അക്രമം; കോടതി ചോട്ടുനായയെ വെറുതെവിട്ടു
പൂര്‍ണിയ: നാട്ടിലെ ക്രമസമാധാനം നശിപ്പിക്കുന്നുവെന്ന നാട്ടുകാരുടെ ആരോപണത്തെത്തുടര്‍ന്ന് നിയമക്കുരുക്കിലായ ചോട്ടുവെന്ന നായയെ കോടതി വെറുതെ വിട്ടു.
ബീഹാറിലെ പൂണിയ ജില്ലയിലെ ഒരു ഗ്രാമത്തിലെ വിധവയായ രാജ്‌കുമാദേവിയുടെ വളര്‍ത്തുപട്ടിയായ ചോട്ടുവാണ് ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ കോടതി കയറിയത്. അയല്‍പക്കക്കാരെയും വഴിപോക്കരെയും ഉപദ്രവിക്കുന്നുവെന്നതായിരുന്നു ചോട്ടുവിനെതിരായ കുറ്റം.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോട്ടുവിനെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. നാട്ടില്‍ മഹാശല്യക്കാരനെന്ന് പേരെടുത്ത ചോട്ടുപക്ഷേ മനുഷ്യരേക്കാള്‍ ശാന്തനായാണത്രേ കോടതിയില്‍ പെരുമാറിയത്. എല്ലാവരും കരുതിയത് അച്ചടക്കം ലംഘനം നടത്തുകവഴി ചോട്ടുവിനെതിരെ കോടതിയലക്ഷ്യനടപടികൂടിവരുമെന്നാണ്.
എന്നാല്‍ അതീവ ശാന്തിനായി ചോട്ടു കോടതി നടപടികളോട് സഹകരിച്ചു. കോടതിയില്‍ ഒട്ടേറെയാളുകളുണ്ടായിട്ടും ചോട്ടു ആര്‍ക്കും നേരെ കുരയ്ക്കുക പോലും ചെയ്തില്ല. ഒട്ടേറെയാളുകളുള്ള കോടതിയില്‍ ഇത്തരത്തില്‍ പെരുമാറിയസ്ഥിതിയ്‌ക്ക് ചോട്ടുവിനെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് ചോട്ടുവിന് വേണ്ടി ഹാജരായ അഭിഭാഷന്‍ ദിലീപ് കുമാര്‍ വാദിച്ചു.
ഈ വാദവും കോടതിയിലെ ചോട്ടുവിന്റെ പെരുമാറ്റവും കണക്കിലെടുത്തുകൊണ്ട് ചോട്ടുവിനെ വെറുതെ വിട്ടതായി മജിസ്‌ട്രേട്ട് ഉത്തരവിടുകയായിരുന്നു. ഏതൊരു നായയ്‌ക്കും ഒരു ദിവസമുണ്ടെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് അന്നത്തെ ദിവസം ചോട്ടു കോടതിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയത്.
രാജ്‌കുമാരീ ദേവിയുടെ അമ്മ ജാനകീ ദേവിയാണ് ചോട്ടുവിനെ എടുത്ത് വളര്‍ത്തിയത്. അമ്മയുടെ മരണശേഷം ചോട്ടു വിധവയായ രാജ്‌കുമാരീദേവിയുടെ സംരക്ഷകനായി. മക്കളില്ലാത്ത ഇവര്‍ക്ക് ചോട്ടു മകനെപ്പോലെയാണ്. അസൂയാലുക്കളായ നാട്ടുകര്‍ തന്റെ വസ്‌തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചോട്ടുവിന്റെ കടിയേറ്റതെന്നും അല്ലാതെ ചോട്ടു ആരെയും ഉപദ്രവിക്കില്ലെന്നുമാണ് രാജ്‌കുമാരി പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications