ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി ഗോദയിലിറക്കാന്‍ സിപിഎ നീക്കം

എറണാകുളം സീറ്റില്‍ മത്സരിയ്‌ക്കാന്‍ പാര്‍ട്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും മമ്മൂട്ടി വഴങ്ങിയിട്ടില്ലെന്നാണ് സൂചന മമ്മൂട്ടി കൊച്ചിയില്‍ മത്സരിയ്‌ക്കാന്‍ തയാറായാല്‍ നിലവില്‍ എറണാകുളത്തെ പ്രതിനിധീകരിയ്‌ക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ എംപിയ്‌ക്ക് മറ്റെതേങ്കിലും മണ്ഡലം നല്‌കാനാണ് സിപിഎം ആലോചിയ്‌ക്കുന്നത്.
യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന എറണാകുളം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിനെ കളത്തിലിറക്കിയാണ് സിപിഎം പിടിച്ചെടുത്തത്. ക്രിസ്‌ത്യന്‍ വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ ലത്തീന്‍ വിഭാഗക്കാരനായ സെബാസ്റ്റ്യന്‍ പോള്‍ എംപിയെ രംഗത്തിറക്കിയ സിപിഎമ്മിന്റെ നീക്കം അന്ന് വിജയം കണ്ടിരുന്നു.
എന്നാല്‍ മാറിയ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളില്‍ സഭ സിപിഎമ്മിനോട് അപ്രഖ്യാപിത യുദ്ധവുമായി മുന്നോട്ട് പോകുമ്പോള്‍ സെബാസ്റ്റ്യന്‍ പോള്‍ എംപിയുടെ മതപരമായ അനുകൂല ഘടകം വലിയ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.
മണ്ഡലം പിടിച്ചെടുക്കാന്‍ ജാതിമത രാഷ്ട്രീയ ഘടകങ്ങള്‍ക്കുപരി ഏവര്‍ക്കും സര്‍വസമ്മതനായ വ്യക്തിയെ വേണമെന്ന കാര്യം പാര്‍ട്ടി മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരമൊരാള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് പാര്‍ട്ടിയെ മമ്മൂട്ടിയില്‍ കൊണ്ടെത്തിച്ചിരിയ്‌ക്കുന്നത്.
മമ്മൂട്ടിയുടെ ഇടതുപക്ഷാനുകൂല മനോഭാവം മുമ്പേ തന്നെ പരസ്യമായ ഒരു രഹസ്യമാണ്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുത്തതും മുമ്പ് രാജ്യസഭാ സീറ്റ് നല്‌കാമെന്ന പാര്‍ട്ടിയുടെ വാഗ്‌ദനവുമെല്ലാം പാര്‍ട്ടിയും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം വെളിവാക്കിയ സംഭവങ്ങളായിരുന്നു. രാജ്യസഭാ സീറ്റ് വാഗ്‌ദാനം പിന്നീട് മമ്മൂട്ടി നിരസിച്ചിരുന്നു.
വൈക്കം ചെമ്പ് സ്വദേശിയായ മമ്മൂട്ടി ഏറെക്കാലമായി എറണാകുളത്താണ് സ്ഥിര താമസം. ഇതും താരത്തിന് അനുകൂലമായ ഘടകമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതാദ്യമായല്ല സിപിഎമ്മിന്റെ പാര്‍ട്ടി ടിക്കറ്റില്‍ ഒരു സിനിമാ താരം ഇലക്ഷനില്‍ മത്സരിയ്‌ക്കുന്നത്.
1999ലെ ലോക്‌സാഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മുരളി മത്സരച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. മുരളിയെ മത്സരത്തിനിറക്കിയ പാര്‍ട്ടിയുടെ അന്നത്തെ നടപടി ഏറെ വിമര്‍ശനവും ഏറ്റു വാങ്ങിയിരുന്നു. അതിനിടെ മമ്മൂട്ടി തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് പള്ളിക്കത്തോട് കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications