ടാറ്റയ്‌ക്കു നല്‍കിയ പാട്ടഭൂമി തിരിച്ചുപിടിക്കാന്‍ പൂഞ്ഞാര്‍ കോവിലകം
കൊച്ചി: മൂന്നാര്‍ കണ്ണന്‍ ദേവന്‍ മലകളില്‍ നിന്നും ടാറ്റയെ ഒഴിപ്പിക്കാന്‍ നിയമനടപടി തുടങ്ങിയതായി പൂഞ്ഞാര്‍ കോവിലകത്തിന്റെ പ്രതിനിധിയായ പി സുന്ദര്‍രാജന്‍ അറിയിച്ചു.
പൂഞ്ഞാര്‍ കോവിലകത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കണ്ണന്‍ദേവന്‍ മലകളെന്നും ആ അവകാശത്തെ ടാറ്റ നിഷേധിച്ച സാഹചര്യത്തിലാണ് സ്ഥലം തിരികെയെടുക്കാന്‍ നടപടി തുടങ്ങിയതെന്നും സുന്ദര്‍രാജന്‍ വിശദീകരിച്ചു. മൂന്നാര്‍ മുതല്‍ തലയാര്‍ വരെയുള്ള കണ്ണന്‍ ദേവന്‍ മലകളുടെ ഉടമസ്ഥര്‍ എക്കാലവും പൂഞ്ഞാര്‍ കോവിലകമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തോട്ടം തിരികെയെടുത്തുനടത്താന്‍ സംയുക്തസംരംഭത്തിന് അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. സ്ഥലത്തിന്റെയും പദ്ധതികളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ആരംഭിച്ച www.munnarlandlords.com എന്ന പോര്‍ട്ടല്‍ സെബാസ്‌റ്റിയന്‍ പോള്‍ എംപി ഉത്‌ഘാടനം ചെയ്‌തു.
പാട്ടക്കരാര്‍ റദ്ദാക്കി സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ദേവികുളം കോടതിയില്‍ മാര്‍ച്ച് 28ന് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ടാറ്റയുടെ കൈവശമുള്ള ഭൂമി 1877ല്‍ കോവിലകത്തിന്റെ കാരണവരായിരുന്ന കോയിക്കല്‍ കേരളവര്‍മരാജ വിദേശിയായ ജോണ്‍ ഡാനിയേല്‍ മണ്‍ഡ്രോയ്‌ക്ക് 5000 ബ്രിട്ടീഷ് രൂപ കരുതല്‍ നിക്ഷേപമായി വാങ്ങി പാട്ടത്തിന് നല്‍കിയതാണ്. വര്‍ഷം 3000രൂപ വാടകയും നിശ്ചയിച്ചിരുന്നു.
കരാര്‍ ലംഘിച്ചാല്‍ പ്രതിഫലമൊന്നുമില്ലാതെ തോട്ടത്തില്‍ നിന്നും ഒഴിഞ്ഞുപോകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കണ്ണന്‍ദേവന്‍ മലകളില്‍ പൂഞ്ഞാര്‍ കോവിലകത്തിന് അവകാശമൊന്നുമില്ലെന്ന് ടാറ്റ പ്രഖ്യാപിച്ചതോടെ കരാര്‍ ലംഘനം നടത്തിയിരിക്കുകയാണ്. തുടര്‍ന്ന് മൂന്നു വര്‍ഷത്തിനകം പാട്ടക്കാരെ കുടിയൊഴിപ്പിച്ചില്ലെങ്കില്‍ കോവിലകത്തിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടുമെന്നതിനാലാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സുന്ദര്‍രാജന്‍ പറഞ്ഞു.
കരാര്‍ ഒരുനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞെങ്കിലും ടാറ്റ ഇപ്പോഴും വാടക അടയ്‌ക്കുന്നുണ്ട്. ഇത് പൂഞ്ഞാര്‍ കോവിലകത്തിന് തോട്ടത്തിലുള്ള അവകാശം തെളിയിക്കുന്നതാണെന്നും സുന്ദര്‍രാജന്‍ അഭിപ്രായപ്പെട്ടു.
മൂന്നാറിലെ യൂക്കാലി മരങ്ങള്‍ വെട്ടിക്കളഞ്ഞ് 25,000 ഏക്കറില്‍ കാപ്പിത്തോട്ടം തുടങ്ങാനാണ് ഭൂമി തിരിച്ചുപിടിച്ചാല്‍ ഉടന്‍ ലക്ഷ്യ മിടുന്നതെന്ന് കോവിലകത്തിലെ അവകാശി രേവതിനാള്‍ കനകമണി തമ്പുരാട്ടിയുടെ ഭര്‍ത്താവായ പി. സുന്ദര്‍രാജന്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications