ബാങ്ക് കവര്ച്ച: നാലു പേരെ റിമാന്റ് ചെയ്തു, പ്രചോദനമായത് ഹിന്ദി ചിത്രം
മലപ്പുറം: സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചേലേമ്പ്ര ശാഖ കൊള്ളയടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നാലുപേരെ പരപ്പനങ്ങാടി ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
കവര്‍ച്ചയുടെ ആസൂത്രകന്‍ കോട്ടയം മേലുകാവ് ഉള്ളനാട് വാണിയംപുരയ്ക്കല്‍ വീട്ടില്‍ ജോസഫ് എന്ന ജെയ്സണ്‍ എന്ന ബാബു (40), തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരി കടവില്‍ വീട്ടില്‍ ഷിബു എന്ന രാകേഷ് എന്ന ബെന്നി (26), കൊയിലാണ്ടി മൂടാടി നങ്ങലത്ത് വീട്ടില്‍ രാധാകൃഷ്ണന്‍(46), ഭാര്യ വടകര പുറമേരി കോടഞ്ചേരി മാലോല്‍ വീട്ടില്‍ കനകേശ്വരി (34) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ജോസഫിനെയും ഷിബുവിനെയും കോഴിക്കോട് കോട്ടൂളിയിലെ ജോസഫിന്റെ വാടകവീട്ടില്‍നിന്നും രാധാകൃഷ്ണനെയും കനകേശ്വരിയെയും കോഴിക്കോട് വിരിപ്പിലെ വാടകവീട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 57.29 കിലോഗ്രാം സ്വര്‍ണവും 5.51 ലക്ഷം രൂപയും വീണ്ടെടുത്തിട്ടുണ്ട്.
ബാങ്ക് കൊള്ളയടിക്കാന്‍ പ്രതികള്‍ക്ക് പ്രേരണയായത് 'ധൂം' എന്ന ഹിന്ദി ചലച്ചിത്രം. രണ്ടുഭാഗങ്ങളുള്ള ഈ സിനിമയുടെ ആദ്യഭാഗത്ത് ജോണ്‍ അബ്രഹാമിന്റെ കബീര്‍ഭായി എന്ന കഥാപാത്രം അതിനൂതന സംവിധാനങ്ങളുടെ സഹായത്തോടെ ബാങ്ക് കൊള്ളയടിച്ച് വിദഗ്ധമായി രക്ഷപ്പെടുകയാണ്.
ബാങ്കിനെക്കുറിച്ച് മനസ്സിലാക്കിയ ജോണ്‍ അബ്രഹാമും സംഘവും കവര്‍ച്ചയ്ക്കായി ബാങ്കിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ജോലിക്കാരായി കയറുന്നു. പിന്നീട് ഹോട്ടലില്‍ പുതുവത്സരാഘോഷം നടക്കുന്നതിനിടെ കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ സഹായത്തോടെ ബാങ്കിന്റെ മേല്‍ക്കൂര (ഹോട്ടലിന്റെ തറ) ചതുരത്തില്‍ ഭേദിച്ച് താഴേക്കിറങ്ങി പണം കവരുന്നതായാണ് ചിത്രത്തിലുള്ളത്.
സിനിമ നല്‍കിയ ആവേശമുള്‍ക്കൊണ്ട് രണ്ടുമാസത്തെ സൂക്ഷ്മനിരീക്ഷണത്തിനുശേഷമാണ് ജോസഫും സംഘവും ചേലേമ്പ്രയില്‍ കവര്‍ച്ച നടത്തുന്നത്. കാവല്‍ക്കാരില്ലെന്നതും ചേലേമ്പ്രയിലെ ബാങ്ക്തന്നെ കവര്‍ച്ചയ്ക്കായി തിരഞ്ഞെടുക്കാന്‍ കാരണമായി. കവര്‍ച്ചയ്ക്കായി താഴെ നിലയിലെ ഹോട്ടല്‍ കച്ചവടം നടത്താനെന്നപേരില്‍ വാടകക്കെടുത്തു.
സിനിമയില്‍ മുകളില്‍നിന്നു താഴേക്കാണ് തുരന്നതെങ്കില്‍ ചേലേമ്പ്രയില്‍ മുകള്‍നിലയിലെ ബാങ്കിലെത്താന്‍ ഹോട്ടലിന്റെ മേല്‍ക്കൂര (ബാങ്കിന്റെ തറ) തുരക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ശ്രമം തിങ്കളാഴ്ച പുലര്‍ച്ചെയാണവസാനിച്ചത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര തുരക്കാനുപയോഗിച്ച ഉപകരണമെന്തെന്നുപോലും മനസ്സിലാകാത്തത്ര അതിവിദഗ്ധമായിരുന്നു മോഷണം.
കവര്‍ച്ചക്കാര്‍ വന്ന കാര്‍ മൂടിയിട്ടതും ഹോട്ടലിന്റെ ജനലുകള്‍ തുണികൊണ്ടുമറച്ചതും കവര്‍ച്ചയിലെ സിനിമാ സ്വാധീനം വ്യക്തമാക്കുന്നുവെന്ന് എ.ഡി.ജി.പി ജെ.എസ്. ജംഗ്പാംഗി പറഞ്ഞു. മലപ്പുറം എസ്.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഒടുവില്‍ പ്രതിയെ വലയിലാക്കിയത്. സംസ്ഥാനത്തെ ബാങ്ക് കവര്‍ച്ചകളുടെ ചരിത്രത്തിലാദ്യമായിയാണ് തൊണ്ടിമുതല് സഹിതം പ്രതികള് അറസ്റ്റിലാകന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications