കുറ്റം ചെയ്‌തത് 37ാം വയസ്സില്‍ പിടിയിലായത് 70ല്‍
തിരുവനന്തപുരം: മുപ്പത്തിയേഴാമത്തെ വയസ്സില്‍ ഡ്രാഫ്‌റ്റ് തട്ടിപ്പ് നടത്തിയയാളെ 33വര്‍ഷങ്ങള്‍ക്കുശേഷം ക്രൈം ബ്രാഞ്ച് പിടികൂടി. ആര്യനാട് തേവിയാര്‍ കുന്ന് സ്വദേശി ഉണ്ണിപ്പിള്ളയെന്ന പരമേശ്വരന്‍ പിള്ളയാണ് കുറ്റം ചെയ്‌ത് 33വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റിലായത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് കോടതി മൂന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. തിരുവനന്തപുരം ആര്‍എംഎസില്‍ നിന്നും വിദേശ ഡ്രാഫ്‌റ്റുകള്‍ മോഷ്ടിച്ച് ആള്‍മാറാട്ടം നടത്തി ബാങ്കുകളില്‍ നിന്നും പണം അപഹരിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
പതിനായിരം രൂപയോളം ഇയാളും കേസിലെ ഒന്നാം പ്രതി കെ.ജി സുകുമാരന്‍ നായരും ചേര്‍ന്ന് കൈയ്‌ക്കലാക്കിയിരുന്നു. സുകുമാരന്‍ നായര്‍ തിരുവനന്തപുരം ആര്‍എംഎസിലെ പോസ്‌റ്റുമാനായിരുന്നു.
കേരളത്തിലെ പല ബാങ്കുകളിലായി പല പേരുകളില്‍ അക്കൗണ്ട് തുറന്നാണ് ഇവര്‍ ഡ്രാഫ്‌റ്റുകള്‍ മാറിയത്. അവസാനം 1200 രൂപയുടെ ഡ്രാഫ്‌റ്റ് മാറുന്ന സമയത്താണ് ഇവര്‍ കുടുങ്ങിയത്. ലോക്കല്‍പൊലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് സുകുമാരന്‍നായരെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തു. ഇതിനിടയില്‍ പ്രതികള്‍ ഒളിവില്‍പ്പോവുകയായിരുന്നു.
തുടര്‍ന്ന് 1978ല്‍ പരമേശ്വരന്‍ പിള്ളയെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കേസന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ജൂലൈ 14ന് അന്വേഷണത്തിന്റെ ഭാഗമായി പാറണ്ടോട്ടുള്ള ഒരു മുറുക്കാന്‍ കടയില്‍ച്ചെന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് അവിടെയുണ്ടായിരുന്ന പ്രതി വന്ന് ക്രൈംബ്രാഞ്ച് ഉദ്യഗോസ്ഥരാണെന്നറിയാതെ കേസിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ പറഞ്ഞു.
സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഭാര്യയ്‌ക്കൊപ്പം ഇയാള്‍ വ്യാജമേല്‍വിലാസത്തില്‍ താമസിക്കുകയായിരുന്നുവെന്നും ഒന്നാം പ്രതിയ്‌ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications