പൊതുസ്ഥലത്ത് പ്രണയിച്ചാല്‍ മുടി മുറിയ്ക്കും
റിയാദ്: പൊതുസ്ഥലത്ത് പരസ്യമായി പ്രണയ പ്രകടനം നടത്തിയാല്‍ യുവാക്കളുടെ നീളമുള്ള മുടി മുറിച്ചു കളയാന്‍ ഉത്തരവ്. വടക്കന്‍ സൗദി അറേബ്യയിവെ ഗവര്‍ണറാണ് ഇത്തരത്തിലൊരു നിയമം പാസാക്കിയിരിക്കുന്നത്.
ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സൌദി അറേബ്യയിലെ അല്‍-ക്വറായത് പ്രവിശ്യയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍കളോട് പൊതു സ്ഥലത്തുവച്ച് സംസാരിക്കുകയും അവരോടൊപ്പം കറങ്ങി നടക്കുകയും ചെയ്യുന്ന യുവാക്കള്‍ക്കാണ് മുടി നഷ്ടമാവാന്‍ പോവുന്നത്.
ഇവര്‍ നിയമ വിരുദ്ധമായി പൊതു സ്ഥലത്ത് പ്രണയ പ്രകടനം നടത്തിയതിനെതിരെ വടക്കന്‍ അല്‍-ജോഫ് പ്രവിശ്യാ ഗവര്‍ണര്‍ പ്രിന്‍സ് ഫഹദ് ബിന്‍ ബാദറാണ് ശിക്ഷ പുറപ്പെടുവിച്ചത്. എന്നാല്‍ ആരെയും ഉപദ്രവിക്കാതെ ഒഴിവുസമയം പൊതുസ്ഥലത്ത് ചെലവഴിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.
ഇത്തരത്തില്‍ ഇസ്ലാമിക നിയമം തെറ്റിക്കുന്ന എല്ലാ യുവാക്കള്‍ക്കും ഇതേ ശിക്ഷ നല്‍കാന്‍ ഫഹദ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അല്‍-ഹയാത് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ശിക്ഷയില്‍ നിന്ന് ഉന്നതരുടെ മക്കളെയും ഒഴിവാക്കരുത് എന്നാണ് നിര്‍ദ്ദേശം.
സൌദി അറേബ്യയില്‍ പൊതു സ്ഥലങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒത്തുചേരുന്നത് ശിക്ഷാര്‍ഹമാണ്. സ്ത്രീകള്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ അണിയുക ശിരോവസ്ത്രവും പര്‍ദ്ദയും നേരാംവിധം അണിയാതിരിക്കുക, അന്യപുരുഷന്മാരുമായി സംസാരിക്കുക എന്നീകാര്യങ്ങള്‍ സൗദിയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.
കടകള്‍ ദിവസം അഞ്ചുപ്രാവശ്യം പ്രാര്‍ത്ഥനകള്‍ക്കായി അടച്ചിടുന്നുണ്ടോ, ജനങ്ങള്‍ പള്ളികളില്‍ പോകുന്നുണ്ടോ എന്നീ കാര്യങ്ങളൊക്കെ നിരീക്ഷിക്കാനും നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് അറിയാനും പ്രത്യേക നിരീക്ഷണ സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications