പീഡനം: സിപിഎം പഞ്ചാബ്‌ സെക്രട്ടറിയെ സസ്‌പെന്റ്‌ ചെയ്‌തു
ദില്ലി: പാര്ട്ടി പ്രവര്ത്തകന്റെ വിധവയോട് അപമര്യാദയായി പെരുമാറിയ സിപിഎം പഞ്ചാബ് സംസ്ഥാന സെക്രട്ടറിയെ കേന്ദ്ര നേതൃത്വം സസ്പെന്റ് ചെയ്തു.
പ്രൊഫസര് ബല്വന്ത് സിങിനെയാണ് കേന്ദ്ര നേതൃത്വം സസ്പെന്റ് ചെയ്തതത്. ഇദ്ദേഹത്തിന് പകരം മുതിര്ന്ന നേതാവ് ചരണ് സിങ് വിര്ദിയെ ആക്ടിങ് സെക്രട്ടറിയായി നിയമിച്ചു.
പഞ്ചാബ് സംസ്ഥാന സിമിതിയംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സംയുക്ത യോഗത്തില് അഖിലേന്ത്യാ ജനറല് സെക്രട്ടറി പ്രകാശ് കാരാട്ടാണ് ബല്വന്തിനെതിരായ നടപടി പ്രഖ്യാപിച്ചത്.
ഇത്തരമൊരു പ്രവൃത്തി ചെയ്ത ബല്വന്തിനെതിരെ ഇതിലും കടുത്ത നടപടിയെടുക്കായിരുന്നു ഉദ്ദേശിച്ചതെന്നും എന്നാല് വിശദീകരണം നല്കാന് അദ്ദേഹത്തിന് ഒരു അവസരം കൂടി നല്കുകയാണെന്നും കാരാട്ട് പറഞ്ഞു. എന്നാല് ഇപ്പോള് വിദേശത്ത് മകള്ക്കൊപ്പം കഴിയുന്ന സിങ് വിശദീകരണവുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കില്ലെന്നാണ് സൂചന.
സെപ്റ്റംബര് ആദ്യവാരത്തിലാണ് ഇദ്ദേഹത്തിനെതിരെ ആരോപണമുയര്ന്നത്. സന്ഗ്രൂറിലെ ഒരു പാര്ട്ടി പ്രവര്ത്തകന്റെ വിധവയാണ് ബല്വന്തിനെതിരെ പരാതി നല്കിയത്. ഇവര് പാര്ട്ടിപ്രവര്ത്തക കൂടിയാണ്. പ്രകാശ് കാരാട്ടിന് നേരിട്ടാണ് ഇവര് പരാതി നല്കിയത്.
തുടര്ന്ന് സിങിനെതിരെ അന്വേഷണം നടത്താന് വൃന്ദാ കാരാട്ട്, എസ് രാമചന്ദ്രന് പിള്ള, നീലോല്പല് ബസു എന്നിവരെ ചുമതലപ്പെടുത്തി. ആരോപണത്തില് കഴമ്പുണ്ടെന്ന് ഇവരുടെ അന്വേഷണത്തില് തെളിഞ്ഞതിനെത്തുടര്ന്നാണ് നടപടി.
ഇതിന് മുമ്പും സിങ് പല വിവാദങ്ങളിലും ഉള്പ്പെട്ടിരുന്നെങ്കിലും മുന് ജനറല് സെക്രട്ടറി ഹര്കിഷന് സിങ് സുര്ജിത്തിന്റെ സംരക്ഷണത്തില് ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications