ഹലോയ്ക്ക് ബൈ ബൈ, ഇനി യൊ യൊ
ലണ്ടന്‍: ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേപോലെ ഉപയോഗിക്കുന്ന വാക്ക് 'ഹലോ'യായിരിക്കും. ഫോണ്‍ സംഭാഷണങ്ങള്‍ക്ക് തുടക്കമിടാന്‍ ഉപയോഗിക്കുന്ന ഈ വാക്ക് പ്രായഭേദമെന്യേ എല്ലാവരും ഉപയോഗിച്ചുവരുന്നതാണ്.
എന്നാല്‍ പുതിയ തലമുറയ്‌ക്ക് ഈ പഴഞ്ചന്‍ വാക്കിനോടും രീതിയോടുമുള്ള മതിപ്പ് നഷ്ടപ്പെട്ടുതുടങ്ങിയെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.
ബ്രിട്ടനില്‍ നടന്ന ഒരു പുതിയ പഠനത്തിലാണ് ഫോണ്‍ സംഭാഷണത്തിലെ സാമ്പ്രദായിക രീതിയെ പുത്തന്‍ തലമുറ തിരിത്തിക്കുറിക്കുന്നതായി കണ്ടെത്തിയത്. ബ്രിട്ടണിലെ 2,000 ടെലിഫോണ്‍ ഉപയോക്താക്കളിലാണ് പഠനം നടത്തിയത്.
പഠനത്തില്‍ ഉള്‍പ്പെടുത്തിയ 18നും 24നുമിടയില്‍ പ്രായമുള്ള യുവജനങ്ങളില്‍ മൂന്നിലൊരു ഭാഗം പേരും ഫോണ്‍ സംഭാഷണങ്ങളില്‍ 'ഹലോ'യെന്ന വാക്ക് ഉപയോഗിക്കാന്‍ ഇഷ്ടമില്ലെന്നാണ് വെളിപ്പെടുത്തിയത്. 'ഹലോ'യ്‌ക്ക് പരം 'ഹൈ', 'യൊ', 'വാട്‌സ് അപ്പ് 'തുടങ്ങിയ പുതിയ ഉപചാരവാക്കുകള്‍ ഉപയോഗിക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.
സര്‍വ്വേയില്‍ പങ്കെടുത്ത കുട്ടികളും മുതിര്‍ന്നവരും കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ തങ്ങളുടെ ടെലിഫോണ്‍ സംഭാഷണ രീതിയിലും അഭിസംബോധനയിലും കാര്യമായ വ്യത്യാസങ്ങള്‍ വന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. ടെലിഫോണ്‍ സംഭാഷണങ്ങള്‍ അനൗപചാരികമായതും മൊബൈലുകളും മൊബൈല്‍ സന്ദേശങ്ങളും വ്യാപകമായതുമാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ടെലിഫോണിനോളം തന്നെ പഴക്കമേറിയതാണ് ഹലോയെന്ന വാക്കും. 1876ല്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ചപ്പോള്‍ 'അഹോയ്-ഹോയ്' എന്ന വാക്കുപയോഗിച്ചാണത്രേ ആദ്യത്തെ സന്ദേശം സ്വീകരിച്ചത്. അക്കാലത്ത് കപ്പല്‍ റേഡിയോകളില്‍ അഭിസംബോധനയ്‌ക്കായി ഉപയോഗിച്ചിരുന്ന വാക്കായിരുന്നു അത്.
പിന്നീട് അമേരിക്കന്‍ ശാസ്‌ത്രജ്ഞനായ തോമസ് ആല്‍വാ എഡിസണ്‍ ഈ വാക്കിനെ 'ഹലോ'യെന്ന് പരിഷ്‌കരിച്ചു. തുടര്‍ന്ന് 1883ല്‍ ഈ വാക്ക് ഡിക്ഷ്‌ണറിയില്‍ ഇടം നേടുകയുംചെയ്‌തു.












Click it and Unblock the Notifications