15കാരി പ്രസവിച്ച കുഞ്ഞിനെ 2000 രൂപക്ക് വിറ്റു
കാസര്‍കോട്: നിരന്തര പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച സംഭവം പോലീസ് ഒതുക്കി തീര്‍ത്തതായി ആരോപണം. ബന്തടുക്കയ്‌ക്കടുത്തുള്ള കോളനിയിലെ 15 കാരിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്.
കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ച പെണ്‍കുട്ടിയെ കുഞ്ഞിനെ 2000 രൂപയ്‌ക്ക് കുമ്പള സ്വദേശിനിയ്‌ക്ക് വിറ്റുവെങ്കിലും പെണ്‍കുട്ടിയുടെ മാതാവിന്റെ വാക്കാലുള്ള പരാതി പ്രകാരം പോലീസ് കുഞ്ഞിനെ വീണ്ടെടുത്ത് നല്‌കി. ഇത്രയൊക്കെ സംഭവമുണ്ടായിട്ടും പോലീസ് കേസെടുത്തില്ലായെന്നാണ് ആരോപണമുയര്‍ന്നിരിയ്‌ക്കുന്നത്.
കോളനിയ്‌ക്ക് സമീപത്തുള്ള ജെസിബി ഉടമയുടെ വീട്ടില്‍ ജോലി ചെയ്യവെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പറയപ്പെടുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഈ മാസം 18ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡിപ്പിച്ചയാളുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നത്രേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രസവിച്ച ശേഷം കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടു വരരുതെന്നായിരുന്നു ധാരണ. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഈ ധാരണയെക്കുറിച്ചറിവില്ലായിരുന്നുവെന്നും പറയപ്പെടുന്നു.
ഈ മാസം 19ന് പെണ്‍കുട്ടി പ്രസവിച്ചു. പ്രസവിച്ചയുടനെ കുമ്പള സ്വദേശിനിയ്‌ക്ക് കുഞ്ഞിനെ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയ്‌ക്കൊപ്പം 25,000 രൂപയ്‌ക്കുള്ള ഇലക്ട്രോണിക്‌സ് സാധനങ്ങളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ കുഞ്ഞില്ലാതെയെത്തിയ പെണ്‍കുട്ടിയെ സ്വീകരിയ്‌ക്കാന്‍ പിതാവ് തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ബേഡകം പോലീസിനെ സമീപിയ്‌ക്കുകയും കുഞ്ഞിനെ വീണ്ടെടുക്കുകയുമായിരുന്നു.
കുഞ്ഞിനെ കണ്ടെത്തിത്തരാമെന്നേറ്റ പോലീസ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് പറഞ്ഞുവെന്ന് ആക്ഷേപമുണ്ട്.
പ്രശ്‌നത്തില്‍ നാട്ടുകാരും ചില സംഘടനകളും ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പരാതി ലഭിയ്‌ക്കാതെ കേസെടുക്കാന്‍ പറ്റില്ലായെന്നാണ് പോലീസിന്റെ നിലപാട്.












Click it and Unblock the Notifications