ആനത്തലവട്ടം സിപിഎം സെക്രട്ടേറിയറ്റില്‍...
തിരുവനന്തപുരം : എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി ആനത്തലവട്ടം ആനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. ആറ്റിങ്ങല്‍ എംഎല്‍എയും നിയമസഭയിലെ ചീഫ് വിപ്പുമായ അദ്ദേഹം തീര്‍ത്തും അപ്രതീക്ഷിതമായാണ് സിപിഎം സംസ്ഥാന ഘടകത്തിന്റെ തലപ്പത്ത് എത്തുന്നത്.
പാര്‍ട്ടിയില്‍ വിഎസ് അച്യുതാനന്ദനോടാണ് ആനത്തലവട്ടത്തിന് കൂറ്. ഔദ്യോഗിക പക്ഷത്തിന് മാരക ഭൂരിപക്ഷമുളള സംസ്ഥാന കമ്മിറ്റി ആനത്തലവട്ടത്തെ സെക്രട്ടേറിയറ്റിലേയ്ക്ക് തിരഞ്ഞെടുത്തത് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഗ്രൂപ്പിന് അറുതി വരുത്താനുളള ഔദ്യോഗിക പക്ഷത്തിന്റെ ദൃഢനിശ്ചയത്തിന്റെ തെളിവാണ് ഈ നീക്കമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ ഇ ബാലാനന്ദനെ ഒഴിവാക്കിയതൊഴിച്ചാല്‍ വേറെയൊരു മാറ്റവും സെക്രട്ടേറിയറ്റിലില്ല.
കേരളത്തിലെ സെക്രട്ടേറിയറ്റില്‍ നിന്നുളള ഏഴുപേര്‍ മന്ത്രിസഭയിലും ഉണ്ടായിരിക്കുന്നത് പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വമ്പന്‍ ഊഹാപോഹങ്ങളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
മാധ്യമ പ്രവചനങ്ങളെ തെറ്റിച്ച് കോടിയേരി ബാലകൃഷ്ണന്‍ പൊളിറ്റ് ബ്യൂറോയില്‍ പ്രവേശിച്ചതു പോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു ആനത്തലവട്ടത്തിന്റെ സ്ഥാനാരോഹണവും. പിണറായി വിജയന്റെ വലം കൈയായ പി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇടംപിടിക്കുമെന്നായിരുന്നു പ്രചരണം.
പൊളിറ്റ് ബ്യൂറോ ഇടപെട്ട് മന്ത്രിമാരെ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കുമെന്നും നിരീക്ഷകര്‍ പ്രവചിച്ചു.
ട്രേഡ് യൂണിയന്‍ നേതാവായ ഇ ബാലാനന്ദന്റെ ഒഴിവിലേയ്ക്ക് മറ്റൊരു ട്രേഡ് യൂണിയന്‍ നേതാവ് തന്നെ വരണമെന്ന തീരുമാനമാണ് ആനത്തലവട്ടത്തിന് തുണയായത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുളള ഒരാള്‍ വേണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹവും അദ്ദേഹത്തിന് അനുകൂലമായി.
മണിച്ചന്റെ നേതൃത്വത്തിലുളള വ്യാജചാരായ ലോബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ആക്ഷേപിക്കപ്പെട്ട സിപിഎം നേതാവാണ് ആനത്തലവട്ടം ആനന്ദന്‍. മണിച്ചന്റെ പ്രതാപകാലത്ത് ആനത്തലവട്ടമായിരുന്നു ആറ്റിങ്ങല്‍ എംഎല്‍എ.
ആനത്തലവട്ടത്തിന്റെ പരിപൂര്‍ണ പിന്തുണയോടെയാണ് മദ്യരാജാവിലേയ്ക്കുളള മണിച്ചന്റെ വളര്‍ച്ചയെന്ന് പരക്കെ ആരോപണം നിലനിന്നിരുന്നു.
നിയമസഭയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന എംഎല്‍എ ആയ ആനത്തലവട്ടം മന്ത്രിയാകുമെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി പരിഗണിച്ചില്ല. തന്നെ ഒതുക്കിയതാണെന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നെങ്കിലും എതിര്‍പക്ഷത്തിന്റെ ശക്തിയോര്‍ത്ത് നിശബ്ദനാവുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications