ഭരണപ്പാര്‍ട്ടിയുടെ ഭൂമിത്തരികിട
മൂന്നാര്‍ : നാണം കെട്ടും ഭൂമി നേടിയാല്‍, നാണക്കേട് ഭരണം നികത്തുമെന്ന പുതിയ പ്രത്യയശാസ്ത്ര പാഠം രചിക്കുകയാണ് സിപിഐ.
തങ്ങളുടെ പാര്‍ട്ടി ഓഫീസിന് രവീന്ദ്രന്‍ പട്ടയം വേണ്ടെന്ന് എഴുതിക്കൊടുത്തുവെന്ന വീരവാദത്തിന്റെ പുകയടങ്ങും മുമ്പെ ഭൂമി സ്വന്തം വരുതിയില്‍ നിലനിര്‍ത്താന്‍ പാര്‍ട്ടി കളിച്ച ഭരണക്കളി പുറത്തായി. ഇതുവരെ അവകാശപ്പെട്ടിരുന്നതിനെക്കാള്‍ കൂടുതല്‍ സ്ഥലം പാര്‍ട്ടി കയ്യടക്കിയിരുന്നുവെന്നും സര്‍വെയില്‍ നിന്നും വെളിപ്പെട്ടിട്ടുണ്ട്.
സിപിഐയുടെ റിസോര്‍ട്ട് ഭൂമിക്ക് നല്‍കിയ രവീന്ദ്രന്‍ പട്ടയം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദേവികുളം തഹസീല്‍ദാര്‍ റദ്ദാക്കിയതിന് പിന്നാലെ ഭൂമി പതിച്ചു നല്‍കാനുളള ഉത്തരവ് റവന്യൂ മന്ത്രി നേരിട്ടിറക്കി.
പട്ടയം റദ്ദാക്കാനുളള ഉത്തരവ് തിരുത്തി, റദ്ദാക്കലും പതിച്ചു നല്‍കലും ഒരുത്തരവില്‍ തന്നെ പുറത്തുവരാനെടുത്തത് കേവലം ഒരു ദിവസം. ഇതോടെ ഏഴു സെന്റിന്മേല്‍ പാര്‍ട്ടിക്ക് ഉടമസ്ഥാവകാശം ലഭിച്ചു.
ഏഴു സെന്റിന് തങ്ങള്‍ക്ക് ചെമ്പു പട്ടയുമുണ്ടെന്ന് വാദത്തിന്റെയും ചെമ്പു തെളിഞ്ഞിട്ടുണ്ട്. ഈ വിവാദങ്ങളത്രയുമുണ്ടായിട്ടും സ്ഥലത്തിന്റെ പട്ടയം ഹാജരാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
ചെമ്പു പട്ടയമുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെട്ട സ്ഥലത്തല്ല, മറിച്ച് പാട്ട ഭൂമിയിലാണ് വിവാദ റിസോര്‍ട്ട് പണിതിരിക്കുന്നതെന്നും സര്‍വെ രേഖകളില്‍ നിന്ന് വെളിപ്പെടുന്നുണ്ട്.
തങ്ങളുടെ സ്വന്തമെന്ന് സിപിഐ അവകാശപ്പെടുന്ന ഏഴു സെന്റിന് നിയമപരമായ അവകാശം ഉറപ്പിക്കുന്നതിനാണ് പട്ടയം റദ്ദാക്കണമെന്ന വെളിയത്തിന്റെ അപേക്ഷയും അതിന്മേലുളള റവന്യൂ മന്ത്രിയുടെ അസാധാരണ ഉത്തരവും. ചെമ്പു പട്ടയമുണ്ടെന്ന് ചാനല്‍ ചര്‍ച്ചകളിലും പത്ര സമ്മേളനങ്ങളിലും പറയുന്നതല്ലാതെ ഇതുവരെ അത് ഹാജരാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായിട്ടില്ല.
കണ്ണന്‍ ദേവന്‍ വില്ലേജിലെ സ്പെഷ്യല്‍ ഗ്രാന്റ് തണ്ടപ്പേരിലുളള സര്‍വെ 62/29 ലെ ഏഴ് സെന്റ് സ്ഥലത്തിലാണ് സിപിഐ ഇതുവരെ അവകാശവാദം ഉന്നയിച്ചിരുന്നത്. അതിനൊപ്പമുളള നാലു സെന്റ് വിരിവും ചേര്‍ത്ത് 11 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കാനാണ് പാര്‍ട്ടി നേതാവ് കെ ഇ ഇസ്മായില്‍ റവന്യൂ മന്ത്രിയായിരുന്ന കാലത്ത് സിപിഐ രവീന്ദ്രന്‍ പട്ടയം സ്വന്തമാക്കിയത്.
വിവാദം മുറുകിയപ്പോള്‍ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി കണ്ട വഴി രവീന്ദ്രന്‍ പട്ടയം തങ്ങള്‍ക്ക് വേണ്ടെന്ന് പ്രഖ്യാപിക്കലാണ്. എന്നാല്‍ അതിന്റെ പേരില്‍ അരങ്ങേറിയ കളികള്‍ സിപിഐയുടെ മുഖം വീണ്ടും വികൃതമാക്കി.
ഏഴു സെന്റിന്റെ ചെമ്പു പട്ടയം ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പട്ടയം റദ്ദാക്കാന്‍ ഉത്തരവ് നല്‍കിയ അതേ ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ പഴയ ഉത്തരവ് റദ്ദു ചെയ്ത് സ്ഥലം പതിച്ചു കൊടുക്കാനുളള ഉത്തരവ് പാര്‍ട്ടിക്ക് നല്‍കുകയും ചെയ്ത.
മൂന്നാറില്‍ പതിനൊന്നര സെന്റ് കൈവശമുണ്ടെന്നാണ് സിപിഐ ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സര്‍വെ കഴിഞ്ഞപ്പോള്‍ ഈ ഭൂമി പതിനെട്ടര സെന്റാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതില്‍ പതിനൊന്ന് സെന്റിന്റെ രവീന്ദ്രന്‍ പട്ടയമാണ് ഇപ്പോള്‍ റദ്ദ് ചെയ്തത്.
ഈ ഭൂമി എന്തു ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ പാര്‍ട്ടി തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications