സമാധാന സേനാംഗങ്ങള്‍ക്കെതിരെ മാനഭംഗക്കേസ്
ദില്ലി: ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനയുടെ ഭാഗമായി കോംഗോയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘത്തിലെ മൂന്നു പേരെ ദക്ഷിണാഫ്രിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സമാധാന സേനയിലെ അംഗങ്ങളായ ഒരു ലഫ്റ്റണന്‍റ് കേണലിനെയും രണ്ട് മേജര്‍മാരെയുമാണ് ബലാല്‍സംഗക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത്.
പ്രൊറ്റോറിയയിലെ പ്ലീറ്റന്‍ബര്‍ഗിലെ ഒരു വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമാധാന സേനയിലെ അംഗങ്ങളായ ഇവര്‍ ഒഴിവു ദിനം ആഘോഷിക്കാനാണ് പ്രിറ്റോറിയയില്‍ എത്തിയത്.
മോസല്‍ ബേയിലെ ഒരു ഹോട്ടലില്‍ നിന്നും മാര്‍ച്ച് പന്ത്രണ്ടിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം മുഴുവന്‍ ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുകയും ചെയ്തു. ജോഹനസ്ബര്‍ഗിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എത്തിയാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇവരെ താത്ക്കാലികമായി മോചിപ്പിച്ചത്.
ഐക്യരാഷ്‌ട്ര സഭയുടെ ഭാഗമായിരിക്കെ സുരക്ഷിതമല്ലാത്ത ഒരു കേന്ദ്രത്തില്‍ ഇഅവര്‍ എങ്ങിനെ എത്തിയെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്‍റണി ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാന സേനയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. 4,300ല് ഏറെ ഇന്ത്യന് സൈനികരാണ് സമാധാനസേനയില് ഉള്ളത്.












Click it and Unblock the Notifications