കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കശ നിലാപടുകള്‍, വിട്ടുവീഴ്ചയില്ലാത്ത സമീപനം

  • By Staff
Google Oneindia Malayalam News

കര്‍ക്കശമായ തീരുമാനങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് പിണറായിയുടേത്. തന്ത്രശാലിയായ രാഷ്ട്രീയ നേതാവുമാണ് പിണറായി വിജയന്‍. കരുണാകരനെയും മകനെയും കോണ്‍ഗ്രസിന് പുറത്തെത്തിച്ചത് പിണറായിയുടെ തന്ത്രങ്ങളാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കരുണാകരന്റെ മടങ്ങിപ്പോക്കിനു പിന്നിലും അദ്ദേഹം തന്നെയാണ് കഥകള്‍ പ്രചരിച്ചെങ്കിലും അതിന് പക്ഷേ, വേണ്ടത്ര വിശ്വാസ്യത കിട്ടിയില്ല.

എന്നാല്‍ ഡിഐസിയെ ഇടതുമുന്നണിയില്‍ ചേര്‍ക്കാനുളള തന്ത്രങ്ങള്‍ക്ക് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ തടയിട്ടതോടെ, കേരളത്തിലെ ഇടതുമുന്നണിയുടെ തലവര അമ്പേ മാറ്റുമായിരുന്ന ഒരു രാഷ്ട്രീയ പരീക്ഷണം അലസിപ്പോയി. മുസ്ലീംലീഗുമായുണ്ടാക്കിയ അടവുനയത്തിനു പിന്നിലും പിണറായി വിജയന്റെ തലച്ചോറാണെന്ന് ആരോപിക്കപ്പെടുന്നു.

മത്തായിചാക്കോ മരണപ്പെട്ടതിനെ തുടര്‍ന്ന് നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ ചുമതല സ്വയം ഏറ്റ് കത്തോലിക്കാ സഭയുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതും പിണറായിയുടെ സംഘടനാ പാടവത്തിന്റെ മികവായി എടുത്തു കാണിക്കപ്പെടുന്നു.

മികച്ച തന്ത്രങ്ങളുമായി ‍ സിപിഎമ്മിന്റെ സംഘടനാ ശ്രേണിയിലും പിണറായി വിജയന്റെ അശ്വമേധം തുടരുന്നു. നിശിതമായ ആ സംഘടനാ പാടവത്തില്‍ അച്യുതാനന്ദന്റെ വലംകൈകളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന തലയെടുപ്പുളളള നേതാക്കളെയെല്ലാം ആ പക്ഷത്തോട് വിട പറഞ്ഞ് പിരിഞ്ഞു.

ഡോ.തോമസ് ഐസക്കും എം എ ബേബിയും കോടിയേരി ബാലകൃഷ്ണനുമടങ്ങുന്ന സിപിഎമ്മിലെ പുതുനിരയുടെ നേതൃത്വം പിണറായി വിജയന്റെ ഉളളംകൈയിലാണ്. അത് വിഎസ് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും നഷ്ടപ്പെട്ടത് ചവിട്ടി നില്‍ക്കാനുളള മണ്ണാണ്.

ലാവ്‍ലിന്‍ കേസും സിംഗപ്പൂര്‍ ബന്ധങ്ങളും ആഡംബര ജീവിതവും ഒടുവില്‍ മക്കളുടെ പഠനവും ചൂണ്ടിക്കാട്ടി മാധ്യമങ്ങളും പാര്‍ട്ടിയില്‍ ഒരു വിഭാഗവും കടിച്ചു കുടഞ്ഞിട്ടും തെല്ലും കൂസിയില്ല, പിണറായി. ഏത് മനുഷ്യനും, രാഷ്ട്രീയ നേതാവും തകര്‍ന്നുപോകുന്ന വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വേട്ടയാടിയപ്പോഴും അക്ഷോഭ്യനായി അവയെ നേരിട്ട പിണറായി, കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനാവുന്നതും അങ്ങനെയാണ്. ഓരോ വിവാദവും പിണറായിയെ കൂടുതല്‍ കരുത്തനാക്കുന്നു.

ഇന്നോളം ഒരു സിപിഎം സംസ്ഥാന സെക്രട്ടറിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വിവാദങ്ങളിലെ വില്ലന്‍ സ്ഥാനത്താണ് പിണറായി. ആ വിവാദങ്ങളെ പിണറായി നേരിട്ട രീതിയിലും വ്യത്യസ്തതയുണ്ട്. "വ്യത്യസ്തനാമൊരു സെക്രട്ടറിയാം വിജയനെ സത്യത്തില്‍ വിഎസ് തിരിച്ചറിഞ്ഞില്ലെ"ന്ന് പറയുന്നതാവും ശരി.

വ്യക്തിപരമായ ഒരു ആരോപണത്തിനും പിണറായി വിജയന്‍ മറുപടി പറയുന്നില്ല. ലാവ്‍ലിന്‍ വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനു മീതെ കാളമേഘം പോലെ വന്നിട്ടും എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വിട്ടു പറഞ്ഞി‍ട്ടില്ല. ലാവ്‍ലിന്‍ കേസില്‍ തന്നെ കയ്യാമം വെയ്ക്കാന്‍ സിബിഐ വരുമ്പോള്‍ എന്താണ് നടന്നെന്ന് വ്യക്തമാക്കാം എന്ന ഭീഷണി കലര്‍ന്ന മുന്നറിയിപ്പാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായി മുഴക്കിയത്. പാര്‍ട്ടിയെ ആകെ പ്രതിരോധത്തിലാക്കുന്ന എന്തൊക്കെയോ ലാവ്‍ലിന്‍ കേസിന്റെ അണിയറയില്‍ ഉണ്ടാകുമെന്ന് ഊഹിക്കുക മാത്രമാണ് പുറത്തുളളവര്‍ക്ക് കരണീയം.

മകന്റെ വിദേശ പഠനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോടും ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെടുക്കപ്പെട്ട സംഭവങ്ങളോടും പിണറായി പ്രതികരിച്ചതും നിസംഗതയോടെ. ഫാരിസ് അബൂബേക്കറുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലും മാധ്യമങ്ങളുടെ ആരോപണത്തിന് പിണറായി ഇന്നോളം നേരിട്ട് മറുപടി പറഞ്ഞിട്ടില്ലെന്നും ഈ അവസരത്തില്‍ ഓര്‍ക്കാം.

സ്വന്തം വ്യക്തിജീവിതത്തിനു നേരെ ഉയരുന്ന രൂക്ഷമായ വെല്ലുവിളികളോട് നിസംഗഭാവത്തില്‍ പ്രതികരിക്കുകയും പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളോട് വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യുന്ന സംഘടനാശൈലിയാവാം പിണറായിയെ പാര്‍ട്ടിക്കാര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്.

ആര്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ വളരുകയാണ്. സ്വകാര്യ ജീവിതത്തില്‍ കടുത്ത ദുരൂഹത ആരോപിക്കപ്പെടുമ്പോഴും പൊതുജീവിതത്തില്‍ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍. ഐക്യകേരളം കണ്ട ഏറ്റവും വ്യത്യസ്തനായ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് പിണറായി വിജയനെന്ന് നിസംശയം പറയാം‍, ഏതര്‍ത്ഥത്തിലും.

ഒഞ്ചിയം സ്വാതന്ത്ര്യ സമര സേനാനി ആണ്ടി മാസ്റ്ററുടെ മകള്‍ കമലയാണ് പിണറായി വിജയന്റെ ഭാര്യ. രണ്ടു മക്കള്‍. വിവേക് കിരണും വീണയും.

അടുത്ത സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ നയിക്കാനുളള ചുമതല പിണറായി വിജയനാണ്. എല്ലാ എതിര്‍പ്പിനെയും ഭസ്മീകരിച്ച് പിണറായി മുന്നേറുമ്പോള്‍ കേരളം ഭയക്കുകയാണോ? ഇടതുമുന്നണി ഭരണത്തിന്റെ ശേഷിക്കുന്ന മൂന്നു വര്‍ഷങ്ങള്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കട്ടെ.

മുന്‍പേജില്‍






വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X