ഇരുപതുകാരിയെ മധ്യവയ്‌സ്‌ക്കന് വിറ്റ മൂന്നു പേര്‍ പിടിയില്‍
ചണ്ഡീഗഡ്: ഇരുപതുകാരിയെ മധ്യവയസ്‌ക്കനു വിറ്റ മുന്നു പേരെ ഹരിയാന പോലീസ് അറസ്‌റ്റു ചെയ്‌തു. ആസാമില്‍ നിന്നുള്ള ഇരുപതുകാരിയാണ് ചണ്ഡീഗഡിലുള്ള സംഘം നാല്‌പതുകാരനായ മധ്യവയസ്‌ക്കന് വിറ്റത്.
ഹരിയാനയില്‍ സ്‌തീകള്‍ കുറവുള്ള ചില ഗ്രാമങ്ങളില്‍ നിന്നും മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ സ്‌ത്രീകളെ വാങ്ങുന്നത് ഭാര്യയാക്കാനാണെങ്കില്‍ മറ്റു ചിലര്‍ ലൈഗിംകാവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി മാത്രമാണ്. ഇത്തരത്തില്‍ വിലയ്‌ക്കെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ മാംസ വ്യാപാരത്തിനായി ഉപയോഗിക്കപ്പെടുന്ന സാഹചര്യവും ഇവിടെയുണ്ട്.
ആസാമില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ കൊടുത്താണ് വീട്ടുകാര്‍ക്ക് കൊടുത്താണ് ഇത്തരം സംഘങ്ങള്‍ പെണ്‍കുട്ടികളെ വിലയ്‌ക്കെടുക്കുന്നത്. പിന്നീട് വന്‍ ലാഭമെടുത്ത് ഇവര്‍ തന്നെ ഈ പെണ്‍കുട്ടികളെ മറിച്ചു വില്‌ക്കുകയും ചെയ്യും. ഒറ്റക്കച്ചവടത്തില്‍ തന്നെ പതിനായിരം മുതല്‍ 25000 രൂപ വരെ ലാഭം കിട്ടാറുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സുന്ദരികളായ സ്‌ത്രീകള്‍ക്ക് എത്ര പണം വേണമെങ്കിലും മുടക്കാന്‍ ഇവിടങ്ങളിലെ സമ്പന്നര്‍ തയാറാണ്. ഹരിയാനയ്‌ക്കടുത്തുള്ള സൂര്യനഗര്‍ ബസാറില്‍ സ്‌ത്രീകളെ പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടക്കാറുണ്ടെന്ന് പറയപ്പെടുന്നു.
സ്‌ത്രീകളെ വില്‌പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് സിഭാഷ് കബിരാജ് പറഞ്ഞു. ഇപ്പോള്‍ പിടിയിലായ മൂന്നു പേര്‍ക്കെതിരെയും തട്ടിക്കൊണ്ടു പോകലിനും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആസ്സാമിലെ ലക്ഷ്‌മിപൂരില്‍ നിന്നും ഏഴ് സ്‌ത്രീകളെ ഇവിടെയെത്തിച്ച് വില്‌പന നടത്തിയെന്നും എന്നാലിവരെക്കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ലെന്നും പിടിയിലായവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ കച്ചവടം ചെയ്യപ്പെട്ട ഒരു സ്‌ത്രീ പോലീസിലെത്തി പരാതി നല്‌കിയതോടെയാണ് സംഭവത്തെക്കുറിച്ച് പുറം ലോകമറിയുന്നത്.












Click it and Unblock the Notifications