തീവണ്ടിയില്‍ യുപിക്കാരനെ തല്ലിക്കൊന്നു
മുംബൈ: തീവണ്ടിയില് കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഉത്തര്പ്രദേശുകാരനെ മുംബൈയില് ഒരു സംഘമാളുകള് മര്ദ്ദിച്ചു കൊലപ്പെടുത്തി.
25കാരനായ ധരംദേവാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. റെയില്വെ പരീക്ഷയെഴുതാന് വന്ന ഉത്തരേന്ത്യക്കാരെ അക്രമിയ്ക്കുകയും ബസില് തോക്കുമേന്തി ഭീഷണി മുഴക്കിയ ബീഹാറി യുവാവിനെ വെടിവെച്ചു കൊല്ലുകയും ചെയ്ത സംഭവങ്ങള്ക്കെതിരെയുള്ള പ്രതിഷേധങ്ങള് അടങ്ങുന്നതിന് മുമ്പാണ് യുപിക്കാരനായ യുവാവ് തീവണ്ടിയില് കൊല്ലപ്പെട്ടിരിയ്ക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 20 ഓളെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപാവലി ആഘോഷിയ്ക്കുന്നതിന് നാട്ടിലേക്ക് പോകുന്നതിനായാണ് ധരംദേവും സുഹൃത്തുക്കളും ഖെപ്പോളിയില് നിന്ന് മുംബൈയിലേക്ക് തീവണ്ടി കയറിയത്.
എന്നാല് വണ്ടിയിലുണ്ടായിരുന്ന മറ്റൊരു സംഘം പ്രകോപനമൊന്നുമില്ലാതെ ഇവരെ അക്രമിയ്ക്കുകയായിരുന്നു. ജനലിനടുത്ത സീറ്റില് ഇരിയ്ക്കുകയായിരുന്ന ധരംദേവിനോട് മാറിയിരിക്കാന് ആവശ്യപ്പെട്ടാണ് ഇവര് അക്രമമാരംഭിച്ചത്.
ദേവും കൂട്ടരും യുപിക്കാര് ആണെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് അക്രമം ആരംഭിച്ചതെന്നും റിപ്പോര്ട്ടുകളുണ്ട്. മര്ദ്ദനമേറ്റ് ദേവ് അബോധവസ്ഥയിലായതോടെ അക്രമിസംഘം കര്ജത്ത് സ്റ്റേഷനില് ഇറങ്ങിപ്പോകുകയും ചെയ്തു.
തുടര്ന്ന് ദേവിനെ ആര്പിഎഫ് സംഘം എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.
സംഭവത്തിന്റെ ഗൗരവം കുറച്ച് കാണുന്ന രീതിയില് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്.ആര് പാട്ടീലിന്റെ പ്രസ്താവന കൂടുതല് വിവാദങ്ങളുയര്ത്തിയിട്ടുണ്ട്.
സംഭവത്തില് അറസ്റ്റിലായ അക്രമി സംഘത്തില് സ്വദേശി വാദമുയര്ത്തുന്ന എംഎന്എസ് പ്രവര്ത്തകരുണ്ടോയെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ തീവണ്ടികളും യാത്രക്കാരും നിരന്തരമായി അക്രമിയ്ക്കപ്പെടുന്ന സംസ്ഥാനങ്ങളിലെ സര്വീസുകള് നിര്ത്തിവെയ്ക്കുമെന്ന് റയില്മന്ത്രി ലാലുപ്രസാദ് യാദവ് മുന്നറിയിപ്പ് നല്കി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications