മദ്യനിര്‍മ്മാണം പ്രതിസന്ധിയിലേയ്ക്ക്
തിരുവനന്തപുരം : എക്സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോളിന് (ഇഎന്‍എ) സര്‍ക്കാര്‍ ചുമത്തിയ അഞ്ചു ശതമാനം ലെവി സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ നിര്‍മ്മാണം പ്രതിസന്ധിയിലാക്കുന്നു.
അധിക നികുതി അടച്ച് മദ്യനിര്‍മ്മാണം ലാഭകരമല്ലാത്തതിനാല്‍ കേരളത്തിലേയ്ക്ക് ഇഎന്‍എ കൊണ്ടുവരാന്‍ മദ്യക്കമ്പനികള്‍ തയ്യാറാകുന്നില്ല. ഇക്കഴിഞ്ഞ 15നാണ് ഇഎന്‍എയ്ക്ക് അഞ്ച് ശതമാനം ലെവി ചുമത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തു വന്നത്.
സംസ്ഥാനത്തെ മദ്യവില്‍പനയില്‍ നിന്ന് വന്‍ലാഭമാണ് സര്‍ക്കാര്‍ നേടുന്നത്. ഒരു രൂപ പോലും മുടക്കുമുതലില്ലാതെ വമ്പന്‍ വരവുളള മദ്യവിപണിയെ കറവപ്പശുവാക്കി മാറ്റാനുളള നീക്കമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. നൂറു ശതമാനത്തിലേറെ നികുതി ചുമത്തിയാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കേരളത്തില്‍ വില്‍ക്കുന്നത്.
കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് ഇഎന്‍എ കൊണ്ടുവരുന്നത്. നികുതി ഏര്‍പ്പെടുത്തുന്നതോടെ ഒരു കേസ് മദ്യത്തിന് 35 രൂപയിലധികം വര്‍ദ്ധനയാണ് നിര്‍മ്മാണ ചെലവിലുണ്ടാകുന്നത്. ഇത് തങ്ങളുടെ ലാഭത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് കമ്പനികള്‍ കേരളത്തിലേയ്ക്ക് ഇഎന്‍എ കൊണ്ടുവരുന്നത് നിര്‍ത്തിയത്.
ഇഎന്‍എയ്ക്ക് ഏര്‍പ്പെടുത്തിയ ലെവി വിലകുറഞ്ഞ മദ്യങ്ങളുടെ ലഭ്യതയെയാണ് ബാധിക്കുക. കേരളത്തിലെ മദ്യവിപണിയില്‍ 65 ശതമാനത്തിന്റെ വില്‍പനയും നടക്കുന്നത് വില കുറഞ്ഞ ബ്രാന്‍ഡുകളാണ്. അതിനാല്‍ സംസ്ഥാനത്തിന്റെ എക്സൈസ് വരുമാനത്തെ ലെവി സാരമായി ബാധിക്കാനിടയുണ്ട്.












Click it and Unblock the Notifications