താരമാകാന്‍ പോയി തളര്‍ന്നുപോയ ഷിന്‍ജിനി
ബാംഗ്ലൂര്‍: റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് മക്കള്‍ കാറും ഫ്ലാറ്റും സ്വര്‍ണ്ണവുമെല്ലാം വാരിക്കൂട്ടുകയും താരപരിവേഷത്തിനുടമകളാവുകയും ചെയ്യുന്നത് സ്വപ്‌നം കണ്ട് നടക്കുന്നവരാണ് മിക്ക മാതാപിതാക്കളും.
പലരും ഇതിനായി കുട്ടികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ മക്കളെ താരങ്ങളാക്കാന്‍ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ സ്വന്തം കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുകൂടി ഒന്നോര്‍ക്കു.
റിയാലിറ്റി ഷോകളിലൂടെ താരപരിവേഷമണിയുന്നതിന് പകരം നിങ്ങളുടെ മകനോ മകളോ മാനസികമായും ശാരീരികമായും തളര്‍ന്നുപോയാലുള്ള അവസ്ഥയെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ. കൊല്‍ക്കത്ത സ്വദേശിനിയായ ഷിന്‍ജിനി സെന്‍ഗുപ്‌ത(16)യുടെ വിധിയിതായിരുന്നു.
കുറച്ചുകാലം മുമ്പ് ബംഗാളി ടിവി സീരിയലുകളിലും ഒരു സിനിമയിലും അഭിനയിക്കുകയും നൃത്ത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്‌തിരുന്ന മിടുക്കിയായ ഷിന്‍ജിനി ഇന്ന് തളര്‍ന്ന ശരീരവും മനസ്സുമായി ഒരു വാക്കുപോലും മിണ്ടാന്‍ കഴിയാതെ കിടക്കുകയാണ്.
ബംഗാളി ടിവി ചാനല്‍ നടത്തിയ ഒരു നൃത്ത പരിപാടിക്കിടെ വിധികര്‍ത്താക്കള്‍ നടത്തിയ രൂക്ഷമായ വിമര്‍ശനമാണ് ഷിന്‍ജിനിയെ തളര്‍ത്തിക്കളഞ്ഞത്. ചടങ്ങില്‍ പരസ്യമായി വിമര്‍ശിക്കപ്പെട്ടവിഷമം ഷിന്‍ജിനിയെ ഒരു വിഷാദരോഗിയാക്കി. പിന്നീട് പതിയെ സംസാരശേഷി നഷ്ടപ്പെടുകയും കാലുകള്‍ തളരുകയും ചെയ്‌തു.
ഇപ്പോള്‍ ബംഗ്ലൂരിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ് ഈ പെണ്‍കുട്ടി. എന്താണ് ഷിന്‍ജിനിയുടെ രോഗമെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. എംആര്‍ഐ, സിടി സ്‌കാനുകളൊക്കെ നടത്തിയെങ്കിലും രോഗം എന്താണെന്ന് വ്യക്തമായില്ല.
ഷിന്‍ജിനിക്കാണെങ്കില്‍ ഒന്നും പറയാനും കഴിയുന്നില്ല. കുറച്ച് ദിവസം മുമ്പുവരെ തനിക്കാവശ്യമുള്ള കാര്യം ഷിന്‍ജിനിയ്‌ക്ക് എഴുതിക്കാണിക്കാന്‍ കഴിഞ്ഞിരുന്നുവത്രേ. എന്നാലിപ്പോള്‍ ഈ കഴിവും നഷ്ടപ്പെട്ടെന്ന് ഷിന്‍ജിനിയുടെ അമ്മ ശിബാനി സെന്‍ഗുപ്‌ത പറയുന്നു.












Click it and Unblock the Notifications