ബൈബിളില്‍ സാരിയുടുത്ത മറിയവും തലപ്പാവ് ധരിച്ച ജോസഫും
മുംബൈ: ബൈബിളിന്റെ ഇന്ത്യന്‍ പതിപ്പില്‍ സാരി ധരിച്ച കന്യാമറിയവും ടര്‍ബന്‍ ധരിച്ച ജോസഫും. ഇന്ത്യയ്‌ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഈ കമ്യൂണിറ്റി ബൈബില്‍ കൂടുതല്‍ ഇന്ത്യക്കാരെ ക്രൈസ്‌തവമതവുമായി അടുപ്പിക്കുമെന്നാണ് വത്തിക്കാന്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ പാഞ്ചാത്യ സഭാസമൂഹങ്ങള്‍ കന്യാമറിയത്തെയും ജോസഫിനെയും ഇത്തരത്തില്‍ വേഷംമാറ്റി ചിത്രീകരിച്ചതിനെ നിരാകരിക്കുകയാണ്. ഇന്ത്യക്കാര്‍ക്കായി തയ്യാറാക്കിയ ഈ ബൈബിള്‍ ക്രൈസ്‌തവരെ മാത്രമല്ല ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദൈവവചനത്തോട് കൂടുതല്‍ അടുപ്പിക്കുമെന്ന് ഈയിടെ നടന്ന ബൈബിള്‍ പ്രകാശനച്ചടങ്ങില്‍ മുംബൈ ആര്‍ച്ച് ബിഷപ്പ് ഒസ്വാള്‍ഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടത്.
റോമന്‍ കത്തോലിക്കാസഭ ജൂണില്‍ പുറത്തിറക്കിയ ഈ ബൈബിളിന്റെ 30,000 പ്രതികള്‍ ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ദൃശ്യങ്ങളുടെയും വിഗ്രഹങ്ങളുടെയും മഹാത്മാഗാന്ധി, മദര്‍ തെരേസ എന്നിവരുടെയും ചിത്രങ്ങള്‍ ഈ ബൈബിളിലുണ്ട്.
ക്രിസ്‌തുമതം എന്തെന്ന് വിശദീകരിക്കുമ്പോള്‍ത്തന്നെ ഇതിനിടയില്‍ രാമായണവും മഹാഭാരതവും ഉദ്ധരിച്ചിട്ടുണ്ട്. ദൈവവചനത്തെ പ്രാദേശിക പശ്ചാത്തലത്തില്‍ വിവരിക്കുകയാണ് ചെയ്‌തിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പിന്റെ വക്താവ് ഫാദര്‍ ടോണി ചരങ്ങാട്ട് പറഞ്ഞു.
വളരെ ലളിതമായ ഇംഗ്ലീഷാണ് വിവരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദുമതവും ഇസ്ലാംമതവും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മതമാണ് ക്രിസ്‌തുമതം. 24 മില്യണ്‍ ക്രിസ്‌ത്യാനികളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്ക്. ഇതില്‍ 17 മില്യണും കത്തോലിക്കരാണ്.












Click it and Unblock the Notifications