കാസര്‍കോട് കിന്‍ഫ്രയില്‍ ഏവിയേഷന്‍ ഫാക്ടറി
കാസര്‍കോട്: ഇന്ത്യയിലെ പ്രമുഖ ഏവിയേഷന്‍ നിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് 200 കോടിയുടെ തന്ത്രപ്രധാനമായ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കമ്പനി കേരളത്തില്‍ സ്ഥാപിയ്‌ക്കുന്നു. കാസര്‍കോട്ടെ കിന്‍ഫ്രാ പാര്‍ക്കില്‍ 200 ഏക്കറില്‍ ഫാക്ടറി സ്ഥാപിയ്‌ക്കാനാണ് എച്ച്‌എഎല്‍ പദ്ധതിയിട്ടിരിയ്‌ക്കുന്നത്.
ഫാക്ടറിയുടെ ശിലാസ്ഥാപനം ആഗസ്റ്റ് 23ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി നിര്‍വഹിയ്‌ക്കും. ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീമും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.
പുതിയ സംരംഭം ഹൈദ്രാബാദിലെ എവിയോണിക്‌സ് ഡിവിഷന്റെ തുടര്‍ച്ചയായിട്ടായിരിക്കും. കാസര്‍കോട്ടെ ഫാക്ടറി ഭാവിയില്‍ പുതിയ എയര്‍ക്രാഫ്‌റ്റുകളുടെ നിര്‍മാണത്തിന് വരെ സാധ്യമാക്കുന്ന തരത്തിലായിരിക്കും നിര്‍മ്മിയ്‌ക്കുക.
എവിയേഷന്‍ രംഗത്തെ പ്രധാനപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങളായ കമ്മ്യൂണിക്കേഷന്‍, റഡാര്‍, നാവിഗേഷന്‍, കമ്പ്യൂട്ടറുകള്‍, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ എന്നിവയാണ് ഹൈദ്രാബാദിലെ എവിയോണിക്‌സ് ഡിവിഷനില്‍ ഇപ്പോള്‍ നിര്‍മ്മിയ്‌ക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയ്‌ക്കാണ് എച്ച്‌എഎല്‍ ഈ ഉപകരണങ്ങളെല്ലാം നല്‌കുന്നത്.
കാസര്‍കോട്ട് സ്ഥാപിയ്‌ക്കുന്ന ഫാക്ടറി 2009-10 വര്‍ഷത്തെ മൂന്നാം പാദത്തില്‍ പൂര്‍ത്തിയാക്കാനാണ്‌ലക്ഷ്യമിട്ടിരിയ്ക്കുന്നത്. ഫാക്ടറിയ്‌ക്ക് ആവശ്യമായ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും 99 വര്‍ഷത്തെ പാട്ടത്തിന് സംസ്ഥാന സര്‍ക്കാരാണ് നല്‌കുന്നത്.
പുതിയ ഫാക്ടറിയുടെ വരവോടെ സംസ്ഥാനത്തെ വ്യവസായിക ഭൂപടത്തില്‍ കാസര്‍കോട്ടെ കിന്‍ഫ്രാ പാര്‍ക്കിന്റെ പ്രധാന്യം വര്‍ദ്ധിയ്ക്കും.












Click it and Unblock the Notifications