മാനസിക പീഡനം: പ്രിന്‍സിപ്പല്‍ കന്യാസ്‌ത്രീ പദവി ഉപേക്ഷിച്ചു
തൃശൂര്‍: കത്തോലിക്കാ സഭയുടെ മാനസിക പീഡനം സഹിയ്‌ക്കാന്‍ കഴിയാതെ കോളെജ് പ്രിന്‍സിപ്പല്‍ കന്യാസ്‌ത്രീ പദവി ഉപേക്ഷിച്ചു.
തൃശൂര്‍ സെന്റ് മേരീസ് കോളെജ് പ്രിന്‍സിപ്പല്‍ സി. ജിസ്‌മിയാണ് താന്‍ കന്യാസ്‌ത്രീപട്ടം ഉപേക്ഷിയ്‌ക്കുന്നതായി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. സ്വാശ്രയ കോളെജ് ഫീസ് നിര്‍ണയത്തിലും ന്യൂനപക്ഷാവകാശ പ്രശ്‌നത്തിലും സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കത്തോലിക്കാസഭ നടത്തിയ പ്രകനടനങ്ങളെ വിമര്‍ശിച്ചതിനാണ് തന്നെ സഭ മാനസികമായി പീഡിപ്പിച്ചതെന്ന് ജിസ്‌മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എനിക്ക് മാനസിക രോഗമുണ്ടെന്ന് പ്രചരിപ്പിച്ച് നിശബ്ദയാക്കാന്‍ സഭയ്‌ക്കുള്ളിലെ പ്രമുഖര്‍ ശ്രമിയ്‌ക്കുകയാണ്. സ്വാശ്രയ പ്രശ്‌നത്തില്‍ സഭ റാലികള്‍ സംഘടിപ്പിയ്‌ക്കുന്നതിലെ അപാകതകള്‍ ഞാന്‍ ചൂണ്ടിക്കാട്ടി.
സഭയുടെ ഭാഗത്തും ചില തെറ്റുകളുണ്ടെന്ന് ഞാന്‍ റാലിയുടെ സംഘാടകരായ പുരോഹിതന്‍മാരോട് പറഞ്ഞു. നമുക്ക് ദൈവം അനുഗ്രഹിച്ച് ധാരാളം പണം ലഭിയ്‌ക്കുന്നുണ്ട്.
പിന്നെന്തിനാണ് സ്വാശ്രയപണമെന്ന് ഞാന്‍ ചോദിച്ചു. ഇതെ തുടര്‍ന്നാണ് എന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
എനിക്ക് മാനസിക രോഗമുണ്ടെന്നും ചികിത്സ വേണമെന്നും മദര്‍ ജനറല്‍ എഡ്വേര്‍ഡ് എന്നോടു പറഞ്ഞു. രോഗത്തിന് മരുന്ന് കഴിപ്പിയ്‌ക്കാനും പോട്ട ധ്യാന കേന്ദ്രത്തില്‍ പോകാനും നിര്‍ബന്ധിച്ചെങ്കിലും താന്‍ അതിന് വഴങ്ങിയില്ല. സഭയുടെ പീഡനങ്ങള്‍ക്കിരയാവുന്ന ഒട്ടേറെ പേരുണ്ട്. ഭയം മൂലമാണ് അവര്‍ ഒന്നും പറയാത്തതെന്നും ജിസ്‌മി പറഞ്ഞു.
സിസ്റ്റര്‍ ജിസ്‌മിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് പത്രക്കുറിപ്പ് ഇറക്കി.
സന്യാസം ഉപേക്ഷിയ്‌ക്കാനുള്ള ജിസ്‌മിയുടെ തീരുമാനത്തെ സഭ മാനിയ്‌ക്കുന്നുവെന്നും എന്നാല്‍ അതിന്റെ മറവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്നും പത്രക്കുറിപ്പിലുണ്ട്.












Click it and Unblock the Notifications