അധ്യാപകന്റെ കൊല, ലീഗിന് തിരിച്ചടിയാവുന്നു
കോഴിക്കോട് : ആണവക്കരാറിന്റെ പേരില്‍ സംഘടനയിലാരംഭിച്ച അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിക്കവേ, പാഠപുസ്തകത്തിനെതിരെയുളള സമരത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടത് മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയാവുന്നു.
യുപിഎ സര്‍ക്കാരില്‍ നിന്ന് കേന്ദ്രമന്ത്രി ഇ അഹമ്മദ് രാജി നല്‍കണമെന്നും വേണ്ടെന്നും പ്രബലമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ പടരവെയാണ് ഈ കൊലപാതകം. അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗത്തിന് നേരെ നടത്തിയ പ്രതിഷേധത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതോടെ മുസ്ലിം സംഘടനകള്‍ ലീഗിനെതിരെ തിരിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് മാറ്റി വെച്ചത് ഇതിന് ഉദാഹരണമാണ്.
ലീഗിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിക്കുന്ന സമരരീതിയോട് നേരത്തെ തന്നെ ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. മലപ്പുറത്ത് പാഠപുസ്തകങ്ങള്‍ കത്തിച്ചതിനെതിരെ കാന്തപുരം അബൂബേക്കര്‍ മുസിലിയാര്‍ പരസ്യമായ വിമര്‍ശനം ഉയര്‍ത്തി.
മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലുളള എംഇഎസ്, ജമായത്തെ ഇസ്ലാമി, മുജാഹിദ്ദ് മടവൂര്‍ വിഭാഗങ്ങളാണ് ലീഗിന്റെ സമരശൈലിയില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നത്. ലീഗിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് തങ്ങളെ കരുവാക്കുകയാണെന്ന് ഇവര്‍ കരുതുന്നു.
പാഠപുസ്തകത്തിന്റെ കോപ്പികള്‍ പരസ്യപ്പെടുത്തി ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകള്‍ രംഗത്തു വന്നതോടെ പൊതുവികാരം പുസ്തകത്തിന് അനുകൂലമാണെന്ന് ഈ സംഘടനകള്‍ വിലയിരുത്തുന്നു. പാഠപുസ്തകം മുന്‍നിര്‍ത്തിയുളള സമരത്തിന് ബഹുജന പിന്തുണയില്ലെന്ന് കെഎസ്‍യു സംസ്ഥാന നേതൃത്വത്തില്‍ അഭിപ്രായമുയര്‍ന്നതും പുറത്തു വന്നു.
വിദഗ്ധ സമിതിയുടെ ശിപാര്‍ശയനുസരിച്ച് ചില തിരുത്തലുകള്‍ക്ക് സര്‍ക്കാര്‍ തയ്യാറായതോടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ലീഗ് ഒഴിച്ചുളള മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സാമുദായിക ഐക്യം മുന്‍നിര്‍ത്തി പങ്കെടുക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
അതിനിടെയാണ് ക്ലസ്റ്റര്‍ യോഗസ്ഥലത്തെ സംഘര്‍ഷം ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. ഇതോടെ പൊതുജനവികാരം സമരത്തിന് തീര്‍ത്തും എതിരായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി മുന്നോട്ടു പോകാനാവില്ലെന്ന് വിവിധ മുസ്ലിം സംഘടനകള്‍ നിലപാട് സ്വീകരിച്ചു. ഒടുവില്‍ മുസ്ലിം ലീഗിനും ഈ ആവശ്യത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു.
പിഡിപി പോലുളള സംഘടനകള്‍ അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലീഗിനെതിരെ കടുത്ത ആക്രമണമാണ് നടത്തുന്നത്. ആണവക്കരാര്‍ പ്രശ്നത്തിലും ഈ വിധത്തിലുളള ആക്രമണം ലീഗ് നേരിടുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ പുലര്‍ത്തുന്ന വിജയപ്രതീക്ഷയില്‍ ഈ സംഭവങ്ങള്‍ തിരിച്ചടിയാകുമോ എന്ന് ഭയക്കുകയാണ് യുഡിഎഫിലെ ഒരു വിഭാഗം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications