ബാറക് മിസൈല്‍ ഇടപാട് : സിബിഐയെ കോടതി വിമര്‍ശിച്ചു
ദില്ലി: ആയുധ ഇടപാടുകളിലെ അഴിമതിയ്‌ക്കെതിരെ സുപ്രീം കോടതിയുടെ വികാര പ്രകടനം.
1150 കോടി രൂപയുടെ ബരാക് മിസൈല്‍ ഇടപാട് സംബന്ധിച്ചുള്ള കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി വികാരപരമായി പ്രതികരിച്ചത്. കേസില്‍ പ്രതിയായ മുന്‍ നേവി ചീഫ് എസ്.എം നന്ദയുടെ പാസ്‌പോര്‍ട്ട് സിബിഐ കണ്ടുകെട്ടിയ കേസ് പരിഗണിയ്‌ക്കുകയായിരുന്നു സുപ്രീം കോടതി.
രാജ്യ രക്ഷയ്‌ക്കെന്ന പേരില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലെ അഴിമതിയും ഉന്നതരുടെ പങ്കിനെയും സുപ്രീം കോടതി വിമര്‍ശിച്ചു.
ബാരക് മിസൈല്‍ ഇടപാടുകള്‍ സംബന്ധിച്ചുള്ള കുറ്റപത്രത്തില്‍ പേരുള്ള ജോര്‍ജ് ഫെര്‍ണാണ്ടസിനെ സിബിഐയുടെ ചോദ്യം ചെയ്യലിന് വിധേയമാക്കാത്ത നടപടിയെ കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തിലുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് അഡീഷണല്‍ സോളിസ്‌റ്റര്‍ ജനറല്‍ അമരേന്ദ്ര ശരണിന് മറുപടി നല്‌കാനായില്ല.
പ്രതിരോധ ഇടപാടുകളില്‍ നടക്കുന്നതെന്തെന്ന് ജനങ്ങള്‍ക്കറിയാം. ഇന്ത്യയിലെ ജനങ്ങള്‍ വിഡ്‌ഢികളല്ല. ഉന്നതര്‍ വെട്ടിയ്‌ക്കുന്ന പണം എത്തുന്നത് സ്വിസ് ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകളിലേക്കാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു പറഞ്ഞു.
അഡ്‌മിറല്‍മാരുടെയും ജനറല്‍മാരുടെയും മക്കള്‍ ആയുധക്കച്ചവടത്തില്‍ ഇടപെടരുതെന്നും കോടതി അഭിപ്രായപ്പെട്ടു. എഫ്‌ഐആറില്‍ പേരുകളുള്ള മറ്റു രാഷ്ട്രീയക്കാര്‍ക്കെതിരെയും ആക്ഷേപങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബാരക് മിസൈല്‍ ഇടപാടില്‍ സമത പാര്‍ട്ടി നേതാക്കളായ ജയ ജെറ്റ്‌ലി, ആര്‍.കെ ജെയിന്‍, മുന്‍ നാവിക സേന മേധാവി സുശീല്‍ കുമാര്‍ എന്നിവരുടെ പേരും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ആരോപണ വിധേയനായ നന്ദയുടെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാന്‍ കോടതി സിബിഐയ്ക്കു നിര്‍ദേശം നല്കിയിട്ടുണ്ട്.
ഫെര്‍ണാണ്ടസിന്റെ വസതിയില്‍ വെച്ച് ആര്‍.കെ ജെയിന്‍ ഒരു കോടി രൂപ നന്ദയുടെ കൈയ്യില്‍ നിന്നും വാങ്ങിയെന്ന തെഹല്‍ക്ക വെളിപ്പെടുത്തലിനെ ആധാരമാക്കിയാണ് കേസ്.












Click it and Unblock the Notifications