുമ്പ് രണ്ടുതവണ കുട്ടി ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. കുട്ടിയുടെ മാനസിക വിഭ്രാന്തി മാറ്റാന്‍ ചികിത്സയും നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് ഈയിടെ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇരയെ സംരക്ഷിക്കുന്തന് പകരം പ്രതികളോടൊപ്പം നിന്ന് വേട്ടയാടുകയാണ് പൊലീസ് ചെയ്യുന്നത്. പെണ്‍കുട്ടിയ്‌ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ വൈലത്തൂരിലെ വിജയനെയും സഹോദരന്‍ ദാമോദരനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നു. ഇതിന് കാരണക്കാരായവരെ ഇതുവരെ പിടികൂടിയിട്ടില്ല. ജാമ്യത്തിലിറങ്ങിയ മുഖ്യ പ്രതി മറ്റു സാക്ഷികളെയും ഭീഷണിപ്പെടുത്തുകയാണ്- വാര്‍ത്താസമ്മേളനം നടത്തിയവര്‍ ആരോപിച്ചു.
കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചു. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ചിരുന്ന സിഐ വിജയകൃഷ്‌ണന്‍ ശരീയായ രീതിയില്‍ മുന്നോട്ടുപോയിരു്‌നനു. എന്നാല്‍ പുതിയ അന്വേഷണോദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളില്‍ ദൂരൂഹതയുണ്ടെന്നും അവര്‍ ആരോപിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകരായ പി.ഗീത, സുന്ദര്‍രാജന്‍, പെണ്‍കുട്ടിയുടെ പിതാവ്, അഭയം നല്‍കിയതിന് വെട്ടേറ്റ വിജയന്‍, ദാമോദരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍ പെണ്‍കുട്ടി മാനസിക വിഭ്രാന്തി പ്രകിടിപ്പിക്കുകമാത്രമാണ് ചെയ്‌തതെന്നും ആത്മഹത്യാശ്രമം നടത്തിയിട്ടില്ലെന്നുമാണ് ജയിലധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications