സ്‌കൂള്‍ ഹാന്‍ഡ് ബുക്കില്‍ ഗാന്ധി ചിത്രത്തിനു പകരം തവളയുടെ ചിത്രം
കാസര്‍കോഡ്: ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്‌ത സ്‌കൂള്‍ ഹാന്‍ഡ് ബുക്കില്‍ ഗാന്ധി ചിത്രത്തിനു പകരം തവളയുടെ ചിത്രം.
വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കടുത്ത അനാസ്ഥയ്‌ക്ക് തെളിവായി അഞ്ച് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്‌തിട്ടുള്ള ഹാന്‍ഡ് ബുക്കിലാണ് ഗാന്ധി ചിത്രത്തിനു പകരം തവളയുടെ ചിത്രം അച്ചടിച്ച് വന്നിട്ടുള്ളത്.
ഹാന്‍ഡ് ബുക്കിനുള്ളിലെ ഒരു പേജില്‍ ഒക്ടോബര്‍ രണ്ട് എന്ന തീയതിയ്‌ക്കു താഴെയായി ഒരു പച്ച തവളയുടെ ചിത്രമാണുള്ളത്. ചിത്രത്തിനു താഴെ ഗാന്ധി ജയന്തി എന്ന് എഴുതിയതിനു പുറമെ മഹാത്മാ ഗാന്ധിയുടെ ഒരു വചനവും ചേര്‍ത്തിട്ടുണ്ട്.
ഇടത് സര്‍ക്കാര്‍ സ്‌കൂള്‍ പാഠ പുസ്‌തകങ്ങളിലൂടെ കമ്മ്യൂണിസം പ്രചരിപ്പിയ്‌ക്കുകയാണെന്നാരോപണവുമായി പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ സ്‌കൂള്‍ ഹാന്‍ഡ് ബുക്കും വിവാദമായിരിക്കുകയാണ്.
ഇന്ത്യന്‍ സ്വതന്ത്യ സമരത്തിന് നേതൃത്വം കൊടുത്ത ഗാന്ധിയും നെഹ്‌റുവും പോലുള്ള സമര സേനാനികളെക്കാള്‍ കൂടുതല്‍ പ്രധാന്യം കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ക്ക് പാഠ പുസ്‌തകങ്ങളില്‍ നല്‌കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പാഠ പുസ്‌തകങ്ങള്‍ തയ്യാറാക്കുന്ന കരിക്കുലം കമ്മിറ്റി രാഷ്ട്രീയ ചായ്‌വോടെയാണ് പ്രവര്‍ത്തിയ്‌ക്കുന്നതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ഹാന്‍ഡ് ബുക്കില്‍ ഗാന്ധി ചിത്രത്തിനു പകരം തവളയുടെ ചിത്രം വന്നത് അച്ചടി പിശകാണെന്ന നിലപാടിലാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പധികൃതര്‍.
തെറ്റായ ചിത്രം അടിച്ചു വന്ന ഹാന്‍ഡ് ബുക്കുകള്‍ വിദ്യാര്‍ഥികളില്‍ നിന്നും തിരിച്ചെടുത്ത് തവളയുടെ ചിത്രത്തിനു മേലെ ഗാന്ധി ചിത്രം പതിപ്പിയ്‌ക്കാനാണ് അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം.












Click it and Unblock the Notifications