വധങ്ങളില്‍ ചൈനക്ക് സ്വര്‍ണമെഡല്‍
ലണ്ടന്‍ : ഒളിമ്പിക്സ് നടക്കുന്ന ആഗസ്ത് മാസത്തില്‍ ചൈന 400 പേരെ വധശിക്ഷക്ക് വിധേയമാക്കുമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു.
വിശ്വസനീയമായ കണക്കുകള്‍ പ്രകാരം ചൈന ദിവസേന ശരാശരി 22 പേരെയാണ് വധശിക്ഷക്കു വിധേയമാക്കുന്നത്. അതു പ്രകാരം ഒളിമ്പിക്സ് ഗെയിംസ് നടക്കുന്ന ദിവസങ്ങളില്‍ 374 പേരെ അവര്‍ വധിക്കും- ആംനെസ്റ്റി ബ്രിട്ടീഷ് ഡയറക്ടര്‍ കെയിറ്റ് അലന്‍ പറഞ്ഞു.
470 പേരെ കഴിഞ്ഞ വര്‍ഷം വധശിക്ഷക്കു വിധേയമാക്കിയതായി ചൈന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വധശിക്ഷക്കു വിധേയമായവരുടെ യഥാര്‍ത്ഥ സംഖ്യ 18,000 ആണെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്. വധശിക്ഷ നടപ്പാക്കുന്നതില്‍ ചൈനക്കാണ് സ്വര്‍ണമെഡലെന്ന് അലന്‍ പറഞ്ഞു.
വധശിക്ഷകള്‍ വെളിപ്പെടുത്താതിരിക്കുന്ന ചൈനയുടെ മേല്‍ ഇക്കാര്യത്തില്‍ തുറന്ന സമീപനം വേണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്താന്‍ ആംനെസ്റ്റി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയോടും അത് ലറ്റുകളോടും ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയെ രാജ്യത്തിന്റെ രഹസ്യമായാണ് ചൈന കണക്കാക്കുന്നതെന്നും അലന്‍ ആരോപിച്ചു.
ചൈനയില്‍ എഴുപതോളം കുറ്റങ്ങള്‍ വധശിക്ഷ കിട്ടാവുന്നതാണ്. നികുതി വെട്ടിപ്പ്, വാറ്റ് രശീതി മോഷ്ടിക്കുക, ഇലക്ട്രിക് ഊര്‍ജ സാമഗ്രികള്‍ കേടുവരുത്തുക, വ്യാജ മരുന്ന് വില്പന, കോഴ വാങ്ങുക തുടങ്ങിയവ ഇതില്‍ പെടുമെന്ന് ആംനെസ്റ്റി പറയുന്നു.












Click it and Unblock the Notifications