പൊലീസ് വലവിരിച്ചു; 50 പൂവാലന്മാര്‍ കുടുങ്ങി
ചെന്നൈ: നഗരത്തില്‍ അമ്പത് പൂവാലന്മാര്‍ പൊലീസ് വിരിച്ച വലയില്‍വീണു. നഗരത്തില്‍ സ്‌ത്രീകളെ ശല്യം ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്താണ് പൊലീസ് പൂവാലവേട്ടയ്‌ക്കിറങ്ങിയത്.
വനിതാ പൊലീസുകാരുടെ സഹകരണത്തോടെയാണ് പൊലീസ് പൂവാലന്മാര്‍ക്കായി കെണിയൊരുക്കിയത്. വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരും കോണ്‍സ്‌റ്റബിള്‍മാരുമുള്‍പ്പെട്ട നാലുസംഘങ്ങള്‍ കോളെജ് വിദ്യാര്‍ത്ഥികളുടെ വേഷമണിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയാണ് പൂവാലന്മാരെ കുരുക്കിയത്.
രണ്ടുദിവസം നീണ്ടുനിന്ന ഉദ്യമത്തിനൊടുവില്‍ വലയിലായവരില്‍ കൗമാരക്കാര്‍പോലും ഉള്‍പ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. വേഷം മാറിയ വനിതാ പൊലീസുകാര്‍ ബസുകളില്‍ സഞ്ചരിക്കുകയും ബസ് സ്റ്റോപ്പുകളില്‍ ബസ് കയറാനെന്ന വ്യാജേന നില്‍ക്കുകയും ചെയ്‌താണ് പൂവാലന്മാരെ പിടികൂടിയത്- ജോയിന്റ് കമ്മീഷണര്‍ എന്‍ രവി പറഞ്ഞു.
വേഷം മാറിയ വനിതാ പൊലീസുകാര്‍ക്ക് വോക്കി ടോക്കികള്‍ നല്‍കിയിരുന്നു. ഇതവര്‍ കയ്യിലുള്ള ബാഗില്‍ ഒളിപ്പിച്ചു. ശല്യം ചെയ്യുന്നവരെ കണ്ടെത്തിയാല്‍ ഇവര്‍ വാക്കിടോക്കി മുഖാന്തരം പട്രോളിംഗ് നടത്തുന്ന സംഘത്തിന് വിവരം കൈമാറും. തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി ശല്യക്കാരെ പിടികൂടും. ഈരീതിയാണ് ദൗത്യത്തിനായി പൊലീസ് ഉപയോഗിച്ചത്.
മുമ്പ് നടത്തിയ ഇത്തരം ശ്രമങ്ങളില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ടാണ് ഇത്തവണ ചെന്നൈ പൊലീസ് പൂവാല വേട്ടക്കിറങ്ങിയത്. മുമ്പത്തെ തവണ വനിതാ പൊലീസുകാരുടെ പ്രായവും മറ്റും ഇതിന് പ്രശ്‌നങ്ങളായിരുന്നു. വേഷം മാറിയെത്തിയിട്ടും പ്രായക്കൂടുതലുള്ള വനിതകളെ പൂവാലന്മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ചുരുക്കം. ചിലരാണെങ്കില്‍ അപകടം മണത്ത് പിന്‍മാറുകയും ചെയ്‌തു.
അതിനാല്‍ ഇത്തവണ വനിതാ സേനയില്‍ നിന്നും കണ്ടാല്‍ കോളെജ് കുമാരികളെന്ന് തോന്നിക്കുന്നവരെ തിരഞ്ഞുപിടിച്ച് വേഷം മാറ്റിയാണ് വേട്ടക്കിറക്കിയത്. രാവിലെ തുടങ്ങി വൈകിട്ടുവരെ ഇവര്‍ ഡ്യൂട്ടിയിലായിരുന്നു. വനിതാ കോളെജുകളുടെ പരിസരത്തും സ്‌കൂള്‍ പരിസരത്തുമൊക്കെയാണ് കൂടുതല്‍പ്പേരെയും വിന്യസിച്ചത്.
സ്‌ത്രീകളെ ശല്യം ചെയ്യുന്നവരുടെ കൂട്ടത്തില്‍ കൗമാരക്കാരുടെ എണ്ണം കൂടിവരുകയാണെന്ന കാര്യം അമ്പരപ്പുളവാക്കുന്നുവെന്ന് പൊലീസുകാര്‍ പറയുന്നു. ഇവരില്‍ ചിലരെയൊക്കെ അറസ്റ്റുചെയ്‌തശേഷം ജുവനൈല്‍ ഹോമുകളിലേയ്‌ക്ക് അയക്കുകയും മറ്റുചിലരെ താക്കീത് നല്‍കി വീട്ടിലേയ്‌ക്ക് പറഞ്ഞുവിടുകയുമായിരുന്നു.












Click it and Unblock the Notifications