അയ്യേ...പിള്ളേരിതൊന്നും അറിയേണ്ട.....
ദില്ലി : പാര്‍ട്ടി ഭേദമെന്യെ എംഎല്‍എമാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ക്കൂള്‍ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഏര്‍പ്പെടുത്താനുളള പദ്ധതിയില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വാങ്ങി.
വിദ്യാഭ്യാസ മന്ത്രി വസന്ത് പുര്‍ക്കെ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഒമ്പതു മുതല്‍ 11 വരെ ക്ലാസുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള തീരുമാനത്തില്‍ നിന്നാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്. ഇന്ത്യയുടെ സംസ്ക്കാരത്തിന് വിരുദ്ധമാണ് ഈ നീക്കമെന്ന് ബിജെപി പ്രസ്താവിച്ചിരുന്നു.
കേന്ദ്ര മാനവശേഷി വകുപ്പിന്റെ കീഴിലുളള ദേശീയ കൗമാര വിദ്യാഭ്യാസ പദ്ധതി ഒരോ സംസ്ഥാനങ്ങളിലായി തിരിച്ചടി നേരിടുകയാണ്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകേണ്ടി വന്നു.
പാഠപുസ്തകങ്ങളുടെ ഉളളടക്കത്തെക്കുറിച്ചാണ് പരാതികളേറെയും. പരാതി പ്രവാഹത്തെ തുടര്‍ന്ന്, ഉദ്ധാരണം, സ്വയംഭോഗം, സ്ഖലനം, സംഭോഗം, കൗമാര ഗര്‍ഭം എന്നീ വാക്കുകളൊക്കെ അധ്യാപകരുടെ പരിശീലന പുസ്തകത്തില്‍ നിന്നുപോലും നീക്കം ചെയ്യപ്പെട്ടു.
പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലെ അധ്യാപകരാണ് കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 7000 സ്ക്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതി പക്ഷേ, ലൈംഗികതയെ മാത്രം അടിസ്ഥാനമാക്കിയല്ല. മയക്കുമരുന്ന് ഉപയോഗം മുതല്‍ സൗന്ദര്യ സംരക്ഷണം വരെ ഈ പാഠ്യപദ്ധതി ചര്‍ച്ച ചെയ്യുന്നുണ്ട്.












Click it and Unblock the Notifications