സിറ്റി ഗ്രൂപ്പ് അരലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കുന്നു
ന്യൂയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അമേരിക്കയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ സിറ്റി ഗ്രൂപ്പ് 52,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഇക്കൊല്ലം പിരിച്ചുവിട്ട 23,000 ജീവനക്കാര്‍ക്ക് പുറമെയാണ് ഇത്രയും പേരെ കൂടി ഒഴിവാക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേഓഫാണ് സിറ്റി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്. ഇതിന് മുമ്പ് 1993ല്‍ ഐബിഎം 60,000 ജീവനക്കാരെ ഒഴിവാക്കിയതാണ് ഏറ്റവും വലിയ ലേഓഫ്.
പിരിച്ചുവിടല്‍ പൂര്‍ത്തിയാകുന്നതോടെ അമേരിക്കന്‍ ബാങ്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റി ഗ്രൂപ്പിന് ആഗോളതലത്തിലുള്ള ജീവനക്കാരുടെ എണ്ണം മൂന്ന് ലക്ഷമായി കുറഞ്ഞേക്കും.
ലേഓഫ്, യൂണിറ്റ് വില്‌പന തുടങ്ങിയ വാര്‍ത്തകളോട് സിറ്റി ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓഹരി വില മെച്ചപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് സിറ്റി ഗ്രൂപ്പ് സിഇഒ വിക്രം പണ്ഡിറ്റ് കടുത്ത നടപടികള്‍ സ്വീകരിയ്‌ക്കുമെന്നാണ് സൂചനകള്‍.
കഴിഞ്ഞയാഴ്‌ച കമ്പനിയുടെ ഓഹരി വില പത്ത് ഡോളറിനും താഴെപ്പോയിരുന്നു. 1998ല്‍ ട്രാവലേഴ്‌സ് ഗ്രൂപ്പ് ഇന്‍കോര്‍പറേറ്റഡും സിറ്റി കോര്‍പും സംയോജിപ്പിച്ച് സിറ്റി ഗ്രൂപ്പ് സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് കമ്പനിയുടെ ഓഹരിവില 10 ഡോളറിന് താഴെ പോകുന്നത്.
ലേഓഫ് വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയുണ്ടായി.
ഇതിനിടെ ഏഷ്യയിലെ പ്രമുഖ ബാങ്കായ എച്ച്‌എസ്‌ബിസിയു 500 ജീവക്കാരെ കൂടി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്‌റ്റംബറില്‍ ബാങ്ക് 1,100 പേരെ പിരിച്ചുവിട്ടിരുന്നു.












Click it and Unblock the Notifications