ബാംഗ്ലൂരില്‍ ഏഴിടത്ത് സ്‌ഫോടനം; 2 മരണം

Subscribe to Oneindia Malayalam


സുരക്ഷ മെച്ചപ്പെടുത്തും
ബാംഗ്ലൂരിലെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കര്‍ണാടക മന്ത്രിസഭയുടെ അടിയന്തര യോഗം. സ്ഫോടനത്തെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘം. സംസ്ഥാനത്തെ സാധാരണ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികളാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ.

സമാധാനം പാലിക്കണമെന്ന് നഗരവാസികളോട് മുഖ്യമന്ത്രിയുടെ ആഹ്വാനം. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഇരുപത്തി അയ്യായിരവും രൂപവീതം ധനസഹായം നല്‍കാനും കര്‍ണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചു.
7.20PM


മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം സഹായം
ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
6.50PM

സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു
കര്‍ണാടക, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പ്രകാശ് ജസ്വാള്‍
6.47PM

ഐടിയെ സംരക്ഷിക്കാന്‍ സിഐഎസ്എഫ്
ബാംഗ്ലൂര്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഐടി സ്ഥാപനങ്ങളുടെ സുരക്ഷ സിഐഎസ്എഫിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സിഐഎസ്എഫ് ആക്ട് ഉടന്‍ ഭേദഗതി ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അറിയിച്ചു.
6.13PM

രഹസ്യാന്വേഷണ സംവിധാനം പൂര്‍ണ പരാജയം
വീണ്ടും ഒരിക്കല്‍ കൂടി ബാംഗ്ലൂര്‍ നഗരം സ്‍ഫോടനങ്ങളില്‍ നടങ്ങുമ്പോള്‍ തെളിയുന്നത് കേന്ദ്ര സംസ്ഥാന സുരക്ഷാ ഏജന്‍സികളുടെ പൂര്‍ണ പരാജയം. ഒരു മണിക്കൂറിനുളളില്‍ പത്തു മിനിട്ട് ഇടവേളയില്‍ പൊട്ടിയ ബോംബുകള്‍ ചെറിയ നാശനഷ്ടമേ ഉണ്ടാക്കിയുളളൂവെന്നതില്‍ ആശ്വസിക്കാമെങ്കിലും ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന ഭീതി ജനങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്.
5.51PM

സോണിയയുടെ പ്രതികരണം
സ്‍ഫോടനം നടത്തിയത് ഭീരുത്വമെന്ന് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ.
5.45PM

സര്‍ക്കാരിന് സഹായ വാഗ്ദാനം

കേന്ദ്ര ആഭ്യന്തര ശിവരാജ് പാട്ടീല്‍ സ്ഫോടനങ്ങളെ അപലപിച്ചു. സംസ്ഥാന സര്‍ക്കാരിന് സഹായ വാഗ്ദാനം
5.35PM

സിമി, ലഷ്കര്‍ ബന്ധം ആരോപിക്കുന്നത് ദുരൂഹം
സ്ഫോടനം നടന്നയുടനെ സിമി, ലഷ്കര്‍ ബന്ധം ആരോപിക്കുന്നത് ദുരൂഹം. പ്രഹര ശേഷി കുറഞ്ഞ സ്ഫോടന പരമ്പരയും പ്രമുഖസ്ഥാപനങ്ങളൊന്നും തകരാത്തതും സംശയാസ്പദം. സ്ഫോടനത്തിന് വെള്ളിയാഴ്ച തിരഞ്ഞെടുത്തതും കരുതിക്കൂട്ടിയെന്ന് സംശയം
4.45PM

സ്‌ഫോടന പരമ്പര: മലയാളി സമൂഹം പരിഭ്രാന്തിയില്‍

മലയാളികള്‍ ഏറെ വസിയ്‌ക്കുന്ന ദക്ഷിണ ബംഗ്ലൂരിലാണ്‌ സ്‌ഫോടന പരമ്പരയുണ്ടായതെന്ന്‌ നഗരത്തിലെ മലയാളി സമൂഹത്തെ ഏറെ പരിഭ്രാന്തിയിലാഴ്‌ത്തി. മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന മഡിവാളയിലായിരുന്നു ആദ്യ സ്‌ഫോടനമുണ്ടായത്‌.

പിന്നീട്‌ സ്‌ഫോടനങ്ങള്‍ അരേങ്ങേറിയ കോറമംഗല, ശിവാജി നഗര്‍ എന്നിവിടങ്ങളിലും മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളാണ്‌്‌. സ്‌ഫോടനം നടന്ന വിവരം വാര്‍ത്താ ചാനലുകളിലൂടെ അറിഞ്ഞ്‌ കേരളത്തിലുള്ളവര്‍ ഇവിടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളെയുമൊക്കെ ഫോണിലൂടെയും ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പലര്‍ക്കും അതിന്‌ കഴിഞ്ഞില്ല. ഒട്ടു മിക്ക മൊബൈല്‍ കമ്പനികളുടെയും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നാണിത്.
4:44 PM

സ്ഫോടനത്തിന് ഉപയോഗിച്ചത് ജലാറ്റിനാകാമെന്ന് പൊലീസ്
ബോംബ് സ്ക്വാഡുകള്‍ സ്ഥലത്തെത്തി. എല്ലാ സ്ഫോടനങ്ങളും നടന്നത് പത്തു മിനിട്ട് ഇടവേളയില്‍. ബോബ് പൊട്ടിച്ചത് ടൈമര്‍ ഉപയോഗിച്ച്. ജലാറ്റിനാകാം സ്ഫോടനവസ്തുവെന്ന് പൊലീസ്
4.35 PM

5മണിക്ക് അടിയന്തര മന്ത്രിസഭായോഗം

നഗരത്തിലുണ്ടായ സ്ഫോടനപരന്പരയെത്തുടര്‍ന്ന് സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി അഞ്ചുമണിക്ക് അടിയന്തരമന്ത്രിസഭായോഗം ചേരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ അറിയിച്ചു.
4: 30 PM

സ്‌ഫോടനം: അഭയാര്‍ഥി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌

ബാംഗ്ലൂരിലുണ്ടായ എട്ടു സ്‌ഫോടനങ്ങളും അഭയാര്‍ഥി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
4: 26 PM

75 മിനിറ്റില്‍ ഏഴ്‌ സ്‌ഫോടനം
വെള്ളിയാഴ്‌ച 1.20ന്‌ മഡിവാള ബസ്‌ സ്‌റ്റോപ്പില്‍ ആദ്യ സ്‌ഫോടനം നടന്നതിന്‌ ശേഷം 75മിനിറ്റിനുള്ളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴോളം സ്‌ഫോടനങ്ങളാണ്‌ നടന്നത്‌. മഡിവാളയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. ലക്ഷ്‌മി (60) ആണ്‌ മരിച്ചത്‌.

വിവിധ സ്ഥല്‌ങ്ങളില്‍ ബോംബ്‌ പൊട്ടിയ സമയം
1.25ന്‌ മൈസൂര്‍ റോഡ്‌
1.40 അഡുഗോഡി
2.10 കോറമംഗല
2.25 വിറ്റല്‍ മല്ലയ്യ
2.30 ലാങ്‌ഫോര്‍ഡ്‌‌
2.35 ശിവാജി നഗര്‍
4:10 PM

സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ സിമിയും എല്‍ഇടിയും?

നഗരത്തെ ഞെട്ടിച്ച്‌ സ്‌ഫോടന പരമ്പര തുടരവെ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ ഭീകര സംഘടനകളായ സിമിയുടെയും എല്‍ഇടിയ്‌ക്കും പങ്കുണ്ടെന്നാണ്‌ പോലീസിന്റെ ആദ്യ നിഗമനം. നടന്ന സ്‌ഫോടനങ്ങളെല്ലാം ഭീകര സംഘടനയായ ഹുജി മുമ്പ്‌ നടത്തിയ സ്‌ഫോടനങ്ങളോട്‌ സാദൃശ്യമുള്ളതായും ബോബ്‌ സ്‌ഫോടന വിദഗ്‌ദ്ധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. നഗരത്തില്‍ നിന്നും അടുത്ത കാലത്തായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടിരുന്നതായി ആക്ഷേപമുണ്ടായി. ഇതിനെ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോഴുണ്ടായ ബോംബ്‌ സ്‌ഫോടനങ്ങള്‍. വന്‍ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കിടയില്‍ പോലും തീവ്രവാദി സംഘങ്ങള്‍ നുഴഞ്ഞു കയറിയതായി ഭീകരവിരുദ്ധ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
3: 55 PM

മെട്രോകളില്‍ സുരക്ഷ കര്‍ശനമാക്കി
ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന്‌ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും സുരക്ഷ കര്‍ക്കശമാക്കി. മെട്രോ നഗരങ്ങളിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം സൈനിക അര്‍ദ്ധ സൈനികരെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. രാജ്യത്തെ ഐടി തലസ്ഥനമായ ബാംഗ്ലൂരിലുണ്ടായ സ്‌ഫോടനം ഐടി മേഖലയെ ബാധിയ്‌ക്കുമോയെന്നും ആശങ്കയുണ്ട്‌.

3:51PM

മൊബൈല്‍ ഫോണുകള്‍ നിലച്ചു
സ്‌ഫോടന പരമ്പര നടന്നതറിഞ്ഞ്‌ പരിഭ്രാന്തരായ ജനങ്ങള്‍ കൂട്ടത്തോടെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെ നഗരത്തിലെ മൊബൈല്‍ ഫോണ്‍ സേവനം തകരാറിലായി. എല്ലാ മൊബൈല്‍ കമ്പനികളുടെയും സംവിധാനങ്ങള്‍ തിരക്ക്‌ മൂലം സ്‌തംഭിച്ചിരിയ്‌ക്കുകയാണ്‌.
3: 35 PM

കൂടുതല്‍ സ്ഫോടനങ്ങളുണ്ടായതായി സംശയം
മഡിവാളയിലാണ് ആദ്യ സ്ഫോടനം ഉണ്ടായതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്രി പറഞ്ഞു. ശിവാജി നഗര്‍, ശാന്തി നഗര്‍ എന്നിവിടങ്ങളിലും സ്ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ടൈമറുകള്‍ ഘടിപ്പിച്ച ബോംബാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
3:33 PM


തീവ്രവാദി ആക്രമണമെന്ന് സംശയം
നഗരത്തെ ഞെട്ടിച്ച സ്‌ഫോടന പരമ്പരകള്‍ക്കു പിന്നില്‍ തീവ്രവാദ അക്രമമെന്നാണ്‌ പോലീസിന്റെ ആദ്യ നിഗമനം. സ്‌ഫോടനം നടന്ന പ്രദേശങ്ങളുടെ നിയന്ത്രണം ഇപ്പോള്‍ പോലീസും ബോംബ്‌ സ്‌ഫോടക വിദഗ്‌ദ്ധരും ഏറ്റെടുത്തിട്ടുണ്ട്‌.
3:21 PM


സ്ഫോടനത്തെത്തുടര്‍ന്ന് നഗരം വിജനമായി
സ്ഫോടനത്തെത്തുടര്‍ന്ന് നഗരത്തിലെ സ്കൂളുകള്‍ വിട്ടു. ഷോപ്പിംഗ് മാളുകളും, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ട്. സ്ഫോടനത്തെത്തുടര‍്ന്ന് നഗരത്തിലെ ഗതാഗതസംവിധാനം താറുമാറായി.
3:18 PM

മരണം രണ്ടായി
സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചിട്ടുണ്ടെന്ന് പൊലീസ്. സ്ഫോടനങ്ങളെല്ലാം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ .
3: 13PM

ഉപയോഗിച്ചത് ക്രൂഡ് ബോംബെന്ന് സംശയം
ക്രൂഡ് ബോംബാണ് സ്ഫോടനത്തിയായി ഉപയോഗിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ്. നയന്തഹള്ളി, അഡുഗോഡി, മഡിവാള, ശിവാജി നഗര്‍, കോറമംഗള, മൈസര്‍ റോഡ് എന്നിവിടങ്ങളിലായാണ് ആറ് സ്ഫോടനങ്ങള്‍ നടന്നത്.


മരിച്ചത് സ്ത്രീയാണെന്ന് റിപ്പോര്‍ട്ട്
മഡിവാളയില്‍ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളെജിന് സമീപത്തായാണ് സ്ഫോടനം ഉണ്ടായത്. ഇവിടെയുണ്ടായ സ്ഫോടനത്തിലാണ് ഒരാള്‍ മരിച്ചത്. മരിച്ചത് സ്ത്രീയാണെന്നാണ് സൂചന.
3.01 PM

ആറിടത്ത് സ്ഫോടനം
നൈനതഹള്ളി(മൈസൂര‍് റോഡ്), ശിവാജി നഗര്‍ എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആറുസ്ഥലങ്ങളില്‍ സ്ഫോടനമുണ്ടായിട്ടുണ്ട്.
2:56PM

ബാംഗ്ലൂരില്‍ സ്ഫോടന പരന്പര
ബാംഗ്ലൂര്‍: നഗരത്തില്‍ മൂന്നിടത്തായുണ്ടായ ബോംബ്‌ സ്‌ഫോടനങ്ങളില്‍ ഒരാള്‍ മരിയ്‌ക്കുകയും ഇരുപതോളം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു.

മഡിവാള, സര്‍ജാപൂര്‍ റോഡ്‌, കോറമംഗള എന്നിവിടങ്ങളിലാണ്‌ സ്‌ഫോടനമുണ്ടായിരിക്കുന്നത്‌. പന്ത്രണ്ട്‌ മിനിറ്റ്‌ വ്യത്യാസത്തിലാണ്‌ മൂന്ന്‌ സ്‌ഫോടനങ്ങളും നടന്നത്‌.

സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചിട്ടുണ്ടെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ഉച്ചതിരിഞ്ഞ് ഒന്നരയോടുകൂടിയാണ് ആദ്യ സ്ഫോടനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

2:45PM

Please Wait while comments are loading...